സൈബര്‍ ആക്രമണം: ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടെന്ന് ഗൂഗിള്‍ ഫൈ

അടുത്തിടെയുണ്ടായ ഒരു സൈബര്‍ ആക്രമണത്തില്‍ ഉപഭോക്താക്കളുടെ ചില സ്വകാര്യ വിവരങ്ങള്‍ ഗൂഗിള്‍ ഫൈയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിള്‍. ഗൂഗിള്‍ ഫൈ ഉപയോക്താക്കളുടെ ഡാറ്റ സൂക്ഷിച്ചിരുന്ന സിസ്റ്റം ആക്രമിക്കപ്പെട്ടെന്ന് ഉപയോക്താക്കളോട് ഗൂഗിള്‍ ഇ-മെയില്‍ വഴി അറിയിച്ചതായി ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. (Google Fi Confirms Personal Data Stolen in Recent Cyberattack)
ഉപയോക്താക്കളുടെ ഫോണ്‍ നമ്പരുകള്‍, സിം കാര്‍ഡ് സീരിയല്‍ നമ്പരുകള്‍, അക്കൗണ്ട് സ്റ്റാറ്റസ്, മൊബൈല്‍ സര്‍വീസ് പ്ലാനുകള്‍ മുതലായ സുപ്രധാന വിവരങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് ഗൂഗിള്‍ പറയുന്നു. പേരുകള്‍, ഇ മെയില്‍ അഡ്രസുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, മറ്റ് ബാങ്ക് വിവരങ്ങള്‍, സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖയിലെ വിവരങ്ങള്‍, പിന്‍ നമ്പരുകള്‍, പാസ്വേര്‍ഡുകള്‍, മുതലായവ ഈ സിസ്റ്റത്തില്‍ ശേഖരിക്കപ്പെട്ടിരുന്നില്ല എന്നത് നേരിയ ആശ്വാസമാകുന്നുണ്ട്.
Read Also: ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights
തങ്ങള്‍ വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഫൈ ഉപയോക്താക്കള്‍ എന്തെങ്കിലും പ്രത്യേകമായി ചെയ്യേണ്ടതില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിളിന്റെ സ്വന്തം സിസ്റ്റത്തില്‍ മോഷ്ടിച്ച വിവരങ്ങള്‍ ഉപയോഗിച്ച് യാതൊരു വിധത്തിലുമുള്ള കടന്നുകയറ്റമോ സംശയാസ്പദമായ സംഭവങ്ങളോ മോഷണത്തിന് ശേഷം ഉണ്ടായിട്ടില്ലെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചു. 2018ന് ശേഷം ഇത് എട്ടാം തവണയാണ് ഈ സിസ്റ്റത്തിന് നേരെ സൈബര്‍ ആക്രമണമുണ്ടായത്.
Story Highlights: Google Fi Confirms Personal Data Stolen in Recent Cyberattack