Advertisement

പെഷവാറിലെ ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 63 ആയി

January 31, 2023
Google News 1 minute Read

പാകിസ്താനിലെ പെഷവാറിൽ പള്ളിക്കുള്ളിൽ നടന്ന ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 63 ആയി. 150 ലധികം പേർ പരുക്കേറ്റ് ചികിത്സയിലാണ്. മസ്ജിദ് സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം തെഹ്‌രീകെ താലിബാൻ പാകിസ്താൻ (ടിടിപി) ഏറ്റെടുത്തു. ഖൈബർ പഖ്തൂൺഖ്വ കാവൽ മുഖ്യമന്ത്രി മുഹമ്മദ് അസം ഖാൻ ഇന്ന് പ്രവിശ്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ പെഷവാറിൽ സ്ഥിതി ചെയ്യുന്ന മസ്ജിദിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം. പ്രാർഥനയ്ക്കിടെ മുൻ നിരയിൽ ഉണ്ടായിരുന്ന ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ടിടിപി ഭീകരാനയ ഖാളിദ് ഖാറാസനി കഴിഞ്ഞ വർഷം വധിക്കപ്പെട്ടതിന്റെ പ്രതികാരമാണ് സ്‌ഫോടനമെന്നാണ് വിവരം.

മസ്ജിദിലെ ഇമാം സാഹിബ്സാദ നൂർ ഉൽ അമീനും സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പെഷവാറിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരുക്കേറ്റവർ കഴിയുന്ന നഗരത്തിലെ ലേഡി റീഡിംഗ് ഹോസ്പിറ്റലിലും അദ്ദേഹം സന്ദർശനം നടത്തി. കരസേനാ മേധാവി ജനറൽ അസിം മുനീർ, പ്രതിരോധ മന്ത്രി ഖവാജ ആസിഫ്, ഇൻഫർമേഷൻ മന്ത്രി മറിയം ഔറംഗസേബ്, ആഭ്യന്തര മന്ത്രി റാണ സനാഉല്ല എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ആക്രമണത്തെ തുടർന്ന് ഖൈബർ പഖ്തൂൺഖ്വ കാവൽ മുഖ്യമന്ത്രി മുഹമ്മദ് അസം ഖാൻ ഇന്ന് പ്രവിശ്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. പ്രവിശ്യയിലുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും, രക്തസാക്ഷികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ സർക്കാർ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന് കാരണമായവരെ വെറുതെ വിടില്ലെന്ന് ദുരിതബാധിതരായ കുടുംബങ്ങൾക്ക് ഇടക്കാല മുഖ്യമന്ത്രി ഉറപ്പ് നൽകി.

Story Highlights: Peshawar suicide blast toll rises to 63

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here