പി.ടി സെവന്‍ കൊമ്പന് ഇനി നല്ല നടപ്പ്; ആനയെ കുങ്കിയാക്കി മാറ്റും

പാലക്കാട് ധോണിയില്‍ കാലങ്ങളായി ജനങ്ങളെ ഭീതിയിലാഴ്ത്തി വിലസി നടന്ന പി ടി സെവന്‍ കാട്ടാനയ്ക്ക് ഇനി നല്ല നടപ്പിന്റെ നാളുകള്‍. പി ടി സെവനെ കുങ്കിയാന ആക്കി മാറ്റാനാണ് തീരുമാനമെന്ന് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്റ് ഡോ.അരുണ്‍ സക്കറിയ പറഞ്ഞു. രണ്ട് മണിക്കൂറോളം നിരീക്ഷിച്ചതിന് ശേഷമാണ് ആനയെ മയക്കുവെടി വച്ചതെന്ന് അസി.കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബി.രഞ്ജിത് പറഞ്ഞു. പി ടി സെവനെ ഇന്ന് തന്നെ പിടികൂടുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നതായി അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു.
കൂട്ടിലായ പി ടി സെവനെ കാണാന്‍ വനംമന്ത്രി എകെ ശശീന്ദ്രന്‍ ധോണിയില്‍ എത്തി. ആനയെ കോന്നിയിലേക്ക് അയക്കുമെന്ന പ്രചാരണം തെറ്റാണെന്നും വനംമന്ത്രി പറഞ്ഞു.
‘അരുണ്‍ സക്കറിയ ഉള്‍പ്പെടെയുള്ള ദൗത്യസംഘത്തിലെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ആനയെ ഇവിടെ വച്ച് തന്നെ പരിശീലിപ്പിച്ച് മെരുക്കിയെടുക്കാനാണ് തീരുമാനം. കോന്നിയിലേക്ക് കൊണ്ടുപോകേണ്ടതില്ല. അത്തരം പ്രചാരണങ്ങള്‍ തെറ്റാണ്’. ശാസ്ത്രീയമായി നിരീക്ഷിച്ച് ചെയ്യേണ്ട കാര്യങ്ങളില്‍ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ ഊഹാപോഹം നടത്തരുതെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
യുദ്ധസമാനമായ ദൗത്യമാണ് ആനയെ പിടികൂടിയവര്‍ നടത്തിയത്. ഉദ്യോഗസ്ഥരുടെ മനോധൈര്യവും അര്‍പ്പണ ബോധവും അഭിനന്ദനീയം. പി ടി സെവനൊപ്പമുണ്ടായിരുന്ന മറ്റ് കാട്ടാനകളെ നിരീക്ഷിച്ചാകും തുടര്‍നടപടികള്‍. ഇപ്പോള്‍ ജനങ്ങളുടെ ആശങ്കയകറ്റാനുള്ള നടപടികള്‍ക്കാണ് പ്രാധാന്യം. വന്യജീവി ആക്രമണം നേരിടാന്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. കൂടുതല്‍ ആര്‍ആര്‍ടികള്‍ അനുവദിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ബജറ്റില്‍ കൂടുതല്‍ ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ അനുവദിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.
Read Also: കാട്ടുകൊമ്പന്‍ പി.ടി സെവന്‍ എങ്ങനെ പാലക്കാടിന്റെ പേടിസ്വപ്‌നമായി മാറി…?
ഇന്ന് രാവിലെ 7.10 ഓടെയായിരുന്നു പി ടി സെവനെ മയക്കുവെടി വച്ചത്. ഇടത് ചെവിക്ക് താഴെയായിരുന്നു വെടിയേറ്റത്. തുടര്‍ന്ന് കുങ്കി ആനകളായ ഭരതനും വിക്രമനും ഇടത്തും വലത്തും നിന്നും സുരേന്ദ്രന്‍ പിറകില്‍ നിന്നും തള്ളി പി.ടി സെവനെ ലോറിയില്‍ കയറ്റി.മുണ്ടൂരിലെ അനുയോജ്യമായ സ്ഥലത്ത് പി.ടി സെവനെ കണ്ടെത്തിയ വിവരം ആദ്യ സംഘം അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഉള്‍വനത്തിലെത്തിയ ദൗത്യസംഘമാണ് മയക്കുവെടി വച്ചത്.
Story Highlights: pt 7 elephant will turned into kunghi elephant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here