Advertisement

‘സിനിമകളെപ്പറ്റി അനാവശ്യ പ്രസ്താവനകൾ നടത്തരുത്’; നേതാക്കൾക്ക് നിർദ്ദേശവുമായി പ്രധാനമന്ത്രി

January 17, 2023
1 minute Read

സിനിമകളെപ്പറ്റി അനാവശ്യ പ്രസ്താവനകൾ നടത്തരുതെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 16, 17 തീയതികളിലായി ഡൽഹിയിൽ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടിവ് യോഗത്തിൽ വച്ചാണ് അദ്ദേഹം ബിജെപി നേതാക്കൾക്ക് നിർദ്ദേശം നൽകിയത്. ചിലർ സിനിമകളെപ്പറ്റി അനാവശ്യ പ്രസ്താവനകൾ നടത്തുകയാണ്. അതാണ് പിന്നെ ചാനലുകളിലൊക്കെ കാണുന്നത്. ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി. ഇന്ത്യ ടുഡെ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒരുമിച്ച പത്താൻ എന്ന സിനിമയ്ക്കെതിരെ ഉയർന്ന ബഹിഷ്കരണാഹ്വാനത്തിനു പിന്നാലെയാണ് മോദിയുടെ പ്രസ്താവന. പത്താൻ സിനിമയ്ക്കെതിരെ നിരവധി ബിജെപി നേതാക്കൾ വിമർശനവുമായി രംഗത്തുവന്നിരുന്നു. ചിത്രത്തിലെ ഗാനരംഗത്തിൽ ദീപിക കാവി നിറമുള്ള വസ്ത്രം അണിഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. പിന്നീട്, പുറത്തിറങ്ങാത്ത സിനിമയിൽ മതവികാരത്തെ വ്രണപ്പെടുത്തുന്ന സീനുകളുണ്ടെന്ന ആരോപണമായി. ഈ സീനുകൾ മാറ്റിയില്ലെങ്കിൽ മധ്യപ്രദേശിൽ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നരോട്ടം മിശ്ര ഭീഷണിപ്പെടുത്തി.

അതേസമയം, സിനിമയുടെ സ്പെഷ്യൽ സ്ക്രീനിങ്ങ് ഇന്ന് നടന്നു. കുടുംബത്തോടൊപ്പമെത്തിയാണ് ഷാരൂഖ് സിനിമ ആസ്വദിച്ചത്. മകൾക്കൊപ്പമിരുന്ന് ഷാരൂഖ് സിനിമ കാണുമോ എന്ന് ബിജെപി നേതാവും മധ്യപ്രദേശ് സ്പീക്കറുമായ ഗിരീഷ് ഗൗതം ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഭാര്യ ഗൗരി ഖാനും മക്കളായ ആര്യൻ ഖാനും സുഹാന ഖാനും അബ്രാം ഖാനുമൊപ്പം ഷാരൂഖ് സിനിമ കാണാനെത്തിയത്. ഈ മാസം 25നാണ് സിനിമ തീയറ്ററിലെത്തുക.

Story Highlights: unnecessary remarks films Modi BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement