റാണ, മാവുങ്കൽ, ക്രിമിനലുകളുടെ നേതാവാണ് സുധാകരൻ; കാലം തെളിയിക്കുകയാണെന്ന് എം വി ജയരാജൻ

ക്രമിനലുകളുടെ നേതാവാണ് കെ സുധാകരനെന്ന് പി രാമകൃഷ്ണൻ പറഞ്ഞത് ശരയാണെന്ന് കാലം തെളിയിക്കുകയാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പ്രവീൺ റാണയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് കെ സുധാകരൻ എന്ന റിപ്പോർട്ട് ആരിലും ആശ്ചര്യമുണ്ടാക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(mv jayarajan against ksudhakaran on praveen rana issue)
കെ സുധാകരൻ ഗാന്ധിയൻ പാരമ്പര്യമുള്ള കോൺഗ്രസുകാരനല്ല, ക്രിമിനലുകളുടെ നേതാവാണ്’ എന്ന് പി രാമകൃഷ്ണൻ പറഞ്ഞത് എത്രമാത്രം ശരിയാണെന്ന് കാലം തെളിയിക്കുകയാണെന്നും എം വി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. മോൺസൺ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടായിരുന്ന കാര്യം നേരത്തെ തെളിവുകൾ സഹിതം പുറത്തുവന്നപ്പോൾ സുഖചികിത്സക്കായി പോയ സുധാകരൻ, റാണയുമായുള്ള തുടർച്ചയായ സന്ദർശനം ഏതുതരം രോഗ ചികിത്സയുടെ ഭാഗമാണ് എന്ന കാര്യം കൂടി പറയണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
എം വി ജയരാജന്‍റെ വാക്കുകൾ
പി രാമകൃഷ്ണനാണ് ശരിയെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു.
സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും ക്രിമിനലും ആയ പ്രവീൺ റാണയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് കെ സുധാകരൻ എന്ന റിപ്പോർട് ആരിലും ആശ്ചര്യമുണ്ടാക്കുന്നില്ല. തട്ടിപ്പുവീരൻ മോൺസൺ മാവുങ്കലുമായി കെ പി സി സി പ്രസിഡന്റിന് അടുത്ത ബന്ധമുണ്ടായിരുന്നു എന്ന കാര്യം നേരത്തെ തെളിവുകൾ സഹിതം പുറത്തുവന്നു. അപ്പോൾ അതിനു നൽകിയ മറുപടി സുഖചികിത്സക്കായി മോൺസന്റെ ആസ്ഥാനത്ത് പോയതാണെന്നായിരുന്നു. റാണയുമായുള്ള തുടർച്ചയായ സന്ദർശനം ഏതുതരം രോഗ ചികിത്സയുടെ ഭാഗമാണ് എന്ന കാര്യം ഇനി വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.കോൺഗ്രസ്സിന്റെ സുധാകര വിരുദ്ധപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യം കെ പി സി സി പ്രസിഡന്റ് പൂർണ്ണആരോഗ്യവാനല്ല എന്നാണ്. ഡി സി സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ക്രിമിനലുകളെ ഉപയോഗിച്ച് കോൺഗ്രസ്സുകാരെ ഭീഷണിപ്പെടുത്തി സ്ഥാനം പിടിച്ചെടുത്തതു മുതൽ ഇ പി ജയരാജനെ വെടിവെച്ചു കൊല്ലാൻ തോക്കും പണവും നൽകി ആർ എസ് എസ് ക്രിമിനലുകളെ അയച്ചതുവരെയുള്ള ക്രിമിനൽ സഹവാസത്തിനുള്ള നിരവധി തെളിവുകൾ 2008-ൽ പി രാമകൃഷ്ണൻ ജീവിച്ചിരിക്കുമ്പോൾ തന്നെ തുറന്ന് കാട്ടിയിരുന്നു. കെ സുധാകരന്റെ ഗുണ്ടാസംഘം അന്ന് ഡി സി സി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണനെ ഡി സി സി ഓഫീസിൽ കയറാൻ അനുവദിക്കാതെ തടഞ്ഞുവച്ചു. കൊടിമര ചുവട്ടിൽ നിന്നും അന്ന് മാധ്യമപ്രവർത്തകരോട് പി രാമകൃഷ്ണൻ പറഞ്ഞത് ഇപ്രകാരമാണ് “കെ സുധാകരൻ ഗാന്ധിയൻ പാരമ്പര്യമുള്ള കോൺഗ്രസ്സ്കാരനല്ല, ക്രിമിനലുകളുടെ നേതാവാണ് “. പി രാമകൃഷ്ണൻ പറഞ്ഞത് എത്രമാത്രം ശരിയാണെന്ന് കാലം തെളിയിക്കുകയാണ്.
എം വി ജയരാജൻ
Story Highlights: mv jayarajan against ksudhakaran on praveen rana issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here