വനിതാ ടി-20 ലോകകപ്പ്: സന്നാഹമത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

വനിതാ ടി-20 ലോകകപ്പിനു മുന്നോടിയായ സന്നാഹമത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ. 52 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 183 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയപ്പോൾ ബംഗ്ലാദേശിന് 8 വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനേ സാധിച്ചുള്ളൂ. 56 പന്തിൽ 91 റൺസ് നേടി പുറത്താവാതെ നിന്ന വിക്കറ്റ് കീപ്പർ റിച്ച ഘോഷാണ് ഇന്ത്യയുടെ വിജയശില്പി. (womens t20 india bangladesh)
സ്ഥിരം ഓപ്പണർ സ്മൃതി മന്ദന പുറത്തിരുന്നപ്പോൾ യസ്തിക ഭാട്ടിയയാണ് ഷഫാലി വർമയ്ക്കൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. എന്നാൽ, ഇരുവരും നിരാശപ്പെടുത്തി. ഷഫാലി (9), യസ്തിക (10) എന്നിവർക്കൊപ്പം മൂന്നാം നമ്പറിലിറങ്ങിയ ഹർലീൻ ഡിയോളും (10) വേഗം മടങ്ങിയതോടെ ഇന്ത്യ ആദ്യ പവർപ്ലേയിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി സ്കോർ ചെയ്തത് 35 റൺസ്.
Read Also: വനിതാ പ്രീമിയർ ലീഗ്; ലേലപ്പട്ടികയിൽ 409 താരങ്ങൾ
തകർച്ചയിൽ നാലാം വിക്കറ്റിൽ റിച്ച ഘോഷും ജമീമ റോഡ്രിഗസും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റി. ഇരുവരും ചേർന്ന് 95 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുയർത്തി. തുടക്കത്തിൽ ജമീമ ആക്രമിച്ചുകളിച്ചപ്പോൾ റിച്ച സാവധാനത്തിലാണ് സ്കോർ ചലിപ്പിച്ചത്. തൻ്റെ 43ആം പന്തിലാണ് റിച്ച സ്ട്രൈക്ക് റേറ്റ് 100നു മുകളിൽ എത്തിക്കുന്നത്. 45 പന്തിൽ റിച്ച ഫിഫ്റ്റി തികച്ചു. 27 പന്തിൽ 6 ബൗണ്ടറിയും ഒരു സിക്സറും സഹിതം 41 റൺസെടുത്ത് ജമീമ പുറത്തായതോടെ റിച്ച സ്കോറിംഗ് ചുമതല ഏറ്റെടുത്തു. ദേവിക വൈദ്യ (1) വേഗം മടങ്ങിയെങ്കിലും അവസാന ഓവറുകളിൽ തുടരെ ബൗണ്ടറികൾ കണ്ടെത്തിയ റിച്ചയും 4 പന്തുകളിൽ 2 ബൗണ്ടറിയടക്കം 13 റൺസ് നേടിയ പൂജ വസ്ട്രാക്കറും ചേർന്ന് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചു.
മറുപടി ബാറ്റിംഗിൽ നിഗർ സുൽത്താനയ്ക്കും (40) മുർഷിദ ഖാത്തൂനും (32) മാത്രമേ തിളങ്ങാനായുള്ളൂ. ഇന്ത്യക്കായി ദേവിക വൈദ്യ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ശിഖ പാണ്ഡെ ഒഴികെ മറ്റ് ബൗളർമാർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരെ ആദ്യ സന്നാഹ മത്സരത്തിൽ 43 റൺസിനു പരാജയപ്പെട്ട ഇന്ത്യക്ക് ഈ ജയം ഏറെ ആത്‌മവിശ്വാസം നൽകും.
Story Highlights: womens t20 world cup india won bangladesh warm up match