അണ്ടർ 19 ടി20 വനിതാ ലോകകപ്പ്; യുഎഇയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ

സൗത്ത് ആഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന അണ്ടർ 19 ടി20 വനിതാ ലോകകപ്പിൽ ഇന്ത്യൻ നിരയ്ക്ക് വിജയത്തുടർച്ച. ഗ്രൂപ്പ് ഡിയിലെ രണ്ടാമത്തെ മത്സരത്തിൽ യുഎഇയെ തോൽപ്പിച്ചത് 122 റണ്ണുകൾക്ക്. ഇന്ത്യൻ നിര മുന്നോട്ട് വെച്ച 219 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന യുഎഇയ്ക്ക് ഇരുപത് ഓവറുകളിൽ 5 വിക്കറ്റ് നഷ്ടത്തിൽ നേടാൻ സാധിച്ചത് 97 റണ്ണുകൾ മാത്രമാണ്. [ U19 World Cup ]
ഇന്ത്യയുടെ ഓപ്പണർമാരായ ശ്വേതാ ഷെരാവത്തും ക്യാപ്റ്റൻ ഷെഫാലി വർമയും ചേർന്നാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 29 പന്തുകളിൽ നിന്ന് 49 റണ്ണുകൾ നേടിയ റിച്ച ഘോഷ് ഇന്ത്യയുടെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. 34 പന്തുകളിൽ നിന്ന് 78 റണ്ണുകൾ നേടിയ ഷെഫാലിയാണ് മത്സരത്തിലെ മികച്ച താരം. ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ച ഷെഫാലി രണ്ട് ഓവറുകളിൽ നിന്ന് 7 റണ്ണുകൾ മാത്രമാണ് വിട്ടുകൊടുത്തത്.
Read Also: അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പ് ഈ മാസം 14 മുതൽ; ഇന്ത്യയുടെ മത്സരങ്ങൾ അറിയാം
ഇന്ത്യൻ ബോളിങ് നിരയുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ഇന്ത്യയുടെ യുവ പേസ് ബോളർമാരായ ശബ്നവും ടിറ്റസ് സാധുവും ചേർന്ന് യുഎഇയുടെ ബാറ്റിംഗ് നിരയെ വളരെയധികം സമ്മർദ്ദത്തിലാക്കി. ആദ്യ ഓവറിൽ യുഎഇ ഓപ്പണർ തീർത്ഥ സതീഷിന്റെ വിക്കറ്റ് എടുത്താണ് ശബ്നം മത്സരത്തിന്റെ ചരട് കയ്യിലെടുത്തത്. ലാവണ്യ കെനിക്കും മാഹിക ഗൗറിനും മാത്രമാണ് ഇന്ത്യൻ ബോളിങ്ങിന് മുന്നിൽ അൽപ്പമെങ്കിലും പിടിച്ചു നില്ക്കാൻ സാധിച്ചത്.
ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കക്ക് എതിരെ ഇന്ത്യ വിജയം നേടിയിരുന്നു. ഇതോടുകൂടി ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാമതാണ്.
Story Highlights: India won agaianst UAE on ICC Women’s U19 T20 World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here