പരാജയമറിയാതെ മുംബൈ സിറ്റി; രണ്ട് കളി ബാക്കിനിർത്തി ഐഎസ്എൽ ഷീൽഡ് സ്വന്തം

ഐഎസ്എൽ ഷീൽഡ് മുംബൈ സിറ്റി എഫ്സിക്ക് സ്വന്തം. രണ്ട് മത്സരം കൂടി ബാക്കിനിൽക്കെയാണ് മുംബൈ സിറ്റി ഷീൽഡ് സ്വന്തമാക്കിയത്. 18 മത്സരം കളിച്ച മുംബൈ ഒരു മത്സരത്തിൽ പോലും പരാജയപ്പെട്ടില്ല. 14 മത്സരം വിജയിച്ച മുംബൈ 4 എണ്ണത്തിൽ സമനില പാലിച്ചു. 46 പോയിൻ്റോടെയാണ് മുംബൈ സിറ്റിയുടെ കിരീടധാരണം. ഇന്ന് എഫ്സി ഗോവയെ നേരിട്ട മുംബൈ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് വിജയിച്ചു.
സീസണിൽ അസാമാന്യ പ്രകടനങ്ങളാണ് മുംബൈ സിറ്റി നടത്തുന്നത്. ലീഗിൽ തുടർച്ചയായി ഏറ്റവുമധികം വിജയങ്ങൾ (11), സീസണിൽ ഏറ്റവുമധികം ടീം ഗോളുകൾ (53) എന്നീ റെക്കോർഡുകൾ ഇതിനകം സ്വന്തമാക്കിയ മുംബൈ ആക്രമണത്തിലും പ്രതിരോധത്തിലും മികച്ചുനിന്നു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ നിർണായക താരമായിരുന്ന ഹോർഹെ പെരേര ഡിയാസ് ആണ് 11 ഗോളുകളുമായി സീസണിൽ ക്ലബിൻ്റെ ടോപ്പ് ഗോൾ സ്കോറർ. ഗ്രെഗ് സ്റ്റുവർട്ട്, ആൽബർട്ടോ നൊഗ്വേര, ബിപിൻ സിംഗ്, ചാംഗ്തെ തുടങ്ങിയ താരങ്ങളും മുംബൈയുടെ ആക്രമണ ഫുട്ബോളിൽ നിർണായക പ്രകടനങ്ങൾ നടത്തി.
മുംബൈയുടെ രണ്ടാം ഷീൽഡാണ് ഇത്. 2020-21 സീസണിൽ ഷീൽഡും ഐഎസ്എൽ കപ്പും മുംബൈ നേടിയിരുന്നു.
Story Highlights: mumbai city won isl shield
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here