യുക്രൈൻ ഹെലികോപ്റ്റർ അപകടത്തിൽ ദുഃഖം പ്രകടിപ്പിച്ച് ബൈഡൻ
യുക്രൈൻ തലസ്ഥാനമായ കീവിനടുത്തുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അപകടത്തിൽ മരണപ്പെട്ട യുക്രൈൻ ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്റ്റിർസ്കിയെ ദേശസ്നേഹിയെന്ന് വിളിച്ച ബൈഡൻ ഹൃദയഭേദകമായ ദുരന്തത്തിൽ വിലപിക്കുന്ന എല്ലാവരുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും പറഞ്ഞു.
കീവിൻ്റെ കിഴക്കൻ മേഖലയിലുള്ള ബ്രോവറിയിലാണ് അപകടം ഉണ്ടായതെന്ന് യുക്രൈൻ നാഷണൽ പൊലീസ് മേധാവി ഹോർ ക്ലെമൻകോ അറിയിച്ചു. ബ്രോവറിയിലെ കിൻ്റർഗാർഡനു മുകളിലേക്കാണ് യുക്രൈൻ മന്ത്രിസഭാംഗങ്ങൾ യാത്ര ചെയ്ത ഹെലികോപ്റ്റർ തകർന്നുവീണത്. നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റർ കിൻ്റർഗാർഡൻ കെട്ടിടത്തിൻ്റെ മുകൾഭാഗത്തേക്ക് തകർന്നുവീഴുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു.
അപകടത്തിൽ 18 പേർ മരിച്ചു. യുക്രൈൻ ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്കിയെ കൂടാതെ സഹമന്ത്രി യഹീൻ യെനിൻ, ആഭ്യന്തര സെക്രട്ടറി യൂരി ലുബ്‌കോവിച് എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു. മൂന്നു കുട്ടികൾക്കും ജീവൻ നഷ്ടമായി. യുക്രൈനിൽ റഷ്യൻ അധിനിവേശം തുടരുന്നതിനിടെയാണ് മുതിർന്ന നേതാവായ മൊണാസ്റ്റിർസ്കി മരണപ്പെട്ടത്.
Story Highlights: Joe Biden Expresses Grief Over Ukraine Chopper Crash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here