പാറ്റൂർ ആക്രമണ കേസ്; ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ ഫ്ലാറ്റിൽ പ്രത്യേക സംഘത്തിന്റെ അപ്രതീക്ഷിത പരിശോധന

തിരുവനന്തപുരം പാറ്റൂരിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയ കേസിൽ ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ അമ്പലമുക്കിലെ ഫ്ലാറ്റിൽ പരിശോധന. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. അക്രമത്തിനായി പ്രതികൾ ഉപയോഗിച്ച വാഹനം ഈ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിരുന്നു. ( pattur case Inspection at Om Prakashs flat ).
കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ കൂട്ടാളികൾ അല്പം മുമ്പ് കീഴടങ്ങിയിരുന്നു. അഭിഭാഷകന്റെ സഹായത്തോടെ തിരുവനന്തപുരത്തെ കോടതിയിലാണ് ഇവർ കീഴടങ്ങിയത്. കേസിൽ പ്രധാന പ്രതികളായ ആരിഫ്, ആസിഫ്, ജോമോൻ, രഞ്ജിത്ത് എന്നിവരാണ് കീഴടങ്ങിയത്. ഓംപ്രകാശ് ഇപ്പോഴും ഒളിവിലാണ്.
ഇതിൽ ആരിഫ് ഒളിവിൽ കഴിയവേ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥയെയും, സിപിഐ നേതാവിന്റെ മകളെയും ഫോണിൽ വിളിച്ചെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. പ്രതികൾ ഊട്ടിയിൽ ഒളിവിൽ കഴിഞ്ഞുവെന്നാണ് പൊലീസ് വിലയിരുത്തൽ. അതേ സമയം ഗുണ്ടാ സംഘത്തലവൻ ഓംപ്രകാശ് ഇപ്പോഴും ഒളിവിലാണ്. ഓം പ്രകാശ് ഡൽഹിയിലെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പാറ്റൂർ ആക്രമണ കേസിലെ ഓംപ്രകാശിന്റെ കൂട്ടാളികളുടെ കീഴടങ്ങൽ പൊലീസ് ഒത്താശയോടെയാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
വിവാദമായ കേസായിരുന്നിട്ടും കോടതി പരിസരത്ത് പൊലീസുണ്ടായിരുന്നില്ല. കീഴടങ്ങാൻ എത്തിയ പ്രതി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് കോടതിയിൽ എത്തിയത്. കോടതി പരിസരത്ത് ഗുണ്ടാ-ക്രിമിനൽ കേസുകളിൽ പ്രതിയായവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.
Story Highlights: pattur case Inspection at Om Prakashs flat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here