ബിഗ് ബാഷ് ലീഗ്: അഞ്ചാം കിരീടവുമായി പെർത്ത് സ്കോർച്ചേഴ്സ്, മുംബൈ ഇന്ത്യൻസിനൊപ്പം

തുടർച്ചയായ രണ്ടാം സീസണിലും ബിഗ് ബാഷ് ലീഗ് കിരീടം പെർത്ത് സ്കോർച്ചേഴ്സിന്. ഫൈനലിൽ ബ്രിസ്ബേൻ ഹീറ്റിനെ അഞ്ച് വിക്കറ്റിനു വീഴ്ത്തിയാണ് പെർത്തിൻ്റെ കിരീടനേട്ടം. ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബേൻ ഹീറ്റ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 175 റൺസ് ആണ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പെർത്ത് സ്‌കോർച്ചേഴ്‌സ് 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കുറിക്കുകയായിരുന്നു. ഇത് അഞ്ചാം തവണയാണ് പെർത്ത് കിരീടം സ്വന്തമാക്കുന്നത്. ഇതോടെ അഞ്ച് ഐപിഎൽ കിരീടങ്ങൾ സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസിൻ്റെ നേട്ടത്തിനൊപ്പം പെർത്ത് സ്കോർച്ചേഴ്സ് എത്തി.
ബ്രിസ്ബേൻ ഹീറ്റിനായി നതാൻ മക്സ്വീനി (41), സാം ഹീസ്‌ലറ്റ് (34) എന്നിവർ ടോപ്പ് സ്കോറർമാരായി. തുടക്കത്തിൽ ജോഷ് ബ്രൗണും (12 പന്തിൽ 25) അവസാനത്തിൽ മാക്സ് ബ്രയാൻ്റും (14 പന്തിൽ 31) നടത്തിയ വെടിക്കെട്ടാണ് ഹീറ്റിനെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗിൽ 3 വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് എന്ന നിലയിൽ പതറിയ പെർത്ത് സ്കോർച്ചേഴ്സിനെ നാലാം വിക്കറ്റിൽ ജോസ് ഇംഗ്ലിസും ആഷ്ടൻ ടേണറും ചേർന്ന് പടുത്തുയർത്തിയ 80 റൺസാണ് കരകയറ്റിയത്. ടേണർ (53) പുറത്തായതോടെ അവസാന മൂന്നോവറിൽ 38 റൺസായിരുന്നു പെർത്തിൻ്റെ വിജയലക്ഷ്യം. അവസാന ഓവറുകളിൽ നിക്ക് ഹോബ്സണും കൂപ്പർ കൊണ്ണോലിയും ചേർന്ന് നടത്തിയ വെടിക്കെട്ട് പെർത്തിനെ വിജയിപ്പിക്കുകയായിരുന്നു. 19കാരൻ കൊണ്ണോലി 11 പന്തിൽ 25 റൺസും നിക്ക് ഹോബ്സൺ 7 പന്തിൽ 18 റൺസും നേടി പുറത്താവാതെ നിന്നു.
Story Highlights: big bash perth scorchers champions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here