Advertisement

വനിതാ പ്രീമിയർ ലീഗ്: ലേലത്തിൽ സ്കോർ ചെയ്ത് ബാംഗ്ലൂരും ഡൽഹിയും; കാലിടറി മുംബൈ

February 15, 2023
Google News 2 minutes Read
wpl auction strategy womens premier league

വനിതാ പ്രീമിയർ ലീഗ് ലേലം പൂർത്തിയായപ്പോൾ രാജ്യാന്തര സൂപ്പർ താരങ്ങളിൽ പലരും പുറത്താണ്. ശ്രീലങ്കൻ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റിംഗിൻ്റെ വക്താവുമായ ചമരി അത്തപ്പട്ടു, ഏത് ടി-20 ടീം എടുത്താലും അനായാസം ഇടം കണ്ടെത്തുന്ന ഇംഗ്ലണ്ട് ബാറ്റർ ഡാനി വ്യാട്ട്, ഓസ്ട്രേലിയയുടെ യുവ സ്പിൻ സെൻസേഷൻ അലാന കിങ്ങ് തുടങ്ങി ഇന്ത്യൻ യുവ ഓൾറൗണ്ടർ സിമ്രാൻ ദിൽ ബഹാദൂർ വരെയുള്ള പ്രമുഖ താരങ്ങളെ ഫ്രാഞ്ചൈസികൾ തഴഞ്ഞു. ഇത്തരം ചില കുഴപ്പങ്ങളുണ്ടെങ്കിലും കോടികളൊഴുകിയ താരലേലം ഇന്ത്യയിലെയും ആഗോളതലത്തിലെയും വനിതാ ക്രിക്കറ്റിന് പുതിയ മാനങ്ങളാണ് ഒരുക്കുന്നത്. മുംബൈ ഒഴികെയുള്ള ഫ്രാഞ്ചൈസികൾ താരലേലം ഫലപ്രദമായി വിനിയോഗിച്ചപ്പോൾ മുംബൈ മണ്ടത്തരം കാട്ടി. (auction strategy womens premier)

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആണ് ലേലത്തിൽ ഏറെ നേട്ടമുണ്ടാക്കിയത്. ലേലത്തിലെ ആദ്യ താരവും വനിതാ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാറുമായ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദനയെ റെക്കോർഡ് തുകയായ 3.4 കോടി മുടക്കി ബാംഗ്ലൂർ ടീമിലെത്തിച്ചപ്പോൾ അവരുടെ ഓക്ഷൻ പ്ലാനുകൾ പൊളിഞ്ഞു എന്നാണ് കരുതിയത്. എന്നാൽ വളരെ കൃത്യമായ ഒരു പ്ലാനിങ്ങോടെ ഒരു ഗംഭീര ടീമിനെയാണ് ബാംഗ്ലൂർ സ്വന്തമാക്കിയിരിക്കുന്നത്. ന്യൂസീലൻഡിൻ്റെ വെടിക്കെട്ട് ഓൾറൗണ്ടറും ക്യാപ്റ്റനുമായ സോഫി ഡിവൈനെ വെറും 50 ലക്ഷം രൂപയ്ക്കും വനിതാ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ഓസീസ് താരം എലിസ് പെറിയെ 1.7 കോടി രൂപയ്ക്കും റാഞ്ചിയ ആർസിബി പോയ വർഷത്തെ വനിതാ എമർജിങ്ങ് ക്രിക്കറ്ററായ രേണുക താക്കൂറിനെ 1.5 കോടി രൂപയ്ക്കും ഫിനിഷർ റോളിൽ തട്ടുപൊളിപ്പൻ പ്രകടനം നടത്തുന്ന ഇന്ത്യൻ താരം റിച്ച ഘോഷിനെ 1.9 കോടി രൂപയ്ക്കും ടീമിലെത്തിച്ചു. ആധുനിക വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ മേഗൻ ഷട്ട് (40 ലക്ഷം രൂപ), ഇംഗ്ലണ്ട് ക്യാപ്റ്റനും ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മികച്ച റെക്കോർഡുമുള്ള ഹെതർ നൈറ്റ് (40 ലക്ഷം രൂപ) എന്നീ സൂപ്പർ താരങ്ങളും ബാംഗ്ലൂരിലാണ്. ഇവർക്കൊപ്പം ആശ ശോഭന, കനിക അഹുജ, ശ്രേയങ്ക പാട്ടിൽ തുടങ്ങി മികച്ച ആഭ്യന്തര താരങ്ങളും ബാംഗ്ലൂരിനൊപ്പമുണ്ട്.

Read Also: വനിതാ ഐപിഎൽ ലേലം; ചരിത്രമെഴുതി മലയാളി താരം മിന്നു മണി ഡൽഹി ക്യാപിറ്റൽസിൽ

