റിസർവ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയുടെ ദ്വൈമാസ പണ വായ്പാ നയപ്രഖ്യാപനം നാളെ

റിസർവ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയുടെ ദ്വൈമാസ പണ വായ്പാ നയപ്രഖ്യാപനം നാളെ. നാളെ കാൽ ശതമാനം നിരക്കുയർത്തി റിപ്പോ നിരക്ക് ആറേകാൽ ശതമാനത്തിലെത്തിക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ വീണ്ടും വായ്പാ ചെലവേറും. ( rbi repo rate decision )
രാജ്യാന്തര സാമ്പത്തിക മാന്ദ്യ സാഹചര്യത്തിൽ വിവിധ കേന്ദ്ര ബാങ്കുകൾ തുടങ്ങി വച്ച പലിശ നിരക്കുയർത്തലിന്റെ പാതയിലായിരുന്നു റിസർവ് ബാങ്കും. നിരക്കുയർത്തലിന്റെ ചക്രം അവസാനിക്കാറായെന്ന സൂചനകളാണ് വിദഗ്ധർ നൽകുന്നത്. രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം തുടർച്ചയായ മൂന്ന് മാസങ്ങളിൽ 6 ശതമാനത്തിന് താഴെയായി തുടരുന്നു. എന്നിരുന്നാലും ഒരു തവണ കൂടി നിരക്കുയർത്താൻ ആർബിഐ തയ്യാറായേക്കുമെന്നാണ് സാമ്പത്തിക ലോകം പ്രതീക്ഷിക്കുന്നത്.
നാളെ നിരക്കുയർത്തിയാൽ വ്യക്തിഗത- ഭവന-വാഹന വായ്പകൾക്കടക്കം പലിശ നിരക്ക് ഉയർത്തലിന് ബാധകമാകും. അടിസ്ഥാന നിരക്കധിഷ്ഠിതമായ ബാങ്ക് വായ്പകൾക്കാകും പലിശ ഭാരം. ഈ വിഭാഗത്തിലെ വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക അഥവാ ഇഎംഐ കൂടും. നാളത്തെ പ്രഖ്യാപനത്തിൽ കൂടി നിരക്കുയർത്തിയ ശേഷം, വരുന്ന കുറേ മാസങ്ങൾ പണപ്പെരുപ്പത്തോത് നിരീക്ഷിക്കാനാണ് കേന്ദ്ര ബാങ്ക് നീക്കം.മേയ് മുതലാണ് ആർബിഐ നിരക്കുയർത്തലിലേക്ക് കടന്നത്. ഇതുവരെ ഉയർത്തിയത് രണ്ടേകാൽ ശതമാനം. എന്നാൽ ഇത്തവണ നിരക്കുയർത്താൻ സാധ്യതയില്ലെന്നാണ് എസ്ബിഐയുടെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് വ്യവസായ ലോകം.
Story Highlights: rbi repo rate decision