ഒരുപാട് ശരികൾ ചെയ്യുന്നതിനിടയിൽ ചില പിഴവുകൾ അറിയാതെ വരും; ചിന്ത ജെറോമിന് പിന്തുണയുമായി ഇപി ജയരാജൻ

യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വളർന്നു വരുന്ന ഒരു യുവ മഹിളാ നേതാവിനെ സ്ഥാപിത ലക്ഷ്യങ്ങൾ മുൻനിർത്തി വേട്ടയാടുകയാണെന്ന് ജയരാജൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. യുവജനകമ്മീഷന്റെ അഭിനന്ദനീയമായ പ്രവർത്തനങ്ങൾ കണ്ട്, സാമൂഹ്യ രാഷ്ട്രീയ സാസംസ്‌കാരിക രംഗത്ത് നടത്തുന്ന ഇടപെടലുകൾ കണ്ട് അസഹിഷ്ണരായ ആളുകൾ ചിന്ത ജെറോമിനെ വ്യക്തിഹത്യ നടത്തുകയാണ്. വളർന്നുവരുന്ന നേതൃത്വത്തെ മാനസികമായി തളർത്തി ഇല്ലാതാക്കി കളയാമെന്ന കോൺഗ്രസ് അജണ്ടയുടെ ഭാഗമാണ് ഈ ആക്രമണമെന്ന് അദ്ദേഹം ആരോപിച്ചു. LDF Convener EP Jayarajan Supports Chintha Jerome
Read Also: ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദം; ബിരുദ വസ്ത്രം ധരിച്ച് വഴക്കുലയേന്തി പ്രതിഷേധിച്ച് കെഎസ്‌യു
യുവജന കമ്മീഷൻ ചെയർപേഴ്‌സണിന്റെ ശമ്പളം നിശ്ചയിക്കുന്നതും ആനുകൂല്യങ്ങൾ തീരുമാനിക്കുന്നതും കേരളം ഗവൺമെന്റിന്റെ പൊതുനയത്തിന്റെ ഭാഗമാണ്. അതിന്റെ പേരിൽ ചിന്തയെ വേട്ടയാടുന്നത് ശരിയല്ല. പിഎച്ഡി പ്രബന്ധത്തിലുണ്ടായ പിഴവ് തികച്ചും മനുഷ്യസഹജമാണ്. തെറ്റുകൾ വരാത്തവരായി ആരും മനുഷ്യരിൽ ഇല്ല. ഒരുപാട് ശരികൾ ചെയ്യുന്നതിനിടയിൽ അറിയാതെ ചില പിഴവുകൾ വരും. ഇക്കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കണമെന്നും ഇപി ജയരാജൻ വ്യക്തമാക്കി. വിഷയത്തിൽ നിരീക്ഷണങ്ങളും പരിശോധനകളും നടത്താൻ ബന്ധപ്പെട്ട അതോറിറ്റികൾ ഉണ്ടെന്നും അതിനാൽ ഇത്തരം വ്യക്തിഹത്യകൾ ഒഴിവാക്കണമെന്നും എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.
എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
Story Highlights: LDF Convener EP Jayarajan Supports Chintha Jerome
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here