Advertisement
kabsa movie

ഹൈദരാബാദിൽ ശുഭ്മൻ സ്പെഷ്യൽ ഷോ; കിവീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ സ്കോർ

January 18, 2023
2 minutes Read
india score newzealand odi
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് നേടി. 149 പന്തുകളിൽ 19 ബൗണ്ടറികളും 9 സിക്സറും സഹിതം 208 റൺസ് നേടിയ ശുഭ്മൻ ഗിൽ ആണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ഗില്ലിനൊപ്പം രോഹിത് ശർമ (34), സൂര്യകുമാർ യാദവ് (31) എന്നിവരും തിളങ്ങി. ന്യൂസീലൻഡിനായി ഡാരിൽ മിച്ചൽ രണ്ട് വിക്കറ്റ് വീഴ്ത്തി. (india score newzealand odi)

Read Also: ന്യൂസീലൻഡിനെതിരെ ഇന്ത്യ ബാറ്റ് ചെയ്യും; ശാർദുൽ താക്കൂർ തിരികെയെത്തി

മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. രോഹിത് ശർമ തുടക്കം മുതൽ ആക്രമിച്ചുകളിച്ചു. ആദ്യ ഓവറുകളിൽ ഗിൽ സപ്പോർട്ടിംഗ് റോളിലായിരുന്നു. 60 റൺസ് നീണ്ട ആദ്യ വിക്കറ്റ് കൂട്ടുകെട്ട് ബ്ലയർ ടിക്ക്നറാണ് അവസാനിപ്പിച്ചത്. ടിക്ക്നറിനെതിരെ വമ്പൻ ഷോട്ടിനു ശ്രമിച്ച രോഹിതിനെ ഡാരിൽ മിച്ചൽ പിടികൂടി. വിരാട് കോലിയും (8) ഇഷാൻ കിഷനും (5) വന്നതും പോയതും ഒരുമിച്ചായി. കോലിയെ മിച്ചൽ സാൻ്റ്നർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. കിഷനെ ലോക്കി ഫെർഗൂസൻ്റെ പന്തിൽ ടോം ലാതം പിടികൂടി.

രോഹിതിൻ്റെ പുറത്താവലോടെ ആക്രമണ ചുമതല ഏറ്റെടുത്ത ഗിൽ ഗ്രൗണ്ടിൻ്റെ നാലു ഭാഗത്തേക്കും ഷോട്ടുകൾ പായിച്ചു. അഞ്ചാം നമ്പറിൽ ക്രീസിലെത്തിയ സൂര്യകുമാർ യാദവും ആക്രമണ മൂഡിലായിരുന്നു. ഇതിനിടെ ഗിൽ 52 പന്തുകളിൽ ഫിഫ്റ്റി തികച്ചു. ഇരുവരും തകർത്തടിച്ച് മുന്നോട്ടുപോകവെ സൂര്യ പുറത്തായി. താരത്തെ ഡാരിൽ മിച്ചൽ മിച്ചൽ സാൻ്റ്നറുടെ കൈകളിലെത്തിച്ചു. ഗില്ലുമായി 65 റൺസിൻ്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ പങ്കാളി ആയതിനു ശേഷമാണ് താരം മടങ്ങിയത്.

തുടർന്ന് എത്തിയ ഹാർദിക് പാണ്ഡ്യയും ഗില്ലിന് ഉറച്ച പിന്തുണ നൽകി. സാവധാനം ഇന്നിംഗ്സ് ആരംഭിച്ച ഹാർദിക് സാവധാനം ട്രാക്കിലെത്തി. ഈ സമയത്ത് ഗിൽ അനായാസം മുന്നോട്ടുപോവുകയായിരുന്നു. 87 പന്തുകളിൽ ഗിൽ സെഞ്ചുറി തികച്ചു. താരത്തിൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയായിരുന്നു ഇത്. ഈ ഇന്നിംഗ്സോടെ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ മൂന്ന് സെഞ്ചുറികൾ തികയ്ക്കുന്ന താരമെന്ന റെക്കോർഡിൽ ഗിൽ രണ്ടാം സ്ഥാനത്തെത്തി. 19 ഇന്നിംഗ്സിലാണ് ഗിൽ മൂന്ന് സെഞ്ചുറികൾ കുറിച്ചത്. 17 ഇന്നിംഗ്സുകളിൽ നിന്ന് മൂന്ന് ശതകം കുറിച്ച ശിഖർ ധവാനാണ് പട്ടികയിൽ ഒന്നാമത്. ഏറെ വൈകാതെ രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ഗിൽ 1000 റൺസ് തികച്ചു. ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തിയ ഗിൽ രാജ്യാന്തര താരങ്ങളിൽ രണ്ടാമതെത്തി. 18 ഇന്നിംഗ്സുകളിൽ നിന്ന് 1000 റൺസ് തികച്ച പാക് താരം ഫഖർ സമാനാണ് പട്ടികയിൽ ഒന്നാമത്.

Read Also: ഇഷാൻ കിഷൻ ന്യൂസീലൻഡിനെതിരെ മധ്യനിരയിൽ ബാറ്റ് ചെയ്യുമെന്ന് രോഹിത് ശർമ

74 റൺസ് നീണ്ട അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവിൽ ഹാർദിക് പുറത്തായി. തേർഡ് അമ്പയറുടെ പിഴവാണ് ഹാർദികിനു തിരിച്ചടിയായത്. വിക്കറ്റ് കീപ്പർ ടോം ലാതമിൻ്റെ ഗ്രൗസ് കൊണ്ട് ഇളകിയ ബെയിൽസ് പന്ത് കൊണ്ട് ഇളകിയതാണെന്ന് തേർഡ് അമ്പയർ വിധിക്കുകയായിരുന്നു. ഡാരിൽ മിച്ചലിനായിരുന്നു വിക്കറ്റ്. വാഷിംഗ്ടൺ സുന്ദർ (12) ഹെൻറി ശിപ്ലിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ശാർദുൽ താക്കൂർ (3) റണ്ണൗട്ടായി. ഇതിനിടെ 122 പന്തുകളിൽ ഗിൽ 150 തികച്ചു. വ്യക്തിഗത സ്കോർ 175 കടന്നതോടെ ഹൈദരാബാദിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ഗിൽ സ്വന്തമാക്കി. 145 പന്തുകളിൽ ഗിൽ ഇരട്ടസെഞ്ചുറി തികച്ചു. ലോക്കി ഫെർഗൂസൻ എറിഞ്ഞ 49ആം ഓവറിലെ ആദ്യ മൂന്ന് പന്തുകളും ബൗണ്ടറിക്ക് പുറത്തേക്ക് പറത്തിയാണ് ഗിൽ തൻ്റെ ഏകദിന കരിയറിലെ ആദ്യ ഇരട്ടസെഞ്ചുറി തികച്ചത്. ഹെൻറി ശിപ്ലി എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തിൽ ഗ്ലെൻ ഫിലിപ്സിൻ്റെ ഒരു അസാമാന്യ ക്യാച്ചിൽ ഗിൽ പുറത്തായി. കുൽദീപും (5) ഷമിയും (2) നോട്ടൗട്ടാണ്.

Story Highlights: india score newzealand first odi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement