സ്പിൻ പിച്ചും വികാരം വ്രണപ്പെടുന്ന മുൻ ഇതിഹാസങ്ങളും
ബൗൺസി, പേസി ട്രാക്കുകൾ ഫെയർപ്ലേയും സ്ലോ ട്രാക്കുകൾ അൺഫെയർ പ്ലേയുമായി വർഗീകരിക്കപ്പെടുന്നത് എങ്ങനെയാണ്? പേസ് ബൗളിംഗ് എലീറ്റും സ്പിൻ ബൗളിംഗ് രണ്ടാം കിടയും ആകുന്നതെങ്ങനെയാണ്? ബോർഡർ – ഗവാസ്കർ പരമ്പര നാളെ ആരംഭിക്കാനിരിക്കെ പല ഓസ്ട്രേലിയൻ ‘ഇതിഹാസ’ങ്ങളും മാധ്യമങ്ങളും ഇത്തരത്തിലാണ് അഭിപ്രായപ്പെടുന്നത്. പണ്ട് മുതലേ ഉള്ള ഒരു നറേറ്റിവാണ് ഇത്. അഥവാ പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചുകളാണ് ഫെയർ എന്നും സ്പിൻ ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചുകൾ അൺഫെയർ ആണെന്നും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടക്കുന്ന മത്സരങ്ങളിൽ സ്പിൻ ഫ്രണ്ട്ലി ട്രാക്ക് ഒരുക്കുമ്പോൾ വിമർശിക്കുന്നവർ ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലെയും പേസ് ഫ്രണ്ട്ലി ട്രാക്കുകളെ അതേ നാവുകൊണ്ട് പുകഴ്ത്താറുണ്ട്. (spin pace bowling debate)
കഴിഞ്ഞ ദിവസം ഓസ്ട്രേലിയയുടെ മുൻ വിക്കറ്റ് കീപ്പറും ഇതിഹാസ താരവുമായ ഇയാൽ ഹീലി പറഞ്ഞത്, ‘നീതിയുക്തമല്ലാത്ത (അൺഫെയർ) പിച്ചുകൾ ഒരുക്കിയില്ലെങ്കിൽ ഓസ്ട്രേലിയ പരമ്പര നേടും’ എന്നായിരുന്നു. അൺഫെയർ എന്ന വാക്കിൻ്റെ വിശദീകരണമായി ഹീലി തുടർന്നു. ‘ആദ്യ ദിനം മുതൽ കുത്തിത്തിരിയുന്ന പന്തുകൾ അല്ലെങ്കിൽ പരമ്പര ഓസ്ട്രേലിയ നേടും.’ കഴിഞ്ഞ ബോർഡർ – ഗവാസ്കർ ട്രോഫി ഓസ്ട്രേലിയയിൽ വച്ച് ഇന്ത്യ നേടിയത് ഹീലിയുടെ ഭാഷ്യത്തിലെ ‘ഫെയർ’ പിച്ചുകളിലായിരുന്നു. മുൻ ഓസീസ് പേസ് ഇതിഹാസം ജേസൺ ഗില്ലസ്പിയും സ്പിൻ പിച്ചുകളുടെ ‘അൺഫെയർനസി’നെപ്പറ്റി ആശങ്കപ്പെട്ടു.
Read Also: ബോർഡർ – ഗവാസ്കർ ട്രോഫി നാളെ മുതൽ; സ്പിന്നർമാർ കളി നിയന്ത്രിച്ചേക്കുമെന്ന് സൂചന
ഹോം മത്സരങ്ങളിൽ ആനുകൂല്യം നേടുകയെന്നത് ആതിഥേയ ടീമിന്റെ അവകാശമാണ്. അതിനനുസരിച്ച് അവർ പിച്ചുകളൊരുക്കും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പിച്ചുകൾ സ്പിന്നിനെയും ഓസ്ട്രേലിയയിലെ പിച്ചുകൾ പേസിനെയും പിന്തുണയ്ക്കും. ബംഗ്ലാദേശിൽ പോയി ഓസ്ട്രേലിയ 4-1ന് ടി-20 പരമ്പര പൊട്ടി നാണം കെട്ടതാണ്. പേസ് ഹെവൻ ആയ ഗാബയിൽ അടക്കം തോറ്റ് അവർ ഇന്ത്യയോട് നാണം കെട്ടതാണ്. സ്പിന്നർമാരെ നേരിടുമ്പോൾ മുട്ടിടിക്കുമെങ്കിൽ അത് പഠിക്കണം, ഹേ. ചലഞ്ചിങ് ആയ സാഹചര്യങ്ങളാണല്ലോ ഒരു താരത്തെ മെച്ചപ്പെടുത്തുന്നത്.
സച്ചിനെതിരെ ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് തന്ത്രം ഓസ്ട്രേലിയ പ്രയോഗിച്ചില്ലായിരുന്നെങ്കിൽ അതേ പരമ്പരയിലെ നാലാം ടെസ്റ്റിൽ കവർ ഡ്രൈവുകളില്ലാതെ 241 നോട്ടൗട്ട് എന്ന ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്ന് ആ ബാറ്റിൽ നിന്ന് പിറവിയെടുക്കില്ലായിരുന്നു. പേസ് പറുദീസയായ അഡലെയ്ഡിൽ 36 റൺസിന് ഓൾ ഔട്ടായ ഇന്ത്യ ആ നാണക്കേടില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ, വിരാട് കോലിയും ബുംറയും അശ്വിനും ജഡേജയുമില്ലാതെ, മുഹമ്മദ് സിറാജ് നയിച്ച ഒരു ബൗളിംഗ് അറ്റാക്ക് കൊണ്ട് ഗാബ പിടിച്ചടക്കി ഐതിഹാസിക പരമ്പര ജയം നേടില്ലായിരുന്നു. പ്രതിസന്ധികളാണ് വീരന്മാരെ സൃഷ്ടിക്കുന്നത്. വെല്ലുവിളികളാണ് ആളുകളുടെ കഴിവുകൾ തേച്ചുമിനുക്കുന്നത്. വെല്ലുവിളികൾ ഏറ്റെടുക്കൂ. പേസ് ബൗളിംഗ് ആണ് എലീറ്റ് എന്ന വൈറ്റ് സുപ്രീമസി മാറ്റിവെക്കൂ.
Story Highlights: spin pace bowling debate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here