മമത ബാനർജിയെ വാജ്‌പേയിയോട് ഉപമിച്ച് ബംഗാൾ ഗവർണർ; സംസ്ഥാന ബിജെപിയിൽ അതൃപ്തി

മുഖ്യമന്ത്രി മമത ബാനർജിയെ പ്രശംസിച്ച പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിൻ്റെ നടപടിയിൽ സംസ്ഥാന ബിജെപിയിൽ അതൃപ്തി. തിങ്കളാഴ്ച കൊൽക്കത്തയിലെ പ്രശസ്തമായ സെന്റ് സേവ്യേഴ്‌സ് യൂണിവേഴ്‌സിറ്റി ഡോക്‌ടർ ഓഫ് ലിറ്ററേച്ചർ ഓണററി ബിരുദം നൽകി മമത ബാനർജിയെ ആദരിച്ചിരുന്നു. പ്രസ്തുത ചടങ്ങിൽ വച്ചാണ് ബംഗാൾ ഗവർണർ മമത ബാനർജിയെ വാജ്‌പേയിയോട് ഉപമിച്ചത്.
ബംഗാൾ മുഖ്യമന്ത്രിയെ അടൽ ബിഹാരി വാജ്‌പേയി, എപിജെ അബ്ദുൾ കലാം, മുൻ യുകെ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ എന്നിവരുമായി താരതമ്യപ്പെടുത്തിയാണ് സി.വി ആനന്ദ ബോസ് സംസാരിച്ചത്. ഇവരെല്ലാം മമത ബാനർജിയെപ്പോലെ എഴുത്തുകാരായ രാഷ്ട്രതന്ത്രജ്ഞരും രാഷ്ട്രീയക്കാരുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് ഗവർണറുടെ പരാമർശത്തിനെതിരെ ബംഗാൾ ബിജെപി രംഗത്തുവന്നത്.
മമത ബാനർജി വിൻസ്റ്റൺ ചർച്ചിലിനെപ്പോലെയാണെന്ന ഗവർണറുടെ വിലയിരുത്തലിനോട് ഭാഗികമായി യോജിക്കുന്നു. 1943-ലെ ബംഗാൾ ക്ഷാമത്തിന് ഉത്തരവാദി ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ്. പട്ടിണിയും പോഷകാഹാരക്കുറവും മൂലം 4 ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമായ മനുഷ്യ ചരിത്രത്തിലെ ഏറ്റവും മോശമായ വംശഹത്യയാണിതെന്നും ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ട്വീറ്റ് ചെയ്തു.
Story Highlights: Bengal Governor Compares Mamata Banerjee To Vajpayee, BJP Fumes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here