Advertisement

ഇന്ത്യയിൽ നിരോധിക്കപ്പെട്ട 5 ഡോക്യുമെന്ററികൾ

January 28, 2023
Google News 4 minutes Read

2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ഇന്ത്യയിൽ വൻ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ജന്മനാടായ ഗുജറാത്തിൽ പടർന്നുപിടിച്ച വർഗീയ കലാപം നിയന്ത്രിക്കുന്നതിൽ മോദി വഹിച്ച പങ്ക് പരിശോധിക്കുന്ന India: ‘The Modi Question’ ബിജെപിയെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്. വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുവദിക്കിലെന്ന് കേന്ദ്രവും എന്ത് വിലകൊടുത്തും പ്രദർശിപ്പിക്കുമെന്ന് പ്രതിപക്ഷ പാർട്ടികളും പ്രഖ്യാപിച്ചതോടെ രാജ്യത്തുടനീളം സംഘർഷം ഉടലെടുത്തു. തെരുവുകൾ യുദ്ധക്കളമായി, സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇന്ത്യയിൽ വിവാദമാകുന്ന ആദ്യത്തെ ഡോക്യുമെന്ററിയല്ല ഇത്. സർക്കാർ നിയന്ത്രണങ്ങൾ നേരിട്ട മറ്റ് ചില ഡോക്യുമെന്ററികൾ ഇതാ…

Final Solution
2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ആദ്യത്തെ ഡോക്യുമെന്ററിയല്ല ‘The Modi Question’. പതിറ്റാണ്ടുകൾക്ക് മുമ്പ് രാകേഷ് ശർമ്മയുടെ സംവിധാനത്തിൽ ഫൈനൽ സൊല്യൂഷൻ എന്ന ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. ഗുജറാത്തിലെ വർഗീയ അക്രമങ്ങൾ ശ്രദ്ധാപൂർവ്വം ഏകോപിപ്പിച്ച് ആസൂത്രണം ചെയ്തത് നടപ്പിലാക്കിയതാണെന്ന് രാകേഷ് ശർമ്മ ഫൈനൽ സൊല്യൂഷനിലൂടെ പറഞ്ഞു. വർഗീയ കലാപത്തെ അതിജീവിച്ചവരുമായും സാക്ഷികളുമായും നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നത്.

/

പ്രകോപനപരവും വർഗീയ കലാപത്തിനും തീവ്രവാദത്തിനും കാരണമാകുമെന്ന ആശങ്കയുടെ പേരിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ഡോക്യുമെന്ററിയെ നിരോധിച്ചു. എൻഡിഎ ഭരണകാലത്ത് സെൻസർ ബോർഡ് ചെയർപേഴ്സണായിരുന്ന അനുപം ഖേർ ബിജെപി അനുഭാവി എന്ന നിലയിലാണ് ഡോക്യുമെന്ററിക്ക് ക്ലിയറൻസ് നല്കാത്തതെന്ന് ശർമ്മ ആരോപിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. 2004 ഒക്ടോബറിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ കേന്ദ്രത്തിൽ അധികാരമേറ്റതിന് ശേഷം നിരോധനം നീക്കി. ഡോക്യുമെന്ററി പ്രത്യേക ജൂറി അവാർഡ് (നോൺ ഫീച്ചർ ഫിലിം) വിഭാഗത്തിൽ ദേശീയ അവാർഡ് നേടി. അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിളും ബഹുമതികൾ വാരിക്കൂട്ടി.

India’s Daughter
2015ൽ മറ്റൊരു ബിബിസി ഡോക്യുമെന്ററി വിവാദം സൃഷ്ടിച്ചിരുന്നു. ഡൽഹിയിലെ കുപ്രസിദ്ധമായ നിർഭയ കൂട്ടബലാത്സംഗ കൊലപാതകത്തെ ആസ്പദമാക്കിയുള്ളതായിരുന്നു ലെസ്ലി ഉഡ്വിന്റെ സംവിധാനത്തിൽ ഒരുങ്ങിയ India’s Daughter. ബിബിസിയുടെ സ്റ്റോറിവില്ലെ പരമ്പരയിൽ പെട്ടതായിരുന്നു ഡോക്യുമെന്ററി. ബലാത്സംഗികളിൽ ഒരാളായ മുകേഷുമായുള്ള അഭിമുഖത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടെ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യുന്നത് കോടതി നിരോധിച്ചു. പിന്നാലെ ബിബിസി ഇന്ത്യയിൽ അത് പ്രദർശിപ്പിച്ചില്ല.

