Advertisement

‘അച്ഛന് ജോലി നഷ്ടപ്പെട്ടാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടിവരുമെന്ന ഭയം’; യുഎസില്‍ വീടുവിട്ടിറങ്ങിയ പതിനാലുകാരിയെ കണ്ടെത്താനായില്ല

February 12, 2023
Google News 3 minutes Read
Indian teen runs away from US Home to avoid deportation

മെച്ചപ്പെട്ട ജീവിത്തിനായുള്ള സ്വപ്‌നങ്ങള്‍ കണ്ട് അമേരിക്കയിലേക്ക് കുടിയേറുന്നവര്‍ ലോകമെമ്പാടുമുണ്ട്. പക്ഷേ കര്‍ശനമായ കുടിയേറ്റ നിയമങ്ങള്‍ കാരണം ഇവരുടെ ജീവിതം പ്രതിസന്ധിയിലാകുന്നു. രാജ്യത്തിന് സംഭാവന ചെയ്യുന്നിടത്തോളം കാലം രാജ്യം അഭയം നല്‍കും. പക്ഷേ അത് കഴിഞ്ഞാലോ? യുഎസിലെ അര്‍ക്കന്‍സാസില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ തന്‍വി എന്ന ഇന്ത്യന്‍ വംശജയായ പതിനാലുകാരിയുടെ കുടുംബത്തിനും ഇപ്പോള്‍ ഈ ദുരവസ്ഥയാണ്.Indian teen runs away from US Home to avoid deportation

കഴിഞ്ഞ ജനുവരി 17നാണ് തന്‍വി എന്ന പതിനാല് വയസുകാരി പെണ്‍കുട്ടിയെ കോണ്‍വേ ജൂനിയര്‍ ഹൈസ്‌കൂളില്‍ നിന്ന് കാണാതാകുന്നത്. തിരച്ചിലുകള്‍ നിരവധി നടത്തുന്നുണ്ടെങ്കിലും ഇതുവരെ പൊലീസിന് തന്‍വിയെ കണ്ടെത്താനായിട്ടില്ല. മാതാപിതാക്കളുടെ ജോലി നഷ്ടമാകാനുള്ള സാധ്യതയും ഇന്ത്യയിലേക്ക് മടങ്ങേണ്ടിവരുന്നതും മൂലം തന്‍വി ഓടിപ്പോയെന്നാണ് പൊലീസ് പറയുന്നത്.

സ്‌കൂളിന് സമീപമുള്ള ബസ്റ്റ് സ്റ്റോപ്പിന്റെ പരിസരത്താണ് തന്‍വിയെ അവസാനമായി കണ്ടതെന്ന് സിസിടിവി ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പര്‍പ്പിള്‍ നിറമുള്ള കോട്ടും പിങ്ക് പുള്ളോവറും നീല ജീവന്‍സുമായിരുന്നു കാണാതാകുമ്പോള്‍ വിദ്യാര്‍ത്ഥിനി ധരിച്ചിരുന്നത്. വൈകുന്നേരം വീടിന് സമീപം സ്‌കൂള്‍ ബസ് നിര്‍ത്തിയപ്പോഴാണ് മകള്‍ ബസിലില്ലെന്ന് അറിഞ്ഞതെന്ന് മാതാപിതാക്കളായ പവന്‍ റോയ് മരുപ്പള്ളിയും ശ്രീദേവി ഇടരയും പൊലീസിനോട് പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുട്ടിയെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു പൊലീസും.

കാണാതായ ദിവസം തന്‍വി സ്മാര്‍ട് വാച്ച് ധരിച്ചിരുന്നില്ലെന്നും അതിനാല്‍ ലൊക്കേഷന്‍ ട്രേസ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. തന്‍വി മനപൂര്‍വം വീട് വിട്ടിറങ്ങാന്‍ പ്ലാന്‍ ചെയ്‌തെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കുടുംബം പറയുന്നു.

യുഎസിലെ ടെക് സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് തന്‍വിയുടെ പിതാവ് പവന്‍ റോയി. ഒപ്പമുള്ള നിരവധി പേരെ കമ്പനി പിരിച്ചുവിട്ടതോടെ തന്‍വിയുടെ കുടുംബത്തിന്റെയും ഭയം ജോലി പോകുമോ എന്നായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടിവരും. വര്‍ഷങ്ങളായി യുഎസില്‍ സ്ഥിരതാമസമാണെങ്കിലും കുടിയേറ്റനിയമങ്ങള്‍ കാരണം ഇവര്‍ക്ക് യുഎസ് പൗരത്വം കിട്ടിയിട്ടില്ല. ഇതിനിടെ തന്‍വിയുടെ അമ്മ ശ്രീദേവിയുടെയും ജോലി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ശ്രീദേവി, ഒരു വര്‍ഷം കഴിഞ്ഞാണ് വീണ്ടും യുഎസില്‍ കുടുംബത്തിനൊപ്പമെത്തിയത്.

Read Also: തുർക്കി ഭൂകമ്പം; കെട്ടിടാവശിഷ്ടങ്ങളിൽ 4 ദിവസം കുടുങ്ങിക്കിടന്ന 17കാരനെ രക്ഷപ്പെടുത്തി, ജീവൻ നിലനിർത്തിയത് സ്വന്തം മൂത്രം കുടിച്ച്

അച്ഛന്റെ ജോലി നഷ്ടപ്പെട്ടാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടിവരുമോ എന്ന ആശങ്ക തന്‍വിയെ അലട്ടിയിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇന്ത്യയിലേക്ക് താന്‍ പോകില്ലെന്നും യുഎസ് ആണ് തന്റെ രാജ്യമെന്നും തന്‍വി പറഞ്ഞിരുന്നു. തന്‍വിയെ കണ്ടെത്തുന്നവര്‍ 911 എന്ന നമ്പരില്‍ വിളിക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടനുസരിച്ച്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ 2022 നവംബര്‍ മുതല്‍ ഏകദേശം 200,000 ഐടി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.

Story Highlights: Indian teen runs away from US Home to avoid deportation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here