Advertisement

അവസാന കളിയിൽ ആറ് റൺസ് വിജയം; ഓസ്ട്രേലിയക്കെതിരെ ആധികാരികമായി പരമ്പര നേടി ഇന്ത്യ

December 3, 2023
Google News 2 minutes Read
india australia 5th t20

ഓസ്ട്രേലിയക്കെതിരായ അവസാന ടി-20 മത്സരത്തിൽ ഇന്ത്യക്ക് ആവേശജയം. ആറ് റൺസിന് ഓസീസിനെ വീഴ്ത്തിയ ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് സ്വന്തമാക്കി. 54 റൺസ് നേടിയ ബെൻ മക്ഡർമോർട്ട് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ഇന്ത്യക്കായി മുകേഷ് കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. (india australia 5th t20)

ചിന്നസ്വാമി സ്റ്റേഡിയത്തിലെ പതിവ് പിച്ചല്ല ഇന്ന് കണ്ടത്. കളിക്ക് മുൻപ് പെയ്ത മഴയിൽ പിച്ച് സ്ലോ ആയപ്പോൾ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിയർത്തു. മികച്ച തുടക്കത്തിനു ശേഷം യശസ്വി ജയ്സ്വാളും (15 പന്തിൽ 21) ഋതുരാജ് ഗെയ്‌ക്വാദും (10) തുടർച്ചയായ ഓവറുകളിൽ വീണു. സൂര്യകുമാർ യാദവ് (5), റിങ്കു സിംഗ് (6) എന്നിവർ കൂടി വേഗം മടങ്ങിയതോടെ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്ന നിലയിലേക്ക് വീണു.

Read Also: ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ അഞ്ചാം ടി-20 ഇന്ന്; ശിവം ദുബെ കളിച്ചേക്കും

അഞ്ചാം വിക്കറ്റിൽ ശ്രേയാസ് അയ്യരും ജിതേഷ് ശർമ്മയും ചേർന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. തുടക്കം മുതൽ ആക്രമിച്ചുകളിച്ച ജിതേഷ് ഇന്ത്യയുടെ റൺനിരക്ക് താഴാതെ കാത്തു. 42 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ ജിതേഷ് (16 പന്തിൽ 24) മടങ്ങി. ജിതേഷ് മടങ്ങിയതോടെ സ്കോറിംഗ് ചുമതല ഏറ്റെടുത്ത ശ്രേയാസിനൊപ്പം അക്സർ പട്ടേലും ബൗണ്ടറികൾ കണ്ടെത്തിയതോടെ ഇന്ത്യ മാന്യമായ സ്കോറിലേക്ക് നീങ്ങി. 19ആം ഓവറിൽ 21 പന്തിൽ 31 റൺസെടുത്ത് പുറത്താവുമ്പോൾ ശ്രേയാസുമൊത്ത് ആറാം വിക്കറ്റിൽ 46 റൺസിൻ്റെ കൂട്ടുകെട്ടിലാണ് അക്സർ പങ്കാളി ആയത്. അവസാന ഓവറിൽ ശ്രേയാസ് ഫിഫ്റ്റി തികച്ചു. 36 പന്തിൽ നിന്നായിരുന്നു അർദ്ധസെഞ്ചുറി. അടുത്ത പന്തിൽ, 53 റൺസെടുത്ത താരം പുറത്താവുകയും ചെയ്തു.

മറുപടി ബാറ്റിംഗിൽ ജോഷ് ഫിലിപ്പെയെ വേഗം നഷ്ടമായെങ്കിലും ട്രാവിസ് ഹെഡ് ഓസീസിന് മികച്ച തുടക്കം നൽകി. 18 പന്തിൽ 28 റൺസ് നേടിയ ഹെഡിനെ അഞ്ചാം ഓവറിൽ രവി ബിഷ്ണോയ് പുറത്താക്കുകയായിരുന്നു. തുടർന്ന് നിശ്ചിത ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ട ഓസീസിനായി മക്ഡർമോർട്ട് പൊരുതിയെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. ബാറ്റിംഗിലും തിളങ്ങി 4 ഓവറിൽ വെറും 14 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേൽ ആണ് കളിയിലെ താരം.

Story Highlights: india won australia 5th t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here