എന്നാൽ ഇത് വിദേശത്ത് സംപ്രേക്ഷണം ചെയ്യുകയും യുട്യൂബിലൂടെ ഇന്ത്യയിലെത്തുകയും ചെയ്തതോടെ ഡോക്യുമെന്ററി തടയണമെന്ന് സർക്കാർ യൂട്യൂബിനോട് ആവശ്യപ്പെട്ടു. ബിബിസി ഡോക്യുമെന്ററിയുടെ നിരോധനം പാർലമെന്റിൽ ചൂടേറിയ ചർച്ചകൾക്ക് കാരണമായി, പ്രതിപക്ഷ നിയമസഭാംഗങ്ങൾ സർക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്തു. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതായി അന്നത്തെ പാർലമെന്ററി കാര്യ മന്ത്രി എം വെങ്കയ്യ നായിഡു ആരോപിച്ചു.

Ram Ke Naam
ആനന്ദ് പട്‌വർദ്ധന്റെ രാം കേ നാം ഏറ്റവും വിവാദപരമായ ഡോക്യുമെന്ററികളിൽ ഒന്നാണ്. 1992-ൽ ചിത്രീകരിച്ച ഡോക്യുമെന്ററിയിൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനായി വിശ്വഹിന്ദു പരിഷത്ത് നടത്തിയ പ്രചാരണത്തെ വിവരിക്കുന്നു. മികച്ച അന്വേഷണാത്മക ഡോക്യുമെന്ററിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും മികച്ച ഡോക്യുമെന്ററിക്കുള്ള ഫിലിംഫെയർ അവാർഡും നേടിയ ഈ ചിത്രം ദേശീയ അന്തർദേശീയ തലത്തിൽ നിരൂപക പ്രശംസ നേടി. എന്നാൽ ഇതിനിടയിലും “മതവികാരം വ്രണപ്പെടുത്തുന്നു” എന്ന് കരുതി ദൂരദർശനിൽ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യുന്നത് സർക്കാർ നിരോധിച്ചു.

Inshallah, Football

ബ്രസീലിൽ കളിക്കാൻ ആഗ്രഹിച്ച ഒരു യുവ കശ്മീരി ഫുട്ബോൾ കളിക്കാരനെക്കുറിച്ചുള്ള ഡോക്യുമെന്ററി ആയിരുന്നു Inshallah, Football. പിതാവ് ഒരു മുൻ തീവ്രവാദി ആയിരുന്നതിനാൽ പാസ്‌പോർട്ട് ലഭിക്കാതെ തൻ്റെ സ്വപ്‌നങ്ങൾ കുഴിച്ചുമൂടേണ്ടി വന്ന കുട്ടിയുടെ കഥ പറഞ്ഞ ഡോക്യുമെന്ററി അവാർഡുകൾ നേടിയെങ്കിലും സർക്കാർ നിയന്ത്രണങ്ങൾ നേരിട്ടു. 2010-ൽ അശ്വിൻ കുമാറിന്റെ ഡോക്യുമെന്ററിക്ക് സെൻസർ ബോർഡിൽ നിന്ന് എ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നുവെങ്കിലും, റിലീസിന് തൊട്ടുമുമ്പ് ബോഡി അതിന്റെ പ്രദർശനം തടഞ്ഞു.

സൈന്യത്തിന്റെ സാന്നിധ്യത്തിലുള്ള താഴ്‌വരയിലെ പൊതുജീവിതം വിവരിക്കുന്നു എന്നതായിരുന്നു കാരണം. തെരഞ്ഞെടുത്ത പ്രേക്ഷകർക്ക് കാണുന്നതിനായി ചലച്ചിത്ര നിർമ്മാതാവ് ‘ഇൻഷാ അല്ലാഹ് ഫുട്ബോൾ’ പ്രദർശിപ്പിക്കുകയും പാസ്‌വേഡ് പരിരക്ഷിത പ്രിന്റ് ഓൺലൈനിൽ പുറത്തിറക്കുകയും ചെയ്തു. സെൻസർ ബോർഡിനെ മറികടക്കാൻ അദ്ദേഹം മറ്റൊരു സിനിമ ‘ഇൻഷാല്ലാ കാശ്മീർ’ നിർമ്മിക്കുകയും ഓൺലൈനിൽ റിലീസ് ചെയ്യുകയും ചെയ്തു.

Calcutta, Phantom India
1970 കളിൽ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റർ മറ്റൊരു വിവാദ ഡോക്യുമെന്ററി ഇറക്കിയിരുന്നു. ലൂയിസ് മല്ലെയുടെ കൽക്കട്ട, ഫാന്റം ഇന്ത്യ എന്നി രണ്ട് ഡോക്യുമെന്ററികൾ ബ്രിട്ടീഷ് ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തത് ഇന്ത്യൻ പ്രവാസികൾക്കിടയിൽ രോഷത്തിന് കാരണമാവുകയും ഇന്ത്യൻ സർക്കാരിൽ നിന്ന് രൂക്ഷമായ പ്രതികരണം നേടുകയും ചെയ്തു. തൽഫലമായി ബിബിസി 1972 വരെ ഇന്ത്യയിൽ നിന്ന് പുറത്താക്കപ്പെട്ടു.

Story Highlights: 5 documentaries banned in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here