പ്രണയദിനത്തിൽ കെഎസ്ആർടിസിയുടെ നൂറാം വിനോദയാത്ര; 1070 രൂപയുടെ ടൂർ പാക്കേജ്

കേരളത്തിലെ പല ജില്ലകളിലും കെഎസ്ആർടിസി വിനോദ സഞ്ചാര പാക്കേജുകൾ ആരംഭിച്ചിരുന്നു. കുറഞ്ഞ ചിലവിൽ ആനവണ്ടിയിൽ കറങ്ങി സ്ഥലങ്ങൾ കണ്ട് ആസ്വദിച്ച് വരാം എന്നതാണ് ആളുകളെ ഇതിലേക്ക് ആകർഷിച്ചത്. ഇപ്പോഴിതാ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള നൂറാമത്തെ വിനോദയാത്ര 14ന് പ്രണയദിനത്തിൽ നടത്താൻ ഒരുങ്ങിയിരിക്കുകയാണ് കെഎസ്ആർടിസി കൂത്താട്ടുകുളം ഡിപ്പോ. വാലന്റൈൻ ദിനത്തിൽ കൊല്ലം മൺറോതുരുത്ത്, സമ്പ്രാണിക്കൊടി എന്നീ സ്ഥലങ്ങളിലേക്കാണ് യാത്ര.
3 ജില്ലകളുടെ സംഗമ സ്‌ഥാനമായ കൂത്താട്ടുകുളത്ത് വിനോദ യാത്രയ്ക്ക് നല്ല പ്രതികരണം ആണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 10 നാണ് ഇടുക്കി -അഞ്ചുരുളിയിലേക്കുള്ള ആനവണ്ടി ഉല്ലാസ യാത്രയുടെ കന്നി യാത്രയ്ക്ക്അനൂപ് ജേക്കബ് എംഎൽഎ പച്ചക്കൊടി വീശിയത്. കായലും, കടലും, കാടുമെല്ലാം ഉൾപ്പെടുന്ന തരത്തിൽ ക്രമേണ പുതിയ കേന്ദ്രത്തിലേക്ക് യാത്ര എത്തിച്ചേരുകയായിരുന്നു.
പാക്കേജുകളുടെ ഭാഗമായി ഒരുക്കിയ തോണി, കപ്പൽ സഞ്ചാരങ്ങൾ യാത്രികർക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. മാത്രമല്ല സ്ത്രീകൾക്ക് മാത്രമായി സൗഹൃദ യാത്രയും സംഘടിപ്പിച്ചു.
Read Also:പുതപ്പിനോട് ‘പ്രണയം’; കാമുകന്റെ മുന്നിൽവച്ച് പുതപ്പിനെ വിവാഹം കഴിച്ച് യുവതി; വിഡിയോ
നൂറാമത്തെ യാത്രയിൽ പങ്കാളിയാകുന്നതിനായി മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യണം.1070 രൂപയാണ് നിരക്ക്. പ്രശാന്ത് വേലിക്കകം ആണ് ഡിപ്പോയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന്റെ ചീഫ് കോ -ഓർഡിനേറ്റർ. യാത്രയ്ക്കായി ബുക്ക് ചെയ്യാൻ വിളിക്കേണ്ട നമ്പർ 9447223212.
Story Highlights: KSRTC Tour Package
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here