ആർഎസ്എസ് – ജമാഅത്തെ ഇസ്‌ലാമി ചർച്ച: വാർത്തകൾ ദുരുദ്ദേശപരമെന്ന് ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി
ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നു എന്ന തരത്തിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത ദുരുദ്ദേശ്യപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി ടി. ആരിഫ് അലി. ആർഎസ്എസ് പ്രതിനിധികളുമായി രാജ്യത്തെ പ്രമുഖ മുസ്‌ലിം സംഘടനകളുടെ പ്രതിനിധികൾ ചർച്ച നടത്തിയത് ശരിയാണ്. എന്നാൽ ഇന്ത്യൻ മുസ്‌ലിമുകളും പൊതുസമൂഹവും ഉന്നയിക്കുന്ന പ്രശ്നങ്ങൾ ആർഎസ്എസിൻ്റെ മുന്നിൽ അവതരിപ്പിക്കാനുള്ള തീരുമാനത്തെ തുടർന്നാണ് ഈ ചർച്ചയുമായി മുന്നോട്ട് കൊണ്ട് പോയതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. ഇന്നലെയാണ് ന്യൂ ഡൽഹിയിൽ ജമാഅത്തെ ഇസ്‌ലാമിയും ആർഎസ്എസും ചർച്ച നടത്തിയത്. Explanation of discussion held by Jamaat-e-Islami with RSS
Read Also: ആർഎസ്എസ് റൂട്ട് മാർച്ചുകൾക്ക് അനുമതി നൽകാം; തമിഴ്നാട് പൊലീസിനോട് മദ്രാസ് ഹൈക്കോടതി
ആർഎസ്എസ് ഉയർത്തിവിട്ട സാമൂഹിക – രാഷ്ട്രീയ അന്തരീക്ഷമാണ് വിദ്വേഷ പ്രസംഗം, ആൾകൂട്ടക്കൊല, വംശഹത്യ തുടങ്ങിയവക്ക് കാരണം എന്നതിനാൽ അവ ആർഎസ്എസിനോട് തന്നെയാണ് സംസാരിക്കേണ്ടത് എന്ന് ആരിഫ് അലി കുറിപ്പിൽ വ്യക്തമാക്കി. കൂടാതെ ഇന്ത്യൻ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണ് എന്ന വ്യക്തമായ ബോധ്യം ഞങ്ങൾക്ക് ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ജമാഅത്ത് നേതാക്കൾ മീഡിയകളോട് നേരത്തേ വിശദീകരിച്ചിരിക്കെ തെറ്റിദ്ധാരണ പരത്തും വിധം നടത്തുന്ന പ്രചരണങ്ങൾ ദുരുദ്ദേശപരവും അപലപനീയവുമാണ് എന്ന് കുറിപ്പിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണ രൂപം:
ആർ.എസ്.എസുമായി ചർച്ച: വാർത്ത ദുരുദ്ദേശപരം
ആർ.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നു എന്ന തരത്തിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത ദുരുദ്ദേശ്യപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ആർ.എസ്.എസ് പ്രതിനിധികളും രാജ്യത്തെ പ്രമുഖ മുസ്‌ലിം സംഘടനകളുടെ പ്രതിനിധികളും ബുദ്ധിജീവികളും തമ്മിൽ ചർച്ച നടത്തി എന്നത് ശരിയാണ്.
ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ദാറുൽ ഉലൂം ദയൂബന്ത്,അജ്മീർ ദർഗ,ചില ശിഈ സംഘടനാ പ്രതിനിധികളുമാണ് ചർച്ചയിൽ പങ്കെടുത്തത്. ആർ.എസ്.എസ് മുൻകയ്യെടുത്ത് പ്രമുഖരായ മുൻ ബ്യൂറോക്രാറ്റുകൾ വഴിയാണ് ചർച്ചക്ക് ക്ഷണം ലഭിച്ചത്. ജനുവരി 14 ന് നടന്ന ചർച്ചയെ സംബന്ധിച്ച് നേരത്തെ വാർത്ത വരികയും തദ്സംബന്ധമായ വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്.
നജീബ് ജംഗ്, സയിദ് ഷർവാനി, ഷാഹിദ് സിദ്ദീഖി, എസ്.വൈ ഖുറൈശി എന്നിവരാണ് ആർ.എസ്.എസ് നിർദേശാനുസാരം ചർച്ചക്ക് മുൻകയ്യെടുത്തതും ഓരോ മുസ്‌ലിം സംഘടനകളുമായി സംസാരിച്ചതും. സംഭാഷണത്തിൻ്റെ സ്വഭാവം ഏതു രൂപത്തിലാകണമെന്ന് സംഘടനകൾ ഈ നാലു പേരുടെ മുന്നിലാണ് വെച്ചതും പിന്നീട് അംഗീകരിക്കപ്പെട്ടതും.
