Advertisement

World Cancer Day:വേണം ശരിയായ അവബോധം; ശ്വാസകോശ അര്‍ബുദം കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിക്കാം

February 4, 2023
Google News 3 minutes Read

.

.

Dr. Arun philip

Dr. Arun philip
സീനിയർ ഓങ്കോളജിസ്റ്റ്, ആലുവ രാജഗിരി ആശുപത്രി

.

.

അർബുദത്തെ കുറിച്ചുള്ള അവബോധം മുൻകാലങ്ങളേക്കാൾ മെച്ചപ്പെട്ടെങ്കിലും ഇന്നും കാൻസർ ഒരു ഭീതിയായി സമൂഹത്തിൽ തുടരുന്നു. രോഗലക്ഷണങ്ങൾ കണ്ടിട്ടും മാസങ്ങളോളം ചികിത്സ തേടാതെ, മൂർഛിച്ച ഘട്ടത്തിൽ ആശുപത്രിയിൽ എത്തുന്ന രോഗികൾ 2023ലും ഉണ്ടെന്നുള്ളത് നിർഭാഗ്യകരമാണ്. സാമൂഹികമാധ്യമത്തിൻ്റെയും സാങ്കേതിക വിപ്ലവത്തിൻ്റെയും ഈ കാലത്ത് ചികിത്സയെക്കുറിച്ച് ശരിയായ വിവരം കിട്ടാതെ അല്ലെങ്കിൽ ശരിയായ മാർഗനിർദേശം ലഭിക്കാതെ കാൻസർ രോഗി മരണപ്പെടുന്നു എന്നുള്ളതും ദുഃഖകരമാണ്. (sympoms and causes of lung cancer)

കാൻസർ ചികിത്സയിൽ നിലനിൽക്കുന്ന ഈ അസമത്വങ്ങൾ പരിഹരിക്കുക എന്നതിന് ഊന്നൽ നൽകുന്നതാണ് ഈ വർഷത്തെ കാൻസർ ദിനസന്ദേശം. ക്ലോസ് ദ കെയർ ഗ്യാപ് ( Close The Care Gap). അസമത്വങ്ങൾ പലതാണെങ്കിലും അതെല്ലാം തന്നെ പരിഹരിക്കാവുന്നതാണ്. ശരിയായ അവബോധം സൃഷ്ടിക്കാൻ സമൂഹമാധ്യമങ്ങളും സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തണം. രോഗ ലക്ഷണങ്ങൾ കണ്ടിട്ടും നേരത്തെ വൈദ്യസഹായം തേടാത്തത് ഭയവും അറിവില്ലായ്മയും കൊണ്ടാണെന്ന് കരുതപ്പെടുന്നു. ഇപ്പോഴും കാൻസർ ചികിത്സ കേന്ദ്രങ്ങളിൽ വൈകിയ ഘട്ടത്തിൽ കണ്ടെത്തുന്ന കാൻസറുകളിൽ ഒന്നാണ് ശ്വാസകോശ അർബുദം. ഇന്ത്യയിൽ വിവിധ തരത്തിലുളള കാൻസറുകൾ കണ്ടുവരുന്നുണ്ടെങ്കിലും, ഏറ്റവും സാധാരണമായി കാണുന്നത് ശ്വാസകോശ അർബുദമാണ്. കാൻസർ ബാധിച്ചുളള മരണത്തിൽ ഏറിയ പങ്കും ശ്വാസകോശ അർബുദത്തെ തുട‍ർന്നാണ്. പുരുഷന്മാരെ കൂടുതലായി ബാധിക്കുന്നുണ്ടെങ്കിലും, ആഗോള തലത്തിൽ സ്ത്രീകളിലും ശ്വാസകോശ അർബുദം കൂടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

● ഇന്ത്യയിൽ ഏറ്റവും കൂടുതലായി കാണുന്ന അർബുദം

● സ്തനാർബുദം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും അധികം പേരിൽ കാണപ്പെടുന്ന കാൻസർ

