Advertisement

ഭാരത് ജോഡോയുടെ അനുബന്ധമായുള്ള ഗൃഹസമ്പർക്കത്തിൽ പങ്കാളികളാകാത്തവർക്ക് പുനസംഘടനയിൽ ഇടമില്ല; കെ സി വേണുഗോപാൽ

January 13, 2023
Google News 2 minutes Read
KC Venugopal Congress revamp criticising cpim

ഭാരത് ജോഡോയുടെ അനുബന്ധമായി ഗൃഹസമ്പർക്കം സംഘടിപ്പിക്കുമെന്നും അതിൽ പങ്കാളികളാകാത്തവർക്ക് പുനസംഘടനയിൽ ഇടമുണ്ടായിരിക്കില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ചർച്ചക്ക്‌ സ്വാതന്ത്ര്യം ഉള്ള പാർട്ടിയാണ് കോൺ​ഗ്രസ്. ആർക്ക് എന്ത് പറയാൻ ഉണ്ടെങ്കിലും പാർട്ടി യോഗങ്ങളിൽ പറയണം. പാർട്ടിക്കെതിരായ എതിരാളികളുടെ നീക്കം കൂടുതൽ കരുതി ഇരിക്കേണ്ടത് കോൺഗ്രസുകാർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ( KC Venugopal on Congress revamp and criticising cpim ).

കോൺഗ്രസുകാർ തമ്മിലുള്ള സംസാരം മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന അവസ്ഥയ്ക്ക് ആരും അവസരം ഒരുക്കരുത്. ഒരു രാഷ്ട്രീയ പാർട്ടിയാകുമ്പോൾ ഭിന്നതകൾ സ്വാഭാവികമാണ്. അത് എല്ലാ പാർട്ടികളിലും ഉണ്ടാകാറുണ്ട്. എന്നാൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ തയ്യാറാകണാം. പാർട്ടിയിൽ എന്ത് പറയണം, പാർട്ടിക്ക് പുറത്ത് എന്ത് പറയണം എന്നത് ആലോചിച്ചു വേണം ഓരോരുത്തരും പ്രതികരിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കള്ളക്കടത്തിന്റെയും ലഹരിക്കടത്തിന്റെയും ആളുകളായി സിപിഐഎം നേതാക്കൾ കേരളത്തിൽ വിലസുകയാണെന്നും കെ.സി ആരോപിച്ചു.

ഇന്നലെ ചേർന്ന കെപിസിസി എക്സിക്യൂട്ടീവിൽ കോൺ​ഗ്രസ് എം.പി ടി എൻ പ്രതാപന് നേരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇനി സ്ഥാനാർത്ഥിയാകാനില്ലെന്ന് പറയാൻ നേതാക്കൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ എവിടെ മൽസരിക്കുമെന്ന് പറയുന്നതും പകരക്കാരനെ കണ്ടെത്തുന്നതും നോക്കി നിൽക്കില്ലെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ തുറന്നടിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സംഘടനയെ നോക്കുകുത്തിയാക്കുന്നത് ആരായാലും വച്ചുപൊറുപ്പിക്കില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ മുന്നറിയിപ്പ്. ഇനി ലോക്സഭാ സ്ഥാനാർത്ഥിയാകാനില്ലെന്നും പകരക്കാരെ കണ്ടെത്തണമെന്നുമുള്ള തരത്തിൽ എൻ പ്രതാപൻ പരാമർശം നടത്തിയിരുന്നു. ഇതിനെയാണ് കെ.സുധാകരൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

പരസ്യ പ്രസ്താവനകൾക്ക് കടിഞ്ഞാൺ വേണമെന്ന് കെപിസിസി എക്‌സിക്യൂട്ടീവിൽ അഭിപ്രായം ഉയർന്നു. സ്വയം സ്ഥാനാർഥികൾ ആവുന്നത് അംഗീകരിക്കാൻ ആവില്ലെന്നും സംഘടനാ ചട്ടക്കൂട് എല്ലാവർക്കും ബാധകമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. ആര്, എവിടെ മത്സരിക്കണമെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിച്ചാൽ പാർട്ടി സംവിധാനം എന്തിനെന്നും അംഗങ്ങൾ ചോദിച്ചു.

പുനഃസംഘടനയിൽ വീഴ്ച പാടില്ലെന്നാണ് നിർവാഹക സമിതി യോഗത്തിൽ അംഗങ്ങൾ വ്യക്തമാക്കിയത്. സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ വേണ്ടെന്ന് എ കെ ആന്റണി തുറന്നടിച്ചു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം പാർട്ടി തന്നെ പ്രഖ്യാപിക്കുന്നതാണ് കോൺ​ഗ്രസിലെ രീതി. അത് എല്ലാവർക്കും ബാധകമെന്നും ശശി തരൂരിനെ ഉന്നമിട്ട് ആന്റണി സൂചിപ്പിച്ചു.

സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിക്കുന്നത് പാർട്ടിക്ക് ഗുണകരമല്ലെന്നും കെപിസിസി എക്‌സിക്യൂട്ടീവിൽ എ കെ ആന്റണി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിനെപ്പറ്റി ഇപ്പോൾ ചർച്ചകൾ വേണ്ടെന്നും സ്ഥാനാർതിത്വം തീരുമാനിക്കുന്നത് പാർട്ടിയാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരനും വ്യക്തമാക്കി. മടുത്തുവെങ്കിൽ എം പിമാർക്ക് മാറിനിൽക്കാമെന്നും, പക്ഷെ അന്തിമ തീരുമാനം സ്വയം പ്രഖ്യാപിക്കണ്ടെന്നും എം എം ഹസ്സൻ തുറന്നടിച്ചു.

Story Highlights: KC Venugopal on Congress revamp and criticising cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here