Advertisement

പുതിയതോ പഴയതോ ? ഏത് ടാക്‌സ് ഘടനയാണ് ലാഭം ? എന്താണ് വ്യത്യാസം ?

February 6, 2023
Google News 3 minutes Read
old vs new tax regime which is better

ഫെബ്രുവരി 1നാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചത്. പുതിയ ബജറ്റിൽ ആദായ നികുതി ഇളവ് 7 ലക്ഷമാക്കിയത് വലിയ കൈയടിയോടെയാണ് സഭ വരവേറ്റത്. പൊതുജനത്തിനും ഏറെ സന്തോഷം നൽകുന്ന പ്രഖ്യാപനമായിരുന്നു ഇത്. എന്നാൽ ഇതിനോടൊപ്പം പരാമർശിച്ച മറ്റൊരു കാര്യമാണ് നിലവിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. രണ്ട് തരം നികുതി സ്ലാബാണ് ഇപ്പോൾ നിലവിലുള്ളത്. ഇതിൽ ഏത് വേണമെങ്കിലും ജനങ്ങൾക്ക് തെരഞ്ഞെടുക്കാം. എന്നാൽ ഏത് തെരഞ്ഞെടുക്കണം എന്നതാണ് ചോദ്യം. ഇതിന് രണ്ടിലും എങ്ങനെയാണ് നികുതി കണക്ക് കൂട്ടുന്നത് എന്നറിയണം. ഏതാണ് ലാഭകരം എന്നും അറിയേണ്ടതുണ്ട്. ( old vs new tax regime which is better )

പുതിയതും പഴയതും തമ്മിലുള്ള വ്യത്യാസം

പഴയ നികുതിയിൽ ഹോം ലോൺ, എൽഐസി, പിപിഎഫ്, എൻപിഎസ് എന്നിവയ്‌ക്കെല്ലാം ആദായ നികുതി വകുപ്പിലെ വിവിധ സെക്ഷനുകൾ വഴി ആദായ നികുതി ഇളവിന് അവകാശമുണ്ടായിരുന്നു. എന്നാൽ പുതിയ നികുതി പ്രകാരം ഈ ഇളവുകൾ ബാധകമല്ല. കഴിഞ്ഞ വർഷമാണ് ഈ പുതിയ നികുതി നിലവിൽ വന്നത്. എന്നാൽ കേന്ദ്ര സർക്കാർ പ്രതീക്ഷിച്ച സ്വീകാര്യത ഇതിന് ലഭിച്ചില്ല. ഈ പുതിയ നയം നിലവിൽ ഉടച്ച് വാർത്തിരിക്കുകയാണ്. പുതിയ സ്‌കീമായിരിക്കും നമ്മുടെയെല്ലാം ഡീഫോൾട്ട് സ്‌കീം. പഴയ നികുതി ഘടന മതിയെങ്കിൽ അത് ഇനി നിങ്ങൾ സ്വമേധയാ തെരഞ്ഞെടുക്കണം.

നികുതി കണക്ക് കൂട്ടുന്നതിനെ കുറിച്ച് അറിയാം :

പുതിയ നികുതി സ്ലാബ് പ്രകാരം 7 ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതിയില്ലെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഇതിനോടുബന്ധിച്ച് പുറത്തുവിട്ട വിവിധ ടാക്‌സ് സ്ലാബിൽ 3 മുതൽ 6 ലക്ഷം വരെയുള്ള വരുമാനത്തിന് 5% നികുതി ഒടുക്കണമെന്നും പറയുന്നു. സ്വാഭാവികമായും ആശയക്കുഴപ്പം വരും. അപ്പോൾ 7 ലക്ഷം വരെ നികുതി അടയ്‌ക്കേണ്ട എന്ന് പറയുന്നതോ ? ഇത് മനസിലാകണമെങ്കിൽ ആദ്യം എങ്ങനെയാണ് നികുതി കണക്ക് കൂട്ടുന്നത് എന്ന് മനസിലാക്കണം.

7 ലക്ഷം രൂപ വരെ വരുമാനമുള്ളവർ നികുതി അടയ്‌ക്കേണ്ട എന്നുള്ളത് ശരി തന്നെയാണ്. എന്നാൽ നിങ്ങളുടെ വരുമാനം 10 ലക്ഷം രൂപയാണെങ്കിലോ ? ഇങ്ങനെ വരുമ്പോൾ 3 ലക്ഷം രൂപ മുതൽ നികുതിയുടെ പരിധിയിൽ വരും. അതായത് ആദ്യ 3 ലക്ഷത്തിന് (0-3lakhs) നികുതിയില്ല. പിന്നെ വരുന്ന 3 ലക്ഷം മുതൽ ആറ് ലക്ഷം വരെ 5% നികുതി, പിന്നെ വരുന്ന 6 ലക്ഷം മുതൽ 9 ലക്ഷം വരെയുള്ള വരുമാനത്തിന് 10% നികുതി. പിന്നെ 9 ലക്ഷം മുതൽ 10 ലക്ഷം വരെ വരുന്നതിന് 15% നികുതി. അങ്ങനെയെങ്കിൽ ഏതാണ് ലാഭം ? പുതിയ നികുതി ഘടനയോ പഴയതോ ?

Read Also: ഇരട്ടി റിട്ടേൺ നേടാം, ഒപ്പം നികുതി ഇളവും ! ഈ നിക്ഷേപങ്ങൾ അറിഞ്ഞിരിക്കണം

പുതിയ നികുതി ഘടന പ്രകാരം 10 ലക്ഷം രൂപ വരുമാനമുള്ള വ്യക്തിക്ക് 50, 000 രൂപ സ്റ്റാൻഡേർഡ് ഡിഡഡക്ഷനായി പോകും. മിച്ചം വരുന്ന 9,50,000 ലക്ഷം രൂപയ്ക്ക് 54,600 രൂപയാണ് നികുതി അടയ്‌ക്കേണ്ടത്. പഴയ രീതി പ്രകാരമാണെങ്കിൽ, സ്റ്റാൻഡേർഡ് ഡിഡക്ഷൻ കഴിഞ്ഞുള്ള 9.5 ലക്ഷത്തിൽ നിന്ന് എൽഐസി, പിപിഎഫ്, എന്നീ നിക്ഷേപങ്ങൾ പ്രകാരം ലഭ്യമാകുന്ന 80സി , 80ഡി പ്രകാരമുള്ള കിഴിവുകൾ കൂടി ചേർത്ത് 3 ലക്ഷം രൂപ വരെ ഇളവിന് അപേക്ഷിക്കാം. ഇതും കിഴിച്ച് വരുന്ന 6.50 ലക്ഷം രൂപയിലാണ് നികുതി അടയ്‌ക്കേണ്ടത്. ഇത് പ്രകാരം 44,200 രൂപയേ നികുതി വരികയുള്ളു.

ഏതാണ് നല്ലത് ?

നിങ്ങളുടെ വരുമാനം അനുസരിച്ചാണ് ഇതിന് ഉത്തരം നൽകാൻ സാധിക്കുക. ഹോം ലോൺ, ഇൻഷുറൻസ് പോലുള്ള ഇളവുകൾ ക്ലെയിം ചെയ്യാൻ സാധിക്കുമെങ്കിൽ പഴയ ടാക്‌സ് ഘടന തന്നെയാണ് നല്ലതെന്ന് സാമ്പത്തിക വിദഗ്ധൻ എസ്.ആദികേശവൻ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: old vs new tax regime which is better

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here