പൊലീസിന്റെ വാദത്തില്‍ കഴമ്പില്ല, സ്ത്രീയാണെന്ന് മനസിലാക്കി തന്നെയാണ് വലിച്ചിഴച്ചത്: മിവ ജോളി

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ തന്നെ പുരുഷ പൊലീസ് കോളറില്‍ പിടിച്ച് വലിച്ചിഴച്ചെന്ന് കെഎസ്‌യു പ്രവര്‍ത്തക മിവ ജോളി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കരുതെന്നാണോ അതോ വനിതാ പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികളില്‍ വരരുതെന്നാണോ പൊലീസ് നടപടിയുടെ അര്‍ത്ഥമെന്നാണ് മിവ ചോദിക്കുന്നത്. കളമശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെതിരായ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് വിവാദത്തിലായിരുന്നു പ്രതിഷേധം. ഇത്തരമൊരു വിവാദമുയരുമ്പോള്‍ മുഖ്യമന്ത്രി കൊച്ചിയിലെത്തുമ്പോള്‍ പ്രതിഷേധമുണ്ടാകുന്നത് സ്വാഭാവികമാണെന്നും മിവ ജോളി പറഞ്ഞു. (miva jolly on police action against her)
മുഖ്യമന്ത്രി എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് തങ്ങള്‍ പ്രതിഷേധിക്കാനെത്തിയപ്പോള്‍ പൊലീസ് തന്നെ പിടിച്ചുമാറ്റുന്ന സ്ഥിതിയുണ്ടായെന്ന് മിവ ജോളി ട്വന്റിഫോറിനോട് പറയുന്നു. ആ സമയത്തൊന്നും അവിടെ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉണ്ടായിരുന്നില്ല. ഒരു സ്ത്രീയാണ് പ്രതിഷേധിക്കുന്നതെന്ന് മനസിലായില്ല എന്ന വാദം വിലപ്പോയില്ല. തങ്ങള്‍ അവിടെ എത്തിയപ്പോള്‍ തന്നെ പ്രതിഷേധത്തില്‍ സ്ത്രീയുമുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചതായി താന്‍ കേട്ടെന്നും മിവ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകയോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി കോണ്‍ഗ്രസ് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് പൊലീസിനെതിരെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഡിജിപിക്ക് പരാതി നല്‍കി. ഇന്നലെയാണ് കൊച്ചിയില്‍ മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം നടന്നത്. കെഎസ്‌യു പ്രവര്‍ത്തക മിവ ജോളിയെ പൊലീസ് ബലമായി കോളറില്‍ പിടിച്ച് പ്രതിഷേധസ്ഥലത്തുനിന്നും നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പരാതിയുമായി മുന്നോട്ടുപോകുന്നത്.
കെഎസ്‌യു പ്രവര്‍ത്തകയെ പൊലീസ് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ഇതിന് നടപടി സ്വീകരിച്ചേ മതിയാകൂ. നടപടി ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ സമരം ചെയ്തിട്ടുണ്ട്. ഇനിയും നടപടിയില്ലെങ്കില്‍ തങ്ങള്‍ മറ്റ് വഴികള്‍ ആലോചിക്കും. ഞങ്ങളുടെ പെണ്‍കുട്ടികള്‍ സമരത്തിനിറങ്ങിയാല്‍ പുരുഷ പൊലീസ് ആക്രമിക്കുമെന്ന് വന്നാല്‍ അത് കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights: miva jolly on police action against her