Advertisement

കലോത്സവ സ്വാഗതഗാന വിവാദം അന്വേഷിക്കേണ്ടത് പ്രധാനമന്ത്രിയാണോ?, ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്; കെ. മുരളീധരൻ

January 10, 2023
Google News 2 minutes Read
kalolsava Welcome Song Controversy K Muraleedharan reaction

കലോത്സവ സ്വാഗത ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാർ തന്നെയാണ് മറുപടി പറയേണ്ടതെന്ന് കെ. മുരളീധരൻ എം.പി. സംസ്ഥാന സർക്കാർ നടത്തിയ പരിപാടി ആര് അന്വേഷിക്കണമെന്നാണ് പറയുന്നത്. ഇത് പ്രധാനമന്ത്രിയോ കേന്ദ്ര സർക്കാരോ അന്വേഷിക്കണം എന്നാണോ പറയുന്നതെന്നും കെ. മുരളീധരൻ ചോദിച്ചു. ഒരു മതവിഭാഗത്തെ ഭീകരർ ആയി ചിത്രീകരിച്ചത് അന്വേഷിക്കുക തന്നെ വേണം. യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയിൽ അല്ല ഈ സംഭവമുണ്ടായത്. കേരള സർക്കാർ നടത്തിയ പരിപാടിയാണ് കലോത്സവം. അപ്പോൾ അതിന്റെ ഉത്തരവാദിത്വവും സർക്കാരിന് തന്നെയാണെന്നും മുരളീധരൻ വ്യക്തമാക്കി. ( kalolsava Welcome Song Controversy K Muraleedharan reaction ).

Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും

കാശില്ലാത്തവൻ കളിയും കാണേണ്ട, ദ്വീപിൽ ഉള്ളവൻ നഗരവും കാണേണ്ട എന്ന തരത്തിലാണ് കായിക മന്ത്രിയുടെ അഭിപ്രായ പ്രകടനം. സംഘി ഭരിക്കുന്ന സംസ്ഥാനത്ത് അല്ല, കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന സംസ്ഥാനത്ത് ആണ് ഈ അവസ്ഥയെന്ന് ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലോത്സവ സ്വാഗതഗാന വിവാദത്തില്‍ വിശദീകരണവുമായി ദൃശ്യാവിഷ്കാരം ഒരുക്കിയ സംഘടന രം​ഗത്തെത്തി. പരിപാടിയിൽ ഒരു രാഷ്ട്രീയവും ഇല്ലായിരുന്നെന്ന് ഗാനം ചിട്ടപ്പെടുത്തിയ പേരാമ്പ്ര മാതാ കേന്ദ്രം ഡയറക്ടർ കനകദാസ് ട്വന്റിഫോറിനോട് പറഞ്ഞു. ഒരു രാഷ്ട്രീയവും പരിപാടിയിൽ ഇല്ലായിരുന്നു, 96 കലാകാരന്മാരിൽ പല രാഷ്ട്രീയപ്പാർട്ടിയിലും പെട്ടവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപും സർക്കാർ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട് .ഇപ്പോഴുണ്ടായ വിവാദം ഖേദകരമെന്നും പേരാമ്പ്ര മാതാ കേന്ദ്രം ഡയറക്ടർ കനകദാസ് പറഞ്ഞു.

അതിനിടെ സ്വാഗതഗാനത്തിലെ വിവാദ ചിത്രീകരണത്തില്‍ നടപടി വേണമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ദൃശ്യാവിഷ്‌കാരം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്ന് സിപിഐഎം പ്രസ്താവിച്ചു. സംഭവം വിശദമായി പരിശോധിച്ച് നടപടിയെടുക്കണമെന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്ന ആരോപണം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നു. ഒരു മുസ്ലിം വേഷധാരിയെ ഇതില്‍ തീവ്രവാദിയായി ചിത്രീകരിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍. ഇത് മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയും ചെയ്തതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും ഈ വിഷയത്തില്‍ അന്വേഷണം വേണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സിപിഐഎം വിഷയത്തില്‍ നിലപാട് അറിയിച്ചിരിക്കുന്നത്.

Story Highlights: kalolsava Welcome Song Controversy K Muraleedharan reaction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here