വനിതാ ഗുസ്തി താരങ്ങളുടെ ആരോപണം ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ അന്വേഷിക്കും, പി.ടി ഉഷ

ഫെഡറേഷൻ പ്രസിഡന്റ് ലൈംഗികമായി ചൂഷണം ചെയ്തു എന്ന വനിതാ ഗുസ്തി താരങ്ങളുടെ ആരോപണത്തിൽ പ്രതികരിച്ച് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ. ഡൽഹിയിലെ ജന്തർ മന്തറിൽ ഗുസ്തി താരങ്ങളുടെ കനത്ത പ്രതിഷേധം തുടരുന്നതിനിടയിലാണ് തന്റെ സ്വകാര്യ ട്വിറ്റർ ഹാൻഡിലൂടെ ഒളിമ്പ്യൻ പിടി ഉഷ നയം വ്യക്തമാക്കിയത്. PT Usha Assures ‘complete Investigation’ In Allegations Against WFI Chief
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയിൽ അംഗങ്ങൾക്ക് ഇടയിൽ ഗുസ്തിതാരങ്ങളുടെ വിഷയം ഉന്നയിച്ചു എന്ന് പിടി ഉഷ തന്റെ ട്വിറ്റർ ഹാന്റിലിലൂടെ അറിയിച്ചു. കായികതാരങ്ങളുടെ ക്ഷേമമാണ് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ പ്രഥമ പരിഗണന എന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. കായികതാരങ്ങളോട് മുന്നോട്ട് വരാനും അവരുടെ പ്രശ്‍നങ്ങൾ പങ്കുവെക്കാനും അഭ്യർത്ഥിക്കുന്നതായും ഒളിമ്പ്യൻ കൂട്ടിച്ചേർത്തു.
Read Also: ഗുസ്തി താരങ്ങളുടെ സമരം; പ്രതിഷേധക്കാരെ നേരിൽ കാണുമെന്ന് അനുരാഗ് ഠാക്കൂർ
താരങ്ങൾക്ക് നീതി ഉറപ്പാക്കാൻ പൂർണതോതിലുള്ള ഒരു അന്വേഷണം നടത്തും. ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ നേരിടുന്നതിനായും തീരുമാനങ്ങൾ എടുക്കുന്നതിനായും ഒരു പ്രത്യേക സമിതി രൂപീകരിക്കാനും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ടെന്നും പിടി ഉഷ വ്യക്തമാക്കി.
ഇന്ന് കായിക മന്ത്രാലയവുമായി ഗുസ്തി താരങ്ങൾ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. തുടർന്ന് ആരോപണവിധേയനായ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള സമരം കൂടുതൽ കരുത്താർജ്ജിച്ചു. ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരെ ഉൾപ്പെടുത്തിയാണ് ഗുസ്തിക്കാർ പ്രതിഷേധം നടത്തുന്നത്. റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പിരിച്ചുവിടണമെന്നാണ് ഇവരുടെ ആവശ്യം. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വനിത ഗുസ്തി താരങ്ങൾക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പ്രതിഷേധക്കാർ വെളിപ്പെടുത്തിയിരുന്നു.
Story Highlights: PT Usha Assures ‘complete Investigation’ In Allegations Against WFI Chief
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here