Advertisement

സെഞ്ച്വറി തിളക്കത്തിൽ ഗില്ലും രോഹിതും, ന്യൂസിലൻഡിന് 386 റൺസ് വിജയലക്ഷ്യം

January 24, 2023
Google News 2 minutes Read

ഇന്ത്യയ്‌ക്കെതിരായ അവസാന ഏകദിനത്തിൽ ന്യൂസിലൻഡിന് 386 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം. ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രോഹിത് ശർമ്മയുടെയും ശുഭ്മാൻ ഗില്ലിന്റെയും സെഞ്ച്വറികളുടെ മികവിലാണ് ടീം വമ്പൻ സ്‌കോറിലേക്ക് എത്തിയത്. അവസാന ഘട്ടത്തിൽ ഹാർദിക് പാണ്ഡ്യ നേടിയ 54 റൺസും ടീമിനെ തുണച്ചു.

ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ ടോം ലാഥം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് 212 റൺസിന്റെ പടുകൂറ്റൻ പാട്ണർഷിപ്പ് പടുത്തുയർത്തി. രോഹിത് ശർമ്മ 85 പന്തിൽ 101 റൺസെടുത്ത് പുറത്തായപ്പോൾ ശുഭ്മാൻ ഗിൽ 78 പന്തിൽ 112 റൺസെടുത്തു.

രോഹിത് ശർമ്മയുടെ കരിയറിലെ 30-ാം സെഞ്ച്വറിയാണിത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ റിക്കി പോണ്ടിങ്ങിന് തുല്യമായി രോഹിത് ശർമ്മ. ഏകദിന ക്രിക്കറ്റിലെ നാലാം സെഞ്ചറിയാണു ഗില്ലിന്റേത്. ഒരു ഘട്ടത്തിൽ സ്കോർ 500 മുകളിൽ ഏറ്റുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബൗളർമാർ നല്ലരീതിയിൽ തിരിച്ചുവരവ് നടത്തി. രോഹിത്തും ഗില്ലും പുറത്തായതോടെ റൺ ഒഴുക്ക് കുറഞ്ഞു.

വിരാട് കോലി(36) ഇഷാന്‍ കിഷൻ(24) സൂര്യകുമാര്‍ യാദവ്(14) എന്നിവർ അധികം വൈകാതെ കൂടാരം കയറി. വിക്കറ്റ് നഷ്ടമില്ലാതെ 212 റണ്‍സെന്ന നിലയില്‍ നിന്ന് ഇന്ത്യ 293 ന് അഞ്ച് എന്ന സ്‌കോറിലേക്ക് നിലംപൊത്തി. ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനമാണ് അവസാന ഓവറുകളില്‍ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായകമായത്. ഹാർദിക് പാണ്ഡ്യ 38 പന്തിൽ 54 റൺസ് നേടി.

Story Highlights: Rohit Sharma, Shubman Gill Centuries Propel India To 385/9 vs New Zealand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here