പിടി സെവൻ അപകടകാരി, വനത്തിൽ വെച്ച് ആനയെ മയക്കുവെടി വെക്കുന്നത് പ്രതിസന്ധി; അരുൺ സഖറിയ

വനത്തിൽ വെച്ച് ആനയെ മയക്കുവെടി വെക്കുന്നത് പ്രതിസന്ധി ആണെന്ന് അരുൺ സഖറിയ ട്വന്റി ഫോറിനോട് പറഞ്ഞു. ഭൂപ്രകൃതി ആണ് വനത്തിൽ വെച്ച് മയക്കുവെടി വെക്കുന്നതിന് പ്രതിസന്ധിയാകുന്നത്. മനസിലാക്കിയിടത്തോളം പിടിസെവൻ അപകടകാരിയായ ആന തന്നെയാണ്. മയക്കുവെടി വെക്കുമ്പോൾ പിടി സെവൻ പ്രതിരോധിക്കാൻ സാധ്യതയുണ്ട്.
മനുഷ്യരെ കാണുമ്പോൾ ആക്രമിക്കാൻ പിടി സെവൻ പ്രവണത കാണിക്കുന്നുണ്ട്. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെന്നും നാളെ ഉൾവനത്തിലേക്ക് ദൗത്യ സംഘം ഇറങ്ങുമെന്നും അരുൺ സഖറിയ വ്യക്തമാക്കി. പി.ടി-7 എന്ന കാട്ടാനയെ പിടികൂടുന്നതിനായുള്ള പ്രത്യേക ദൗത്യ സംഘം പുലർച്ചെ പാലക്കാട് എത്തി. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. സുരേന്ദ്രൻ എന്ന കുങ്കി ആനയെയും ധോണിയിൽ എത്തിച്ചു. നാളെയോ മറ്റന്നാളോ മയക്കുവെടി വെക്കാൻ കഴിഞ്ഞേക്കുമെന്നാണ് ദൗത്യസംഘം പറയുന്നത്.
Read Also: ധോണിയിൽ വീണ്ടും പിടി7: ആർആർടി പ്രവർത്തകർ ആനയെ തുരത്തി
പുലർച്ചെ 4.30നാണ് സംഘം പാലക്കാടെത്തിയത്. ഭരതൻ,വിക്രമൻ,സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയാണ് ദൗത്യത്തിനായി ഉപയോഗിക്കുന്നത്. ജനവാസ മേഖലയിലേക്ക് ഇടക്കിടെ ഇറങ്ങി പി ടി-7 ഭീതി പരത്തുന്ന പശ്ചാത്തലത്തിലാണ് കാട്ടാനയെ അടിയന്തരമായി പിടികൂടുന്നത്. ആന ഇന്നലെയും ഇന്നും വനത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നാണ് ദൗത്യസംഘത്തിന്റെ കണ്ടെത്തൽ. നിലവിൽ ആനയ്‌ക്കൊപ്പം മറ്റ് കാട്ടാനക്കൂട്ടങ്ങൾ ഇല്ലെന്നും ദൗത്യത്തിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നുമാണ് സൂചന.
ധോണിയിലും പരിസരപ്രദേശങ്ങളിലുമുള്ള നെൽവയലുകളിൽ ആനകൾ കൃഷി നശിപ്പിക്കുന്നത് സ്ഥിരമായതിനാൽ എത്രയും വേഗം ആനയെ തുരത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. രണ്ട് ദിവസം മുൻപ് ധോണി സെന്റ് തോമസ് നഗറിലെ ജനവാസ മേഖലയിലൂടെ ആന നടന്നുപോകുന്ന ദൃശ്യങ്ങളും പുറത്തെത്തിയിരുന്നു.
Story Highlights: PT Seven is dangerous Arun Zakaria
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here