Advertisement

ദസുൻ ശാനകയ്ക്കെതിരായ റണ്ണൗട്ട്; രോഹിത് ശർമയെ പരോക്ഷമായി വിമർശിച്ച് അശ്വിൻ

January 15, 2023
Google News 2 minutes Read
ashwin shami runout shanaka

ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ ദസുൻ ശാനകയെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കിയ മുഹമ്മദ് ഷമിയുടെ അപ്പീൽ പിൻവലിച്ച രോഹിത് ശർമയെ വിമർശിച്ച് ആർ അശ്വിൻ. അത് നിയമാനുസൃതമായ ഔട്ടാണെന്നും വേറെ ഏത് തരത്തിൽ പുറത്താക്കിയാലും ബൗളർ അപ്പീൽ ചെയ്താൽ ഔട്ട് വിധിക്കുമെന്നും അശ്വിൻ തൻ്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ശ്രീലങ്കൻ ഇന്നിംഗ്സിൻ്റെ അവസാന ഓവറിലെ നാലാം പന്തിലാണ് ഷമി ശാനകയെ റണ്ണൗട്ടാക്കിയത്. (ashwin shami runout shanaka)

Read Also: കാര്യവട്ടത്ത് ആദ്യം ഇന്ത്യ ബാറ്റ് ചെയ്യും; സൂര്യകുമാർ യാദവ് ടീമിൽ

“നോക്കൂ, ഒരു ഫീൽഡർ അപ്പീൽ ചെയ്താലും ഒരു താരം ഔട്ടാണോ അല്ലയോ എന്ന് പറയേണ്ടത് അമ്പയറാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ഔട്ടാക്കുന്നതിനെച്ചൊല്ലി ഒട്ടേറെ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. ഒരുപാട് തവണ, ബാറ്റിൽ കൊണ്ട് ക്യാച്ച് ആവുമ്പോൾ അമ്പയറുടെ തീരുമാനത്തിനു കാത്തുനിൽക്കാതെ ബാറ്റർമാർ കയറിപ്പോവാറുണ്ട്. ആ സമയത്ത് ബാറ്റിംഗ് ക്യാപ്റ്റൻ തിരികെപ്പോയി ബാറ്റ് ചെയ്യൂ എന്ന് പറയാറില്ല. വർഷങ്ങളായി ഇത്തരത്തിൽ ബാറ്റർമാർക്കും ബൗളർമാർക്കും വ്യത്യസ്ത പരിഗണനയാണ്. ഞാൻ തുടർച്ചയായി ഒരു കാര്യം പറയാനാഗ്രഹിക്കുന്നു. അതൊരു നിയമാനുസൃതമായ ഔട്ടാണ്. സത്യത്തിൽ. എൽബിഡബ്ല്യു, ക്യാച്ച് ഔട്ട് എന്നിങ്ങനെ എങ്ങനെ പുറത്തായാലും ക്യാപ്റ്റൻ ആ അപ്പീൽ പിൻവലിക്കില്ല. ബൗളർ അപ്പീൽ ചെയ്താൽ ഔട്ട് വിധിക്കും.”- അശ്വിൻ പറഞ്ഞു.

98 റൺസ് എടുത്തുനിൽക്കെയാണ് ശാനകയെ ഷമി റണ്ണൗട്ടാക്കിയത്. എന്നാൽ, രോഹിത് ഇത് പിൻവലിച്ചു. അടുത്ത രണ്ട് പന്തുകളിൽ ബൗണ്ടറിയും സിക്സറും നേടിയ ശാനക 88 പന്തിൽ 108 റൺസ് നേടി പുറത്താവാതെ നിൽക്കുകയും ചെയ്തു. ഷമി എന്തുകൊണ്ട് അങ്ങനെ ചെയ്തെന്ന് അറിയില്ലെന്നും ശാനക സെഞ്ചുറിക്ക് അരികിലായിരുന്നതിനാലാണ് താൻ അപ്പീൽ പിൻവലിച്ചതെന്നും രോഹിത് പിന്നീട് പ്രതികരിച്ചിരുന്നു. ഇത് ശരിയാണെന്നും തെറ്റാണെന്നും ഒട്ടേറെ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നു. ഇതിനു പിന്നാലെയാണ് അശ്വിനും തൻ്റെ നിലപാട് വ്യക്തമാക്കിയത്. മുൻപ് ഐപിഎലിൽ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ലറെ ഇത്തരത്തിൽ റണ്ണൗട്ടാക്കിയ താരമാണ് അശ്വിൻ.

Story Highlights: ashwin shami runout shanaka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here