ഗൊങ്കടി തൃഷ ഫൈനലിലെയും ടൂർണമെന്റിലെയും താരം, അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യ നിലനിര്‍ത്തി

അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യ നിലനിര്‍ത്തി. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകർത്താണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കൻ വനിതകൾ നിശ്ചിത 20 ഓവറിൽ 82 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 11.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.തൃഷ ഫൈനലിലെയും ടൂർണമെന്റിലെയും താരമായി. 309 റൺസ് നേടി ടോപ് സ്കോററായ തൃഷ 7 വിക്കറ്റും വീഴ്ത്തി.
ഗൊങ്കടി തൃഷ (44), സനിക ചാല്‍കെ (26) പുറത്താവാതെ നിന്നു. നേരത്തെ മൂന്ന് വിക്കറ്റ് നേടിയ തൃഷ തന്നെയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നാല് ഓവറില്‍ 15 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ, പരുണിക സിസോദിയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ 10 റണ്‍സ് മാത്രമാണ് ആയുഷി വിട്ടുകൊടുത്തത്.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ യുവനിര ബാറ്റിങ് തിരഞ്ഞെടുത്തു. സ്പിന്നർമാരുടെ കരുത്തിലാണ് ഇന്ത്യൻ യുവനിര ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി 23 റൺസെടുത്ത മീകെ വാന്‍ വൂസ്റ്റ് ആണ് ടോപ് സ്കോററായത്. ജെമ്മ ബോത്തയും 16 റൺസും ഫയ് കൗളിംഗ് 15 റൺസും നേടി. വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇന്ത്യയ്ക്ക് എട്ട് റൺസെടുത്ത ജി കമലാനിയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്.
Story Highlights : india beat south africa t20 women world cupu19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here