വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസും എം. ശിവശങ്കറിന്റെ അറസ്റ്റും

1995 ബാച്ച് മുതല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുള്ള എം.ശിവശങ്കര്‍, വിവാദങ്ങള്‍ക്കൊപ്പം പിണറായി വിജയന്റെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും ശക്തനായ ഐഎഎസ് ഉദ്യോഗസ്ഥനായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍, ഐടി വകുപ്പ് സെക്രട്ടറിയുടെ പോര്‍ട്ട്ഫോളിയോയും പ്രവര്‍ത്തിച്ചിട്ടുണ്ട്.M Sivasankar’s involvement in life mission case
ലൈഫ് മിഷന്‍ കോഴ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രിയോടെയായിരുന്നു ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
എം ശിവശങ്കറിന്റെ അറസ്റ്റ്
യു.എ.ഇ സഹായത്തോടെ തൃശൂരിലെ വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മിക്കുന്നതില്‍ വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നെന്നാണ് കേസില്‍ ആദ്യം ആരോപണമുയര്‍ന്നത്. ഫ്‌ളാറ്റ് നിര്‍മാണ പദ്ധതിയില്‍ കോഴ ഇടപാട് നടന്നെന്ന കേസിലാണ് ഇപ്പോള്‍ ഇ.ഡി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പദ്ധതിയില്‍ കരാര്‍ ലഭിക്കുന്നതിനായി നാല് കോടി 48 ലക്ഷം രൂപ കോഴയായി നല്‍കിയെന്ന് നിര്‍മാണ കരാര്‍ ഏറ്റെടുത്ത യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സന്തോഷ് ഈപ്പന്‍, സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, പി എസ് സരിത്, സന്ദീപ് നായര്‍ എന്നിവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇ ഡി ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തത്.
ലൈഫ് മിഷന്‍ കേസ്
2020 ജൂണില്‍ ശിവശങ്കറിനെ പ്രതിചേര്‍ത്ത തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നതിന് പിന്നാലെയാണ് ലൈഫ് മിഷന്‍ കേസ് ഉയര്‍ന്നത്. യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സ്വപ്ന സുരേഷിനും സരിത്തിനും ലൈഫ് മിഷന്‍ ഫണ്ട് ദുര്‍വിനിയോഗത്തില്‍ പങ്കുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹര്‍ജികള്‍ തള്ളുകയായിരുന്നു.
ലൈഫ് മിഷന്‍ ഇടപാടില്‍ എം ശിവശങ്കറിന് കോഴയായി രണ്ട് കോടിയോളം രൂപ നല്‍കിയിട്ടുണ്ടെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കുകയായിരുന്നു. ഇ.ഡിയുടെ ചോദ്യം ചെയ്യലില്‍ ഇയാള്‍ നേരത്തേയും ഇതേ മൊഴി തന്നെ ആവര്‍ത്തിച്ചിരുന്നു. തന്റെ ലോക്കറില്‍ നിന്ന് മുന്‍പ് എന്‍ഐഎ കണ്ടെടുത്ത പണവും സ്വര്‍ണവും എം ശിവശങ്കറിന് കോഴ ലഭിച്ചതാണെന്ന് സ്വപ്നയും ഇഡിക്ക് മുന്‍പാകെ വെളിപ്പെടുത്തി.
സ്വപ്‌നയുടെ ആരോപണം
തന്റെ ലോക്കറിലുണ്ടായിരുന്ന ഒരു കോടിരൂപ, ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട, എം ശിവശങ്കറുടെ കമ്മിഷന്‍ പണമായിരുന്നെന്നാണ് സ്വപ്ന സുരേഷ് ആരോപിച്ചത്. കരാര്‍ പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് ക്ലിഫ് ഹൗസില്‍ വച്ചുനടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചെന്നും കരാറില്‍ ഒപ്പിട്ടത് സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ മുഖ്യമന്ത്രി, കോണ്‍സുല്‍ ജനറല്‍, എം ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തുവെന്നും സ്വപ്‌ന ആരോപിച്ചിരുന്നു.
എം. ശിവശങ്കറിന് ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അറിയാം. ആര്‍ക്കൊക്കെ കമ്മീഷന്‍ നല്‍കി, എത്ര പണം നല്‍കി, യുണീടാക്കിന് കരാര്‍ എങ്ങനെ ലഭിച്ചു എന്നിങ്ങനെ എല്ലാ കാര്യങ്ങളും ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്ന വിജിലന്‍സിനും മൊഴി നല്‍കി.
ശിവശങ്കറിന്റെ പ്രതികരണം
സ്വപ്‌ന സുരേഷിന്റെ ലോക്കറിലെ പണത്തെ കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു ശിവശങ്കറിന്റെ ഇഡിയോടുള്ള ചോദ്യംചെയ്യലില്‍ പ്രതികരണം. ചോദ്യം ചെയ്യലില്‍ നിസഹകരണം തുടര്‍ന്നതോടെ ഇഡി അറസ്റ്റിലേക്ക് കടക്കുകയായിരുന്നു.
സിബിഐ അന്വേഷണം
വിദേശ സഹായ നിയന്ത്രണ നിയമപ്രകാരമാണ് ലൈഫ് മിഷന്‍ കേസില്‍ സിബിഐ കേസെടുത്തത്. 2020ല്‍ അന്നത്തെ വടക്കാഞ്ചേരി കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരെയുടെ പരാതിയിലാണ് കൊച്ചി സിബിഐ കോടതി കേസെടുത്തത്.
സംസ്ഥാനത്തേക്ക് വിദേശനിക്ഷേപം കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം അടക്കം ആവശ്യപ്പെടുകയുമുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച ഘട്ടത്തിലായിരുന്നു എഫ്സിആര്‍എ ചട്ടലംഘനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സിബിഐ പരിശോധിക്കാന്‍ തീരുമാനിച്ചതും കേസെടുത്തതും.
ശിവശങ്കര്‍, സ്വപ്ന സുരേഷിനൊപ്പം യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ അദ്ദേഹത്തിന്റെ ചേംബറില്‍ കണ്ടതായും സിബിഐ അവകാശപ്പെട്ടു. അന്നത്തെ ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന യു വി ജോസും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നെന്നാണ് സിബിഐ കണ്ടെത്തല്‍.
Read Also: ലൈഫ് മിഷന്‍ കോഴക്കേസ്: എം ശിവശങ്കര്‍ അറസ്റ്റില്‍
യദൃകൃഷ്ണയും പ്രതി
ശിവശങ്കറിനെ കൂടാതെ തിരുവനന്തപുരം സ്വദേശി യദൃകൃഷ്ണയെയും ഇ.ഡി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇയാള്‍ക്ക് മൂന്ന് ലക്ഷം കോഴ ലഭിച്ചെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. സരിത്, സന്ദീപ് എന്നിവര്‍ക്ക് കോഴയായി 59 ലക്ഷം നല്‍കിയെന്നും വെളിപ്പെടുത്തലുണ്ട്. ജനുവരി 31 നാണ് എം ശിവശങ്കര്‍ സര്‍വീസില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചത്. കേസുകളും അറസ്റ്റും കാരണം സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട ശിവശങ്കറെ പിന്നീട് തിരികെ പ്രവേശിപ്പിക്കുകയായിരുന്നു.
Story Highlights: M Sivasankar’s involvement in life mission case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here