● കാൻസർ മൂലം മരണപ്പെടുന്നവരിൽ നാലിലൊരാൾ ശ്വാസകോശ അർബുദം ബാധിച്ച് മരിക്കുന്നവരാണ്

● 80-90% ശ്വാസകോശ അർബുദവും പുകവലിയുടെ ഫലമാണ്. പുകവലിക്കാരിൽ 20% പേരും ശ്വാസകോശ അർബുദ രോഗികളായി മാറുന്നുവെന്നതാണ് വസ്തുത

എപ്പോൾ വൈദ്യസഹായം തേടണം

● ഏറ്റവും സാധാരണമായ ലക്ഷണം ചുമയാണ് (3 ആഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന ചുമ)

● ശരീരഭാരം കുറയുക, വിശപ്പില്ലായ്മ എന്നിവ സാധാരണം

● നെഞ്ചുവേദന, കഫത്തിൽ രക്തം, ശ്വാസം മുട്ടൽ എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ

ചുമയോ, കഫത്തിൽ രക്തമോ കണ്ടാൽ അവർക്ക് ശ്വാസകോശ അർബുദം ഉണ്ടാകണമെന്നില്ല, അതിനാൽ സംശയമുണ്ടെങ്കിൽ വൈദ്യസഹായം തേടാൻ ഭയപ്പെടേണ്ടതില്ല

പുകയിലയും, ശ്വാസകോശ അർബുദവും

●ശ്വാസകോശ അർബുദത്തിനുളള ഏറ്റവും പ്രധാന കാരണം പുകയിലയുടെ ഉപയോഗമാണ്

● ശ്വാസകോശ അർബുദത്തിൽ പുകയിലയുടെ സ്വാധീനം പല പഠനങ്ങളിലും സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുളളതാണ്

● പുകവലിക്കുന്നവരിൽ ശ്വാസകോശ അർബുദം വരാനുള്ള സാധ്യത പുകവലിക്കാത്തവരേക്കാൾ 30 മടങ്ങ് അധികമാണ്

● യുവതലമുറ പുകവലിയെ നിസാരമായി കാണുന്നു; പ്രായപൂർത്തിയായ ശേഷവും പലരും ഈ ശീലം തുടരുകയാണ്

● രോഗനിർണ്ണയത്തിനു ശേഷവും പുകവലി തുടരുന്ന രോഗികൾക്ക് പലപ്പോഴും അർബുദ ചികിത്സ ഫലിക്കാതെ പോകുന്നു

● വർദ്ധിച്ചുവരുന്ന പുകവലിയുടെ ഉപയോഗമാണ് ശ്വാസകോശ അർബുദ രോഗികളുടെ എണ്ണം വർദ്ധിക്കാൻ ഇടയാക്കുന്നത്

രോഗനിർണയം

■ നെഞ്ചിൻ്റെ എക്സ്റേയിൽ ശ്വാസകോശത്തിലെ മുഴ കണ്ടെത്തുകയും, സിടി സ്കാനിലൂടെ സ്ഥിരീകരിക്കുകയും ചെയ്യാം

■ രോഗം ഏത് ഘട്ടത്തിലാണെന്ന് കണ്ടെത്താൻ PET CT ആണ് സാധാരണയായി ഉപയോഗിക്കുന്നത്

■ എക്സ്റേ / സിടി സ്കാനിലുടെ ശ്വാസകോശത്തിൻ്റെ അപാകത ശ്രദ്ധയിൽപ്പെട്ടാൽ, ഇമേജ് ഗൈഡഡ് ബയോപ്സി വഴി രോഗം സ്ഥിരീകരിക്കുന്നു

■ ബയോപ്സി പരിശോധന രീതി അൽപം സങ്കീർണമെങ്കിലും, സുരക്ഷിതവും, പാർശ്വഫലങ്ങൾ കുറഞ്ഞതും, ഒപി അടിസ്ഥാനത്തിൽ ചെയ്യാവുന്നതുമാണ്