ഇന്ത്യൻ മുസ്‌ലിംകളും പൊതുസമൂഹവും ഉന്നയിക്കുന്ന പ്രശ്നങ്ങൾ ആർ.എസ്.എസിൻ്റെ മുന്നിൽ അവതരിപ്പിക്കാനുള്ള അവസരത്തെ ഉപയോഗപ്പെടുത്തണം എന്നാണ് മുസ്‌ലിം സംഘടനാ നേതാക്കൾ ഏകോപിച്ചെടുത്ത തീരുമാനം. ഒരു ജനാധിപത്യ രാജ്യത്ത് വിയോജിപ്പുകളും പ്രക്ഷോഭങ്ങൾക്കുമൊപ്പം തന്നെ സംവാദങ്ങളും ചർച്ചകളുമാണ് നടക്കേണ്ടത് എന്നാണ് മുസ്‌ലിം സംഘടനകളുടെ നിലപാട്. തുടർന്ന് ചർച്ചയിൽ ഉന്നയിക്കേണ്ട വിഷയങ്ങളെ സംബന്ധിച്ചും നിലപാടുകളെ സംബന്ധിച്ചും മുൻകൂട്ടി ഏകോപനമുണ്ടാക്കുകയായിരുന്നു. വ്യവസ്ഥാപിതവും ഇരു വിഭാഗവും തുല്യനിലയിലുമായിരിക്കണം ചർച്ചയിൽ പങ്കെടുക്കേണ്ടത്, ഏതെങ്കിലും വിഭാഗം പറയുകയും മറുവിഭാഗം കേൾക്കുകയും ചെയ്യുക എന്ന രീതിയാവരുത്, ചർച്ച ഒരു പൊതു തീരുമാനത്തിലെത്തിയാൽ അക്കാര്യം ജനങ്ങളോട് തുറന്നു പറയണം, പൊതു തീരുമാനത്തിലെത്തിയില്ലെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് ചർച്ച പ്രവേശിക്കുകയും പൊതുധാരണയിൽ എത്തുന്ന മുറയ്ക്ക് അവ പൊതുസമൂഹത്തെ അറിയിക്കുകയും വേണം എന്നീ ഉപാധികൾ മുന്നോട്ട് വെക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തു.
രണ്ട് കാരണങ്ങൾ കൊണ്ടാണ് ആർ.എസ്.എസുമായി ചർച്ച നടത്താമെന്ന് മുസ്‌ലിം സംഘടനകൾ തീരുമാനിച്ചത്.
ഒന്ന്, ആർ.എസ്.എസ് ഉയർത്തിവിട്ട സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷമാണ് വിദ്വോഷ പ്രസംഗം, ആൾകൂട്ടക്കൊല, വംശഹത്യ തുടങ്ങിയവക്ക് കാരണം. അത് ആർ.എസ്.എസിനോട് തന്നെയാണ് സംസാരിക്കേണ്ടത്.
രണ്ട്, ഇപ്പോൾ ഇന്ത്യൻ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണ്.
മുസ്‌ലിംകൾ രണ്ടാംതരം പൗരൻമാരാണെന്ന മോഹൻ ഭവഗതിൻ്റെ പരാമർശം, ആൾക്കൂട്ടക്കൊല, വിദ്വോഷ പ്രസംഗം, വംശഹത്യ തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കണമെന്ന് മുസ്‌ലിം സംഘടനകൾ തീരുമാനിക്കുകയും ശക്തമായി അവതരിപ്പിക്കുകയും ചെയ്തു.
അടച്ചിട്ട മുറിയിൽ ചർച്ച നടന്നു എന്നതും തെറ്റിദ്ധാരണാജനകമാണ്. വിവിധ സംഘടനകളും ബ്യൂറോക്രാറ്റുകളുമടക്കം 14 പേർ നടത്തിയത് രഹസ്യ ചർച്ച ആയിരുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ജമാഅത്ത് നേതാക്കൾ മീഡിയകളോട് നേരത്തേ വിശദീകരിച്ചിരിക്കെ തെറ്റിദ്ധാരണ പരത്തുംവിധം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ചില പ്രചരണങ്ങൾ ദുരുദ്ദേശപരവും അപലപനീയവുമാണ്.
Story Highlights: Explanation of discussion held by Jamaat-e-Islami with RSS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here