Advertisement

ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് തോൽവി, ന്യൂസിലൻഡ് ജയം 21 റൺസിന്

January 27, 2023
Google News 2 minutes Read

റാഞ്ചിയിൽ നടന്ന ആദ്യ ടി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് 21 റൺസിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീമിന് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ന്യൂസിലൻഡ് 1-0ന് മുന്നിലെത്തി.

ഹാർദിക്കിന്റെ നായകത്വത്തിൽ ഇന്ത്യൻ ടീമിന്റെ രണ്ടാം തോൽവിയാണിത്. ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ 50 റൺസും സൂര്യകുമാർ യാദവ് 47 റൺസും നേടി. ഏഴ് ബാറ്റ്സ്മാൻമാർക്ക് രണ്ടക്കം തൊടാൻ പോലും കഴിഞ്ഞില്ല. ന്യൂസിലൻഡിനായി മൈക്കൽ ബ്രേസ്‌വെൽ, ലോക്കി ഫെർഗൂസൺ, മിച്ചൽ സാന്റ്‌നർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

അതേസമയം ഇന്ത്യൻ ബൗളർമാരുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. നാല് ഓവറിൽ 51 റൺസാണ് അർഷ്ദീപ് നൽകിയത്. ഉംറാൻ ഒരോവറിൽ 16 റൺസും മാവി രണ്ടോവറിൽ 19 റൺസും ഹാർദിക് മൂന്നോവറിൽ 33 റൺസും വഴങ്ങി. നേരത്തെ ന്യൂസിലൻഡിനായി ഡെവൺ കോൺവെ 52ഉം ഡാരിൽ മിച്ചൽ പുറത്താകാതെ 59ഉം റൺസെടുത്തു. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടക്കും.

Story Highlights: Washington Sundar’s Fifty In Vain As India Lose By 21 Runs Against NZ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here