‘ഈഗോയുണ്ട് എന്നാലും ഒറ്റക്കെട്ടാണ്’; കോലി-രോഹിത് ബന്ധം വെളിപ്പെടുത്തി ചേതൻ; ആഘോഷമാക്കി ആരാധകർ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ‘സീ ന്യൂസ്’ സ്റ്റിംഗ് ഓപ്പറേഷനിൽ ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ്മ നടത്തിയിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിൽ നടക്കുന്ന ഉത്തേജക വിവാദവും സൗരവ് ഗാംഗുലിക്കും മുൻ നായകൻ വിരാട് കോലിക്കും ഇടയിലെ അഭിപ്രായവ്യത്യാസത്തെക്കുറിച്ചും അദ്ദേഹം തുറന്നു സംസാരിച്ചു. പ്രധാന വെളിപ്പെടുത്തലുകളിൽ ഒന്നാണ് കോലി-രോഹിത് ബന്ധം. മാധ്യമ റിപോർട്ടുകൾ പോലെ ഇരുവർക്കും ഇടയിൽ വിള്ളലുകൾ ഇല്ലെന്നാണ് ചേതൻ അവകാശപ്പെടുന്നത്.
ഇരുവർക്കും ഇടയിൽ ഈഗോ ക്ലാഷ് ഉണ്ടായിട്ടുണ്ട്, എന്നാൽ വിള്ളലില്ല. രോഹിതും വിരാടും തമ്മിലുള്ളത് അമിതാഭ് ബച്ചൻ ധർമേന്ദ്ര ബന്ധമാണ്. ചിലപ്പോഴൊക്കെയായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇരുവരും ഒറ്റക്കെട്ടാണ്. ഇരുവരും പരസ്പരം പിന്തുണയ്ക്കുന്ന താരങ്ങളാണ്. പിളർപ്പിനെക്കുറിച്ചുള്ള ഈ ചർച്ചകളെല്ലാം മാധ്യമങ്ങൾ നടത്തുന്ന ഊഹാപോഹങ്ങളാണെന്നും ചേതൻ കൂട്ടിച്ചേർത്തു.
ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ കോലി ഒരിക്കലും ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ സെലക്ഷൻ കമ്മിറ്റി രോഹിത് ശർമ്മയെ പുതിയ ഏകദിന ക്യാപ്റ്റനായി തെരഞ്ഞെടുത്തു. കോലി കഴിഞ്ഞാൽ പിന്നെ അടുത്ത മികച്ച ചോയ്സ് രോഹിത് ആയിരുന്നു. കോലിയോടുള്ള എതിർപ്പായിരുന്നു രോഹിത് ശർമയെ ക്യാപ്റ്റനാക്കിയത്. വിരാടിന്റെ മോശം ഫോം മുതലെടുത്ത് ബിസിസിഐ അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കി. രാജ്യത്തെ ഒന്നാം നമ്പർ ബാറ്ററോട് ഇങ്ങനെ പെരുമാറരുത് ലജ്ജാകരമാണെന്നും ചേതൻ പറഞ്ഞു.
നായകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ രോഹിത്തിനും കോലിക്കുമിടയിൽ ഭിന്നതയുണ്ടെന്ന അനുമാനങ്ങളും ഊഹാപോഹങ്ങളും ഉയർന്നിരുന്നു. ചേതൻ ശർമ്മയുടെ തുറന്നു പറച്ചിൽ ഈ വിവാദങ്ങൾക്ക് കൂടി അന്ത്യം കുറിച്ചിരിക്കുയാണ്. വെളിപ്പെടുത്തലിനു പിന്നാലെ പ്രയാസകരമായ സമയങ്ങളിൽ കോലിയെ പിന്തുണച്ചതിന് രോഹിതിന് നന്ദി അറിയിച്ച് നിരവധി കോലി ആരാധകർ രംഗത്തുവന്നു.
Story Highlights: BCCI chief selector breaks silence on Rohit Sharma-Virat Kohli rift
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here