വൈക്കത്ത് മദ്യലഹരിയിൽ വീടിന് തീയിട്ട ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു

വൈക്കത്ത് കഴിഞ്ഞ ദിവസം മദ്യ ലഹരിയിൽ വീടിന് തീയിട്ട് ഭാര്യയേയും മക്കളേയും കൊല്ലാൻ ശ്രമിച്ച ഗൃഹനാഥൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മറവൻതുരുത്ത് പഞ്ഞിപ്പാലം രാജീവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കത്തിയ വീട്ടിൽ നിന്നും നിസ്സാരപരിക്കുകളോടെ സമീപവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജീവ് ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയിരുന്നു. അതിന് ശേഷമാണ് രാജീവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നിലവിൽ രാജീവിനെ വീണ്ടും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ നില തൃപ്തികരം എന്നാണ് ലഭിക്കുന്ന വിവരം. വലിയ രീതിയിൽ രാജീവിനെതിരെ കുറ്റപ്പെടുത്തലുകൾ ഉണ്ടായിരുന്നു. ഈ മനോവിഷമം കാരണമായിരിക്കാം ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.(Intoxicated man burned house)
കഴിഞ്ഞ ദിവസം രാത്രിയിലാണ് രാജീവ് സ്വന്തം വീടിന് തീ ഇട്ടത്. സ്ഥിരം മദ്യപിച്ചെത്തുന്ന രാജീവ് ഭാര്യയും മക്കളുമായും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. സമാനമായ രീതിയിൽ വീണ്ടും പ്രശ്നങ്ങൾ ഉയർന്നപ്പോഴായിരുന്നു രാജീവ് വീടിന് തീ ഇട്ടത്. തീ ഉയർന്നിരുന്ന സമയം ഭാര്യയും മക്കളും അയൽവീട്ടിൽ ആയിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. പുകയും ചൂടുമേറ്റ് അവശ നിലയിലായിരുന്ന രാജീവിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. വൈക്കത്ത് നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയായിരുന്നു തീയണച്ചത്. കുട്ടികളുടെ പുസ്തകങ്ങളും, സർട്ടിഫിക്കറ്റുകളും പൂർണമായും കത്തി നശിച്ചിരുന്നു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
Story Highlights: Intoxicated man burned house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here