സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ മാതൃരാജ്യങ്ങളിലേക്ക് അയച്ച പണത്തിൽ കുറവെന്ന് കേന്ദ്ര ബാങ്കിന്റെ റിപ്പോർട്ട്

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശികൾ മാതൃരാജ്യങ്ങളിലേക്ക് അയച്ച പണത്തിൽ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ബാങ്കിന്റെ റിപ്പോർട്ട്. 2021നെ അപേക്ഷിച്ച് കഴിഞ്ഞ വർഷത്തെ റെമിറ്റൻസിൽ 6.9 ശതമാനം കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം 14,320 കോടി റിയാലാണ് വിദേശികൾ മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. 2021ൽ 15390 കോടി റിയാലാണ് വിദേശികളുടെ റെമിറ്റൻസ്. എന്നാൽ കഴിഞ്ഞ വർഷം റെമിറ്റൻസിൽ 1070 കോടി റിയാൽ കുറവ് രേഖപ്പെടുത്തിയതായി സൗദി കേന്ദ്ര ബാങ്കായ സാമയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2019ന് ശേഷം ആദ്യമായാണ് റെമിറ്റൻസിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്.
2022ൽ രണ്ടാം പാദം മുതൽ എല്ലാ മാസവും റെമിറ്റൻസിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തി. ഡിസംബറിൽ 1000 കോടി റിയാൽ മാത്രമാണ് വിദേശികൾ മാതൃരാജ്യങ്ങളിലേക്ക് അയച്ചത്.
2015ൽ വിദേശികൾ 15690 കോടി റിയാൽ മാതൃരാജ്യങ്ങളിലേക്ക് അയച്ചിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ 8.7 ശതമാനം കുറവാണ് 2022ൽ വിദേശികളുടെ റെമിറ്റൻസെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി.
Story Highlights: saudi arabia money bank report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here