അനിലിന് പകരക്കാരന്‍; ഡോ. പി.സരിന്‍ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ വിങ് കണ്‍വീനറാകും

ഡോ. പി സരിന്‍ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ വിങ് കണ്‍വീനറാകും. അനില്‍ കെ ആന്റണി രാജിവച്ച ഒഴിവിലേക്കാണ് സരിന്റെ നിയമനം. ഒറ്റപ്പാലത്ത് യുഡിഎഫിന്റെ നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്നു ഡോ. പി സരിന്‍. സിവില്‍ സര്‍വന്റായിരുന്ന സരിന്‍, ഔദ്യോഗിക ജീവിതം രാജിവച്ചായിരുന്നു സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്. സിവില്‍ സര്‍വീസിലെ ആദ്യ അവസരത്തില്‍ 555ആം റാങ്ക് നേടിയ സരിന്‍ ഇന്ത്യന്‍ അക്കൗണ്ട്‌സ് ആന്റ് ഓഡിറ്റ് സര്‍വീസിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 2016ലായിരുന്നു രാജി.
ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിഷയത്തിലെ പ്രതികരണത്തോടെയാണ് അനില്‍ ആന്റണിക്ക് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വമൊഴികെ പദവികളില്‍ നിന്നൊഴിയേണ്ടിവന്നത്. കടുത്ത വിമര്‍ശനം അനിലിന്റെ നിലപാടിനെതിരെ ഉയര്‍ന്നതോടെ സ്വയം രാജിവയ്ക്കുകയായിരുന്നു.
ഇന്ത്യയുടെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്ററിയിലെ പരാമര്‍ശങ്ങള്‍ എന്നായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം. ബിബിസിയേക്കാള്‍ രാജ്യത്തെ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്നും അനില്‍ ആന്റണി പറഞ്ഞിരുന്നു. അതേസമയം ഗുജറാത്ത് കലാപത്തെ കുറിച്ച് വ്യക്തമായ നിലപാട് പറയാന്‍ അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് അനില്‍ ആന്റണിയെ തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും കെപിസിസി പ്രസിഡണ്ട് കെ സുധാകരനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഇതോടെ രാജിക്കുള്ള വഴി തെളിയുകയും ചെയ്തു.
Read Also: അനിൽ ആന്റണി കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നയത്തിന്റെ ഉത്പന്നം; എം.വി ഗോവിന്ദൻ
ഓഫീസ് നടത്തിപ്പ് ചുമതലകളിലെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ കെ.പി.സി.സി ഭാരവാഹികള്‍ക്കും ചുമതല മാറ്റമുണ്ട്. ഓഫീസ് ചുമതലയില്‍ നിന്ന് ജനറല്‍ സെക്രട്ടറി ജി.എസ് ബാബുവിനെ മാറ്റി. സംഘടന ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന് ഓഫീസ് ചുമതല കൂടി നല്‍കി. ജി.എസ് ബാബുവിന് സേവാദളിന്റെ ചുമതല. സോഷ്യല്‍ മീഡിയ ചുമതല വി.ടി ബല്‍റാമിനെയും ഏല്‍പ്പിച്ചു.
Story Highlights: Dr. P. Sarin will be the convener of digital media wing of Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here