തൃശൂരില്‍ കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ പാലിക്കാതെ സിപിഐഎം നേതാവിന്റെ ബഹുനിലക്കെട്ടിടം ഉയരുന്നു; 24 എക്‌സ്‌ക്ലൂസീവ്

തൃശൂര്‍ ചേലക്കര നിയോജകമണ്ഡലത്തിലെ മുള്ളൂര്‍ക്കര പഞ്ചായത്തില്‍ കെട്ടിട നിര്‍മ്മാണച്ചട്ടങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച് സിപിഐഎം നേതാവിന്റെ ബഹുനിലക്കെട്ടിടം ഉയരുന്നു. ഷൊര്‍ണൂര്‍-തൃശൂര്‍ പ്രധാനപാതയോരത്താണ് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ചും കെട്ടിട നിര്‍മ്മാണം തുടരുന്നത്. സിപിഐഎം ലോക്കല്‍കമ്മിറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ജയദാസ് കൂളിയാട്ട് വളപ്പിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ബഹുനിലക്കെട്ടിടം ഉയരുന്നത്. (CPIM leader’s building in Thrissur without following building norms)
മന്ത്രി കെ രാധാകൃഷ്ണന്‍ പ്രതിനിധാനം ചെയ്യുന്ന ചേലക്കര നിയോജക മണ്ഡലത്തില്‍ മുള്ളൂര്‍ക്കര പഞ്ചായത്ത് ഓഫീസിന്റെ നൂറ് മീറ്റര്‍ ചുറ്റളവില്‍ പ്രധാന പാതയോട് ചേര്‍ന്നാണ് ബഹുനിലക്കെട്ടിടത്തിന്റെ നിര്‍മാണെ നടക്കുന്നത്. സിപിഐഎം ഭരിക്കുന്ന പഞ്ചായത്തില്‍ ഇതേ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ജയദാസ് കൂളിയാട്ട് വളപ്പിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഒരു അനുമതിയുമില്ലാതെ മൂന്ന് നിലക്കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നത്. മുസ്ലീം ലീഗിന്റെ പരാതിയെ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയത് കഴിഞ്ഞ 28നാണ്.
നിര്‍മ്മാണം അനധികൃതമെന്ന് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും സെക്രട്ടറിയും സ്ഥിരീകരിക്കുന്നുണ്ട്. ഭരണസ്വാധീനം ഉപയോഗിച്ചാണ് ഇത്തരമൊരു നിര്‍മ്മാണ പ്രവര്‍ത്തനമെന്ന് മുസ്ലീം ലീഗ് ആരോപിക്കുന്നു. സ്റ്റോപ്പ് മെമ്മോ നല്‍കിയതിന് പിന്നാലെ കെട്ടിട നിര്‍മാണം നിര്‍ത്തിവച്ചാല്‍ ജനജീവിതത്തിനും അടുത്തുള്ള കെട്ടിടങ്ങള്‍ക്കും ഭീഷണിയാകുമെന്ന് കാണിച്ച് സ്ഥലമുടമ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇത് എഞ്ചിനീയറിംഗ് വിഭാഗത്തിന് കൈമാറിയെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. ഭരണത്തിന്റെ തണലില്‍ ഒരനുമതിയുമില്ലാതെ കെട്ടിടം നിര്‍മ്മിച്ച് ക്രമവല്‍ക്കരിക്കാനുള്ള നീക്കമാണ് സ്ഥലമുടമ നടത്തുന്നതെന്നാണ് ഉയരുന്ന ആരോപണം.
Story Highlights: CPIM leader’s building in Thrissur without following building norms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here