നിയമസഭാ തെരഞ്ഞെടുപ്പ്; മേഘാലയയിൽ 60 ഉം നാഗാലാൻഡിൽ 20 ഉം സീറ്റിൽ മത്സരിക്കുമെന്ന് ബിജെപി

മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് ബിജെപി. നാഗാലാൻഡ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുമായി സഖ്യമുണ്ടാക്കി 60 ൽ 20 സീറ്റുകളിൽ മത്സരിക്കുമെന്നും പാർട്ടി അറിയിച്ചു. 2 സംസ്ഥാനങ്ങളിലും ഫെബ്രുവരി 27ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ മാർച്ച് 2 നാണ്.
നാഗാലാൻഡ്, മേഘാലയ ബിജെപി അധ്യക്ഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ച പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. “എം-പവർ”(മോദി പവർ) എന്ന പ്രചാരണ ടാഗ്ലൈനിൽ പാർട്ടി മേഘാലയ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി സെക്രട്ടറിയും വടക്കുകിഴക്കൻ സഹ-ഇൻചാർജുമായ ഋതുരാജ് സിൻഹ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾക്ക് നരേന്ദ്ര മോദിയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ പദ്ധതികൾ എത്തിയിട്ടുണ്ടെങ്കിലും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ അഴിമതിയിലും വികസന മന്ദതയും മടുത്തുവെന്ന് സിൻഹ അവകാശപ്പെട്ടു. മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടിയാണ് അധികാരത്തിലുള്ളത്. ബിജെപി അദ്ദേഹത്തിന്റെ സർക്കാരിന്റെ ഭാഗമാണെങ്കിലും ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം വളരെക്കാലമായി സുഗമമല്ല.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 47 സീറ്റുകളിൽ മത്സരിച്ച ബിജെപി രണ്ടെണ്ണത്തിൽ വിജയിച്ചിരുന്നു. ഇത്തവണ സംസ്ഥാന തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച സിൻഹ മോദി തന്റെ കാലയളവിനിടയിൽ 50 തവണ വടക്കുകിഴക്കൻ മേഖലയിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു.
Story Highlights: BJP to contest all 60 Meghalaya seats 20 seats in Nagaland