ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണനാണയ വിതരണം; വിവാദമായതോടെ പിന്മാറി സപ്ലൈകോ

ഓണക്കിറ്റ് വിതരണം ചെയ്ത ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണ്ണ നാണയം സമ്മാനം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി സപ്ലൈകോ. കൊവിഡ് കാലത്തെ കിറ്റ് വിതരണത്തിന് കമ്മിഷന്‍ ലഭിക്കാത്ത റേഷന്‍ വ്യാപാരികളും സപ്ലൈകോയിലെ തന്നെ ജീവനക്കാരും എതിര്‍പ്പറിയിച്ചതോടെയാണ് നടപടി.
കഴിഞ്ഞ വര്‍ഷം വിജയകരമായി ഓണക്കിറ്റ് വിതരണം ചെയ്ത അഞ്ച് മേഖലകളിലെ മാനേജര്‍മാര്‍ക്കും അസി.മാനേജര്‍മാര്‍ക്കും ഒരു ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ നാണയവും ഡിപ്പോ മാനേജര്‍ മാര്‍ക്ക് അര ഗ്രാം സ്വര്‍ണ്ണ നാണയും നല്‍കാനായിരുന്നു തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കഴിഞ്ഞ ബുധനാഴ്ച പുറത്തിറക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് മേഖലയില്‍ ഇന്നലെ സ്വര്‍ണനാണയങ്ങള്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഇതറിഞ്ഞ റേഷന്‍ വ്യാപരികളും സപ്ലൈകോയിലെ മറ്റ് ജീവനക്കാരും പരാതിയുമായി രംഗത്തെത്തി.
Read Also: കൊച്ചിയില്‍ സപ്ലൈകോ ഓണ്‍ലൈന്‍ വില്‍പ്പനയും ഹോം ഡെലിവറിയും
സ്വര്‍ണനാണയ വിതരണം വിവാദത്തിലേക്ക് നീങ്ങിയതോടെ ചെയര്‍മാന്‍ ഇടപെട്ട് പരിപാടി മാറ്റി. സപ്ലൈകോയിലെ എല്ലാ ജീവനക്കാര്‍ക്കും സ്വര്‍ണ്ണ നാണയം നല്‍കുക പ്രായോഗികമല്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് പ്രചോദനം നല്‍കാന്‍ വേണ്ടി മാത്രമാണ് സ്വര്‍ണനാണയം നല്‍കാന്‍ തീരുമാനിച്ചതെന്നുമാണ് ചെയര്‍മാന്റെ നിലപാട്. ഒരു രൂപയുടെ ചിലവില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചതാണ് സ്വര്‍ണനാണയങ്ങളെന്നും ചെയര്‍മാനും എംഡിയുമായ ഡോ.സഞ്ജീബ് പട്ജോഷി പറഞ്ഞു.
Story Highlights: Supplyco withdrew from distribution of gold coins to officers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here