■ ബയോപ്സി പരിശോധനയിലെ കണ്ടെത്തലുകൾ തുടർ ചികിത്സയെക്കുറിച്ച് തീരുമാനമെടുക്കാൻ ഡോക്ടറെ സഹായിക്കുന്നു

ചികിത്സ

■ രോഗത്തിൻ്റെ തീവ്രതയെ അടിസ്ഥാനമാക്കിയാണ് ചികിത്സ നടത്തുന്നത്. ബയോപ്സിയിൽ കാണപ്പെടുന്ന ട്യൂമറിൻ്റെ തരമനുസരിച്ചും, ജനിതക പരിശോധനയുടെ ഫലങ്ങൾ അടിസ്ഥാനമാക്കിയുമാണ് ചികിത്സ

■ സർജറി, കീമോ തെറാപ്പി, റേഡിയേഷൻ തെറാപ്പി, ടാർഗെറ്റെഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി പോലുള്ള ചികിത്സാ രീതികളാണ് വ്യാപകമായി നടത്തുന്നത്

■ പ്രാരംഭ ഘട്ടത്തിൽ രോഗനിർണയം നടത്തിയാൽ 70%-ത്തിലധികം രോഗവും സുഖപ്പെടുത്താൻ കഴിയും

■ ആധുനിക വൈദ്യശാസ്ത്ര രംഗത്ത് ശ്വാസകോശ അർബുദത്തെ ഫലപ്രദമായി ചികിത്സിക്കാൻ കഴിയുന്ന നൂതനമായ മരുന്നുകൾ നമുക്ക് ലഭ്യമാണ്. പരമ്പരാഗത കീമോതെറാപ്പിയിൽ നിന്ന് വ്യത്യസ്തമായി, ഇമ്മ്യൂണോതെറാപ്പി നേരിട്ട് കാൻസർ ബാധിച്ച കോശങ്ങളെ കൊല്ലുന്നില്ല പകരം കാൻസർ കോശങ്ങളെ കൊല്ലാൻ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ കൂടുതൽ സജീവമാക്കുന്നു, അതിനാൽ പാർശ്വഫലങ്ങൾ വളരെ കുറവാണ്. മരുന്നിൻ്റെ ചിലവാണ് രോഗികൾ നേരിടുന്ന പ്രതിസന്ധി.

■ കാൻസർ കോശങ്ങളെ സാധാരണ കോശങ്ങളിൽ നിന്നും വേർതിരിക്കുന്ന സവിശേഷ സ്വഭാവങ്ങളെ കണ്ടെത്തി അതുവഴി കാൻസർ കോശങ്ങളുടെ വർദ്ധനവ് തടയുകയാണ് ടാർഗെറ്റെഡ് തെറാപ്പിയിൽ ചെയ്യുന്നത്. കീമോതെറാപ്പിയെ അപേക്ഷിച്ച് ടാർഗെറ്റെഡ് തെറാപ്പിയിൽ മരുന്നുകൾ കൂടുതലായും കാൻസർ കോശങ്ങളെ മാത്രമേ നശിപ്പിക്കുന്നുള്ളു. ടാർഗെറ്റെഡ് തെറാപ്പിയിൽ ഉപയോഗിക്കുന്ന മരുന്നുകൾക്ക് തുടക്കത്തിൽ വലിയ വില നൽകേണ്ടിയിരുന്നു. എന്നാൽ ഇന്നിപ്പോൾ മിക്ക രോഗികൾക്കും താങ്ങാവുന്ന നിലയിലേക്ക് മരുന്നിൻ്റെ വില എത്തിയത് ആശ്വാസകരമാണ്

