‘ബോസ് റിട്ടേണ്‍സ്’; ആരാധകരെയും കുടുംബ പ്രേക്ഷകരെയും ചേര്‍ത്ത് പിടിച്ച് ‘വാരിസ്’, കത്തിക്കയറി വിജയ്- റിവ്യൂ

ഒരു വിജയ് ചിത്രം തിയേറ്ററില്‍ എത്തി കാണാനാഗ്രഹിക്കുന്ന പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ചില ചേരുവകളുണ്ട്. കൈയടി വീഴുന്ന പഞ്ച് ഡയലോഗുകള്‍, ആവേശം തീര്‍ക്കുന്ന പാട്ടുകളും നൃത്തച്ചുവടുകളും, ഒപ്പം ആരാധകരുടെ പ്രിയപ്പെട്ട ദളപതിയുടെ വമ്പന്‍ ആക്ഷന്‍ സീനുകളും. ഇവയൊക്കെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിച്ച ഒരു തകര്‍പ്പന്‍ സിനിമ അനുഭവമാണ് ‘വാരിസ്.’ രണ്ടേമുക്കാല്‍ മണിക്കൂര്‍ പൂര്‍ണമായും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മികച്ച ആഖ്യാനമാണ് ചിത്രത്തിന്റേത്.
ആരാധകര്‍ക്കുള്ള പൊങ്കല്‍ സമ്മാനമായാണ് ‘വാരിസ്’ തിയേറ്ററുകളിലെത്തിയത്. അത് കൊണ്ട് തന്നെ വാരിസ് ഒരു വലിയ ആഘോഷം കൂടിയാണ് തിയേറ്ററുകളില്‍ ഉണ്ടാക്കുന്നത്. എന്നാല്‍ പൊതുവെ യുവാക്കള്‍ക്കായി നിര്‍മ്മിക്കപ്പെടുന്ന മാസ് സിനിമകളില്‍ നിന്ന് മാറി നില്‍ക്കുന്ന കുടുംബ പ്രേക്ഷകരെയും ചേര്‍ത്ത് പിടിക്കുകയാണ് ‘വാരിസ്.’ വിജയ് ആരാധകര്‍ക്ക് ആവേശമാവുന്ന ചേരുവകള്‍ക്കൊപ്പം അതിമനോഹരമായ ഒരു കുടുംബ കഥയും ചിത്രത്തിലുണ്ട്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ആഴമേറിയ അടുപ്പത്തിന്റെയും സ്‌നേഹത്തിന്റെയും കൂടി കഥയാണ് ‘വാരിസ്.’
എപ്പോഴത്തെയും പോലെ സിനിമയിലുടനീളം നിറഞ്ഞു നില്‍ക്കുകയാണ് വിജയ്. ആക്ഷന്‍ രംഗങ്ങളിലും പാട്ടുകളിലുമുള്ള നടന്റെ സ്‌ക്രീന്‍ പ്രെസെന്‍സ് കണ്ടറിയേണ്ട അനുഭവം തന്നെയാണ്. എന്നാല്‍ വിജയ് എന്ന നടന്റെ ഏറ്റവും മികച്ച ചില അഭിനയമുഹൂര്‍ത്തങ്ങള്‍ക്കും ‘വാരിസ്’ സാക്ഷ്യം വഹിക്കുന്നു. വൈകാരികമായ ചില രംഗങ്ങളിലെ നടന്റെ അഭിനയം പ്രേക്ഷകര്‍ക്ക് നൊമ്പരമായി മാറുന്നുണ്ട്. ഒരു സൂപ്പര്‍താരം എന്നതിനൊപ്പം ഒരു നടനെന്ന നിലയിലും വിജയിയുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായി വാരിസ് മാറുമെന്നുറപ്പാണ്.
സഹതാരങ്ങളായി എത്തിയ ശരത് കുമാര്‍, ജയസുധ, പ്രകാശ് രാജ് എന്നിവരും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. ശരത് കുമാറിനും ജയസുധയ്ക്കുമൊപ്പമുള്ള വിജയിയുടെ രംഗങ്ങളൊക്കെ എടുത്ത് പറയേണ്ടതാണ്. പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്ന രംഗങ്ങളാണ് ഇവയില്‍ പലതും. അതിഥി താരമായി എത്തി എസ്.ജെ സൂര്യയും ആരാധകരുടെ കൈയടി ഏറ്റുവാങ്ങുന്നു. ചിത്രത്തിലെ നായികയായ രശ്മിക മന്ദാനയുടെ കഥാപാത്രത്തിന് ഒരു പൂര്‍ണതയില്ലാതെ പോയത് മാത്രമാണ് ചിത്രത്തിലെ ഒരു ചെറിയ പോരായ്മയായി തോന്നിയത്. എങ്കിലും വിജയിയും രശ്മികയും ഒന്നിച്ചുള്ള ഗാനങ്ങളിലെ നൃത്തച്ചുവടുകളൊക്കെ തിയേറ്ററില്‍ ആവേശം വിതറുകയാണ്.
Read Also: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം; മികച്ച സംവിധായകനായി വിഖ്യാത സംവിധായകന്‍ സ്റ്റീവൻ സ്പിൽബർഗ്
തമന്റെ സംഗീതം തിയേറ്ററുകളില്‍ ഉത്സവപ്രതീതിയാണ് സൃഷ്ടിക്കുന്നത്. അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടത് തന്നെയാണ്. ആക്ഷന്‍ രംഗങ്ങളും വൈകാരിക രംഗങ്ങളും മികച്ചതായി അനുഭവപ്പെടുന്നതില്‍ പശ്ചാത്തല സംഗീതം വഹിക്കുന്ന പങ്ക് ചെറുതല്ല. കാര്‍ത്തിക്ക് പളനിയുടെ ഛായാഗ്രഹണം മികവ് പുലര്‍ത്തുമ്പോള്‍ പ്രവീണ്‍ കെ.എല്ലിന്റെ എഡിറ്റിംഗ് വലിയ പ്രശംസ അര്‍ഹിക്കുന്നുണ്ട്.
Story Highlights: vijay movie varisu review malayalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here