മെസിയും–റൊണോള്‍ഡോയും ഇന്ന് നേര്‍ക്കുനേര്‍

ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും ലയണല്‍ മെസിയും ഇന്ന് നേര്‍ക്കുനേര്‍. രാത്രി 10.30 ന് സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ സൗദി ഓൾ സ്റ്റാർ 11നെ പാരീസ് സെന്റ് ജെർമെയ്ൻ നേരിടും. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സൂപ്പർ താരങ്ങൾ കളിക്കളത്തിൽ കൊമ്പുകോർക്കാൻ ഒരുങ്ങുന്നത്.
യൂറോപ്പ് വിട്ട് ഏഷ്യയിലേക്ക് എത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇന്ന് അരങ്ങേറ്റം. എതിരാളികൾ ലോക കിരീടം നേടിയ മെസിയുടെ പിഎസ്ജി. ജനുവരി ആദ്യത്തില്‍ അല്‍ നസറില്‍ ക്രിസ്റ്റ്യാനോയെ അവതരിപ്പിച്ചുവെങ്കിലും മത്സരത്തിനായി ഇതുവരെ കളത്തിലിറങ്ങിയിരുന്നില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിക്കുന്നതിനിടെ എവര്‍ട്ടണ്‍ ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ചതിനുള്ള രണ്ട് മത്സര വിലക്ക് നിലനില്‍ക്കുന്നതിനാലാണ് റൊണാള്‍ഡോയ്ക്ക് കളിക്കാന്‍ സാധിക്കാതെ ഇരുന്നത്.
റൊണോൾഡോയെ നായകനാക്കി ഓൾ സ്റ്റാർ ഇലവനെ സൗദി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അൽ-നാസർ, അൽ-ഹിലാൽ എന്നീ ടീമിൽ നിന്നുള്ള താരങ്ങളെ ഉൾപ്പെടുത്തിയാണ് പ്ലയിങ് ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. മെസി, എംബാപ്പെ, നെയ്‌മാര്‍ അടങ്ങുന്ന ഫ്രഞ്ച് വമ്പന്‍മാരെ കീഴ്‌പ്പെടുത്തുക എളുപ്പമാവില്ല. ചരിത്രത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും തമ്മില്‍ ക്ലബ്, രാജ്യാന്തര വേദികളില്‍ ആയി ഇതുവരെ 36 മത്സരങ്ങള്‍ അരങ്ങേറി. അതില്‍ 16 തവണ മെസി ജയിച്ചു, 11 മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും.
ഇത്രയും മത്സരങ്ങളിലായി ലയണല്‍ മെസി 22 ഗോള്‍ നേടിയപ്പോള്‍ റൊണാള്‍ഡോ 21 തവണ എതിര്‍ വല കുലുക്കി. 2020 ഡിസംബറില്‍ ആണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും തമ്മില്‍ അവസാനമായി ഒരു മത്സരം നടന്നത്. ഇന്ത്യയില്‍ തത്സമയ ടെലിവിഷന്‍ സംപ്രേഷണം ഇല്ല. പിഎസ്ജി ടിവി, ബിഇന്‍ സ്‌പോര്‍ട്‌സ് എന്നിവയിലൂടെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.
Story Highlights: Cristiano Ronaldo vs Lionel Messi, Saudi All-Star XI Vs PSG
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here