തമിഴ്നാട്ടിൽ ജല്ലിക്കെട്ടിനിടെ രണ്ട് മരണം; ഒരാൾ ഗുരുതരാവസ്ഥയിൽ

തമിഴ്നാട്ടിൽ ജല്ലിക്കെട്ടിനിടെ കാളയുടെ ആക്രമണത്തിൽ രണ്ട് മരണം. മധുര പാലമേട്ടിലും ട്രിച്ചി സൂരിയൂരിലുമാണ് കാളയുടെ കുത്തേറ്റ് മരണം സംഭവിച്ചത്. വർഷങ്ങളായി ജല്ലിക്കെട്ടിൽ പങ്കെടുക്കുന്ന, ‘ജല്ലിക്കെട്ട് വീരർ’ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന പുതുക്കോട്ട കണ്ണക്കോൽ സ്വദേശി അരവിന്ദ് രാജയാണ് കാളയുടെ കുത്തേറ്റ് മരിച്ചത്. ഒൻപത് കാളകളെ അടക്കി ആ മത്സരത്തിൽ മൂന്നാം സ്ഥാനത്ത് നിന്നിരുന്ന വ്യക്തിയായിരുന്നു അരവിന്ദ് രാജ. പാലമേടിൽ മത്സരിക്കാനെത്തിയ ചിന്നപ്പറ്റി സ്വദേശി തമിഴരശനാണ് കാളയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. അദ്ദേഹം പതിനൊന്ന് കാളകളെ അടക്കി മത്സരത്തിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന വ്യക്തിയായിരുന്നു. പാലമേട് ജല്ലിക്കെട്ടിൽ 17 പേർക്കാണ് പരിക്കേറ്റത്. തമിഴരശൻ ഉൾപ്പെടെ ഇന്നലെ പരിക്കേറ്റ അഞ്ച് പേർ മധുരൈ രാജാജി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ( Jallikattu )
Read Also:തമിഴ്‌നാട്ടിൽ ഇന്ന് തൈപൊങ്കൽ; വർണാഭമായ കോലം വരച്ച് അടുപ്പ് കൂട്ടി പൊങ്കൽ അർപ്പിച്ച് ഭക്തർ
രണ്ടാമത്തെ മരണം സംഭവിച്ചത് ട്രിച്ചി സൂരിയൂരിലാണ്. അവിടെ ജല്ലിക്കെട്ട് കാണാനെത്തിയ പുതുക്കോട്ട കണ്ണക്കോൽ സ്വദേശി അരവിന്ദിനാണ് കാളയുടെ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടുത്താണ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടയിൽ ആവണിയാപുരത്ത് ജല്ലിക്കെട്ടിന് ഇടയിൽ കാളയുടെ കുത്തേറ്റ് 75 പേർക്ക് പരിക്കേറ്റിരുന്നു. അതിൽ കാളപ്പോരുകാരും കാളകളുടെ ഉടമകളും കാണികളും പൊലീസുകാരും ഉൾപ്പെടും. ആരുടേയും നില ഗുരുതരമല്ല.
തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന വിനോദമാണ് ജല്ലിക്കെട്ട്. ഇന്നും നാളെയുമായി ഇനിയും മത്സരങ്ങൾ നടക്കാൻ ബാക്കിയുണ്ട്. നാളെയാണ് വളരെ പ്രസിദ്ധമായ അലങ്കാനല്ലൂർ ജല്ലിക്കെട്ട് അരങ്ങേറുന്നത്. ധാരാളം സുരക്ഷാ ക്രമീകരണങ്ങൾ ഓരോ ടൂർണമെന്റിലും കൊണ്ടുവരുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള അപകടങ്ങൾക്ക് യാതൊരുവിധ കുറവും ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം.
Story Highlights: Bull tamer gored to death at Jallikattu in Tamilnadu