◆കാൻസർ സ്ക്രീനിംഗ്

● രോഗനിർണ്ണയത്തിനായി ആരോഗ്യമുള്ള വ്യക്തികളിൽ നടത്തുന്ന പരിശോധനകളാണ് സ്ക്രീനിംഗ് ടെസ്റ്റുകൾ. ലക്ഷണങ്ങൾ പ്രകടമാകുന്നതിന് വളരെ മുമ്പ് തന്നെ കാൻസർ കണ്ടെത്താനും, ഇത് വഴി അർബുദം ആരംഭ ഘട്ടത്തിൽ തന്നെ ഭേദമാക്കാനും കഴിയുന്നു
● ശ്വാസകോശ കാൻസർ സ്ക്രീനിംഗിനായി ഉപയോഗിക്കുന്നത് ലോ ഡോസ് സിടി സ്കാൻ ആണ്. പരമ്പരാഗത എക്സ്-റേ ഉപയോഗിച്ച് കണ്ടുപിടിക്കാൻ കഴിയാത്തത്ര ചെറിയ ശ്വാസകോശ അർബുദങ്ങളെ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താൻ ലോ ഡോസ് സിടി സ്കാന് കഴിയുന്നു. കുറഞ്ഞ സമയത്തിനുളളിൽ തീവ്രത കുറഞ്ഞ റേഡിയേഷനിലൂടെ കൂടുതൽ വ്യക്തവും, വിശദവുമായ ശ്വാസകോശത്തിൻ്റെ ത്രിമാന എക്സ്-റേ ലഭിക്കുമെന്നതാണ് ലോ ഡോസ് സിടി സ്കാനിൻ്റെ സവിശേഷത

◆ ആരെയാണ് സ്‌ക്രീൻ ചെയ്യേണ്ടത് ?

നിലവിൽ പുകവലിക്കുന്ന 50 വയസ്സിന് മുകളിലുള്ളവരും, കഴിഞ്ഞ 15 വർഷമായി പുകവലി ഉപേക്ഷിച്ച , 20 വർഷത്തിലധികം പുകവലിച്ചിരുന്നവരും സ്ക്രീനിഗിന് വിധേയരാകണം. ശ്വാസകോശത്തിലെ വളരെ ചെറിയ അർബുദ വളർച്ചകൾ കണ്ടെത്താൻ സ്ക്രീനിംഗ് സഹായിക്കുന്നുമെന്നതിനാൽ, എളുപ്പത്തിൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നു

പ്രതിരോധ നടപടികൾ
■ പുകവലി നിർത്തുന്നതാണ് ശ്വാസകോശ കാൻസർ വരാതിരിക്കാൻ ഉളള ഏറ്റവും ഫലപ്രദമായ പ്രതിരോധം

■ 15 വർഷത്തിലേറെയായി പുകവലി ഉപേക്ഷിച്ചവരിൽ ശ്വാസകോശ അർബുദ സാധ്യത നിലവിലെ പുകവലിക്കാരുമായി താരതമ്യം ചെയ്യുമ്പോൾ 80% കുറവാണ്

■ മുകളിൽ സൂചിപ്പിച്ചതുപോലെയുള്ള സ്‌ക്രീനിംഗ് ശ്വാസകോശ അർബുദം നേരത്തേ കണ്ടുപിടിക്കുന്നതിനും ഭേദമാക്കുന്നതിനും സഹായിക്കും.

പുകയിലയോട് ‘നോ’ പറയുകയാണ് ശ്വാസകോശാർബുദ പ്രതിരോധത്തിൻ്റെ നിർണായക ചുവടുവെയ്പ്പ്. അതിനാൽ പുകവലിക്കില്ലെന്ന് ദൃഢ നിശ്ചയം ചെയ്യാം….

തയ്യാറാക്കിയത് : ഡോ.അരുൺ ഫിലിപ്പ്, സീനിയർ ഓങ്കോളജിസ്റ്റ്, ആലുവാ രാജഗിരി ആശുപത്രി

Story Highlights: sympoms and causes of lung cancer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here