തോമസിനെ മരണത്തിലേക്ക് തള്ളിവിട്ടത് ആശുപത്രി അധികൃതര്‍; മെഡിക്കല്‍ കോളജിനെതിരെ വീണ്ടും തോമസിന്റെ കുടുംബം

വയനാട്ടില്‍ കടുവ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ ചികിത്സ പിഴവില്ലെന്ന ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് തള്ളി മരിച്ച തോമസിന്റെ കുടുംബം. രക്തം വാര്‍ന്ന് കൊണ്ടിരുന്ന തോമസിനെ മരണത്തിലേക്ക് തള്ളി വിട്ടത് ആശുപത്രി അധികൃതരാണ്. തോമസിന് രക്തം കൊടുക്കാന്‍ നടപടി സ്വീകരിച്ചില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ഐസിയു ആംബുലന്‍സ് അനുവദിച്ചില്ലെന്നും സഹോദരന്‍ ആന്റണി ആരോപിച്ചു.
വയനാട് മെഡിക്കല്‍ കോളജിന് ചികിത്സ പിഴവില്ലെന്ന ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്നും തോമസിന്റെ സഹോദരന്‍ ആന്റണി ട്വന്റിഫോറിനോട് പറഞ്ഞു. തോമസിന് ചികിത്സ വൈകിയെന്ന പരാതിയിലാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറില്‍ നിന്നും ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടിയത്. വയനാട് മെഡിക്കല്‍ കോളജിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
വയനാട് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയാണ് മെഡിക്കല്‍ കോളജ് ആക്കി മാറ്റിയത്. തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നെന്നും ഐസിയു ആംബുലന്‍സ് ലഭ്യമാക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും തോമസിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
Read Also: വയനാട്ടിൽ പിടിയിലായത് കർഷകൻ്റെ ജീവനെടുത്ത കടുവ
പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. 50 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. കൃഷിയിടത്തില്‍ വച്ച് തോമസിനെ കടുവ ആക്രമിച്ചത്. ആക്രമണത്തില്‍ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച തൊണ്ടര്‍നാട് പഞ്ചായത്തിലെ വെള്ളാരംകുന്നില്‍ നൂറിലേറെ വനപാലക സംഘം ക്യാമ്പ് ചെയ്ത് തിരിച്ചില്‍ തുടരുന്നതിനിടയിലാണ് കുപ്പാടിത്തറയില്‍ നിന്ന് കടുവ പിടിയിലായത്.
Story Highlights: thomas’s family denied report about medical college treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here