Advertisement

സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ബദല്‍ നയങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് ബജറ്റ്; എം.വി ഗോവിന്ദന്‍

February 3, 2023
Google News 2 minutes Read

സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ബദല്‍ നയങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്‌ സംസ്ഥാന ബജറ്റെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ .
കൊവിഡ്‌ കാലം മുന്നോട്ടുവെച്ച പ്രതിസന്ധികളുടേയും, കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കിടയിലും വളര്‍ച്ചയുടേയും, അഭിവൃദ്ധിയുടേയും പാതയിലേക്ക്‌ സംസ്ഥാനം എത്തിയിരിക്കുന്നുവെന്ന്‌ ബജറ്റ്‌ രേഖകള്‍ വ്യക്തമാക്കുന്നു. അടിസ്ഥാന മേഖലകളില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്മാറുക എന്ന ആഗോളവല്‍ക്കരണ നയത്തില്‍ നിന്ന്‌ വ്യത്യസ്‌തമായി കൂടുതല്‍ ഇടപെടുകയെന്ന കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള ബജറ്റ്‌ കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

കാര്‍ഷിക തകര്‍ച്ച പരിഹരിക്കുന്നതിനുതകുന്ന നിരവധി നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്‌. റബ്ബര്‍ വിലയിടിവ്‌ തടയുന്നതിന്‌ 600 കോടി രൂപയാണ്‌ നീക്കിവെച്ചിരിക്കുന്നത്‌. തേങ്ങ സംഭരണ വിലയാകട്ടെ കിലോവിന്‌ 34 രൂപയായി ഉയര്‍ത്തുകയും ചെയ്‌തുവെന്നത്‌ ശ്രദ്ധേയമാണ്‌. മനുഷ്യ – വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനുള്ള ഇടപെടല്‍ വരെ ബജറ്റ്‌ മുന്നോട്ടുവെക്കുന്നുണ്ട്‌.

പരമ്പരാഗത വ്യവസായങ്ങളേയും, സാമൂഹ്യ സുരക്ഷാ പദ്ധതികളേയും സംരക്ഷിക്കുന്നതിനും പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്‌. കയര്‍ ഉല്‍പന്നങ്ങളുടേയും, ചകരിയുടേയും വിലസ്ഥിരത ഫണ്ടിനായി 38 കോടി രൂപയും, കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിന്‌ 30 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്‌. തോട്ടം തൊഴിലാളികളുടെ ലയങ്ങളുള്‍പ്പെടെ മെച്ചപ്പെടുത്തുന്നതിനുള്ള സമീപനവും എടുത്ത്‌ പറയേണ്ടതാണ്‌. അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിനായി 50 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്‌.

ദുര്‍ബല ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനും പ്രത്യേക ഊന്നലുണ്ടായിട്ടുണ്ട്‌. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 230 കോടിയും, അയ്യങ്കാളി തൊഴിലുറപ്പ്‌ പദ്ധതിയില്‍ 65 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്ന നടപടിയും ഇതിന്റെ ഭാഗമാണ്‌. ഇടുക്കി, വയനാട്‌, കാസര്‍ഗോഡ്‌ തുടങ്ങിയ പിന്നോക്ക മേഖലക്കായി 75 കോടി രൂപ വീതമുള്ള വികസന പാക്കേജ്‌ പ്രഖ്യാപിച്ചതും എടുത്ത്‌ പറയേണ്ടതാണ്‌.

Read Also: ‘കേരളം കടക്കെണിയിൽ അല്ല, കേന്ദ്ര ധനനയം സംസ്ഥാന വളർച്ചയെ തടയുന്നു’; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി

കൊച്ചി വ്യവസായ ഇടനാഴിക്കായി 10,000 കോടി രൂപയുടെ നിക്ഷേപം പോലുള്ളവ എടുത്തു പറയേണ്ടവയാണ്‌. തുറമുഖങ്ങളുടെ അടിസ്ഥാന വികസനങ്ങള്‍ക്കായി 45 കോടി രൂപയാണ്‌ നീക്കിവെച്ചിരിക്കുന്നത്‌. അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്നുള്ള കണ്‍സോഷ്യവും എടുത്തുപറയേണ്ടവയാണ്‌. കെ.എസ്‌.ആര്‍.ടി.സിക്ക്‌ 1,031 കോടി രൂപയും നല്‍കിയിട്ടുണ്ട്‌. വിനോദ സഞ്ചാരം, പൈതൃക സംരക്ഷണം തുടങ്ങിയവക്കും സവിശേഷമായ പ്രാധാന്യം നല്‍കിയിട്ടുള്ള ബജറ്റാണ്‌.

വൈജ്ഞാനിക സമൂഹ സൃഷ്ടിയെന്ന വാഗ്‌ദാനം നടപ്പിലാക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള സവിശേഷ പ്രാധാന്യവും ബജറ്റിനെ ഭാവിയെക്കൂടി ലക്ഷ്യംവെച്ചുകൊണ്ടുള്ള ഒന്നാക്കി മാറ്റുന്നു. കേരളത്തിന്റെ ജനത അനുഭവിക്കുന്ന പ്രശ്‌നങ്ങളേയും, ഭാവി വികസനത്തേയും മുന്നോട്ടുകൊണ്ടുപോകുന്നതാണ്‌ ബജറ്റെന്ന്‌ എം.വി ഗോവിന്ദന്‍ പറഞ്ഞു.

Story Highlights: M. V. Govindan About Kerala Budget 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here