ഇന്ത്യയിൽ ജിയോയ്ക്ക് കുതിപ്പ്; 3 മാസത്തിനിടെ 4,881 കോടിയുടെ ലാഭം

ഇന്ത്യയിൽ ജിയോയ്ക്ക് കുതിപ്പ്. നഷ്ടങ്ങളുടെ വിപണിയിൽ ജിയോ മാത്രമാണ് നേട്ടം കൊയ്യുന്നത്. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ജിയോയുടെ അറ്റാദായം 4,881 കോടി രൂപയാണ്. എന്നാൽ കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 3,795 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. അതേസമയം, രണ്ടാം പാദത്തിൽ 4,729 കോടി രൂപയായിരുന്നു ജിയോയുടെ അറ്റാദായം.
19,347 കോടി രൂപയിൽ നിന്ന് കമ്പനിയുടെ മൊത്തം വരുമാനം19 ശതമാനം വർധിച്ച് മൂന്നാം പാദത്തിൽ 22,998 കോടി രൂപയിലെത്തി. വാർഷിക പ്രവർത്തന ചെലവ് 16 ശതമാനം ഉയർന്ന് 7,227 കോടി രൂപയായും രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം ചെലവുകൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ 14,655 കോടി രൂപയിൽ നിന്ന് ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 16,839 കോടി രൂപയായി ഉയർന്നു.
ഓരോ ഉപയോക്താവിൽ നിന്നും നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ലഭിക്കുന്ന ശരാശരി വരുമാനം (ARPU) 178.2 രൂപയാണ്. ഇത് മുൻ പാദത്തിലെ 177.2 രൂപയേക്കാൾ കാര്യമായി കൂടിയിട്ടില്ലെന്നും ജിയോ പറയുന്നു. ഡേറ്റാ ട്രാഫിക്ക് രണ്ടാം പാദത്തിലെ 2820 കോടി ജിബിയിൽ നിന്ന് മൂന്നാം പാദത്തിൽ 2900 കോടി ജിബിയായി ഉയർന്നിട്ടുണ്ട്.
ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 42.76 കോടിയിൽ നിന്ന് 43.29 കോടിയായും ഉയർന്നിട്ടുണ്ട്. ജിയോ ട്രൂ5ജി തുടങ്ങി മൂന്ന് മാസത്തിനുള്ളിൽ 134 നഗരങ്ങളിൽ ലഭ്യമാക്കാൻ സാധിച്ചു. ഈ വർഷം അവസാനത്തോടെ രാജ്യത്തുടനീളം 5ജി ലഭ്യമാക്കുമെന്നും റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാൻ ആകാശ് അംബാനി അറിയിച്ചു.
Story Highlights: Reliance Jio Posts Rs 4881 Crore Net Profit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here