ഡൽഹി ക്യാപിറ്റൽസും ബുദ്ധിപരമായി ലേലത്തെ സമീപിച്ച് ഒരു മികച്ച ടീമിനെ കെട്ടിപ്പടുത്തു. പരമാവധി എണ്ണമായ 18 താരങ്ങളെ പൂർത്തിയാക്കുകയും പഴ്സിൽ 35 ലക്ഷം രൂപ ബാക്കിവെക്കുകയും ചെയ്ത ഡൽഹി യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി. ഇന്ത്യൻ ടീമിലെ വിശ്വസ്ത താരം ജമീമ റോഡ്രിഗസിനെ 2.2 കോടി രൂപയ്ക്കും വനിതാ ക്രിക്കറ്റിലെ ഓപ്പണിങ്ങ് സമവാക്യങ്ങൾ മാറ്റിമറിച്ച ഷഫാലി വർമയെ 2 കോടി രൂപയ്ക്കും ടീമിലെത്തിച്ച് ഡൽഹി തങ്ങളുടെ പദ്ധതിയെന്തെന്ന് തെളിയിച്ചു. ഓസ്ട്രേലിയൻ സൂപ്പർ താരം മെഗ് ലാനിങ്ങ് (1.1 കോടി രൂപ), ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മരിസേൻ കാപ്പ്, ഇംഗ്ലണ്ടിൻ്റെ വെടിക്കെട്ട് യുവ ബാറ്റർ ആലിസ് കാപ്സി (75 ലക്ഷം), ഓസീസ് ഓൾറൗണ്ടർ ജെസ് ജൊനാസൻ (50 ലക്ഷം രൂപ) എന്നീ മികച്ച സിനിങ്ങുകളും ഡൽഹി അധികം തുക മുടക്കാതെ നടത്തിയെടുത്തു. അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നൊരു താരത്തെ ടീമിലെത്തിച്ചത് ഡൽഹി മാത്രമായിരുന്നു. യുഎസ്എ പേസർ താര നോറിസിനെ 10 ലക്ഷം രൂപ മുടക്കിയാണ് ഡൽഹി സ്വന്തമാക്കിയത്. ഇവർക്കൊപ്പം ഇന്ത്യൻ ബൗളിംഗ് യൂണിറ്റിലെ സുപ്രധാന താരമായ ശിഖ പാണ്ഡെ (60 ലക്ഷം), ടി-20യിൽ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ പൂനം യാദവ് (30 ലക്ഷം), ഇന്ത്യൻ യുവ സ്പിന്നർ രാധ യാദവ് (40 ലക്ഷം), വിക്കറ്റ് കീപ്പർ തനിയ ഭാട്ടിയ (30 ലക്ഷം) എന്നീ സൈനിങ്ങുകളും മികച്ചത് തന്നെയാണ്. ഇവർക്കൊപ്പം ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ തിളങ്ങിയ തിതസ് സാധു, ആഭ്യന്തര ക്രിക്കറ്റിൽ വിസ്ഫോടനാത്‌മക ഇന്നിംഗ്സ് കളിക്കുന്ന ജമ്മു കശ്‌മീർ താരം ജാസിയ അക്തർ, മലയാളികളുടെ സ്വന്തം ഓൾറൗണ്ടർ മിന്നു മണി എന്നിങ്ങനെ മികച്ച അൺകാപ്പ്ഡ് താരങ്ങളും ഡൽഹിയിലുണ്ട്.

യുപി വാരിയേഴ്സ് ആണ് ലേലത്തിൽ നേട്ടമുണ്ടാക്കിയ മറ്റൊരു ടീം. ഏകദിന, ടി-20 റാങ്കിംഗിൽ ഒന്നാമതുള്ള ഇംഗ്ലണ്ട് ബൗളർ സോഫി എക്ലസ്റ്റനെ വെറും 1.8 കോടി രൂപയ്ക്ക് ടീമിലെടുത്ത യുപി ഇന്ത്യൻ ഓൾറൗണ്ടറും മാച്ച് വിന്നറുമായ ദീപ്തി ശർമയെ 2.6 കോടി രൂപയ്ക്കും ടീമിലെത്തിച്ചു. ഓസ്ട്രേലിയൻ ഓൾറൗണ്ടറും ടി-20 ബാറ്റർമാരിൽ ഒന്നാം റാങ്കുകാരിയുമായ തഹിലിയ മഗ്രാത്തിനായി യുപി മുടക്കിയത് വെറും 1.4 കോടി രൂപ. ദക്ഷിണാഫ്രിക്കയുടെ സുപ്രധാന പേസർ ഷബ്‌നിം ഇസ്‌മയിലിനെ ഒരു കോടി രൂപ മുടക്കി യുപി ലേലം കൊണ്ടു. ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പറും ഓപ്പണിംഗിൽ തട്ടുപൊളിപ്പൻ ബാറ്ററുമായ അലിസ ഹീലിയെ വെറും 70 ലക്ഷം രൂപ മുടക്കിയാണ് യുപി സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ വെടിക്കെട്ട് ഫിനിഷർ ഗ്രേസ് ഹാരിസ് (75 ലക്ഷം രൂപ), ഇംഗ്ലീഷ് യുവ പേസർ ലോറൻ ബെൽ (30 ലക്ഷം രൂപ) എന്നിവരും യുപിയിലാണ്. ഇവർക്കൊപ്പം ഇന്ത്യൻ ടീമിലെ സുപ്രധാന താരങ്ങളായ സ്പിന്നർ രാജേശ്വരി ഗെയ്ക്വാദ് (40 ലക്ഷം രൂപ), ഓൾറൗണ്ടർ ദേവിക വൈദ്യ (1.4 കോടി രൂപ) എന്നിവരെയും യുപി സ്വന്തമാക്കി. അണ്ടർ 19 ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ ശ്വേത സെഹ്‌രാവത്, ലോകകപ്പിൽ സ്പിൻ മായാജാലം തീർത്ത പർശവി ചോപ്ര എന്നീ താരങ്ങളും യുപിയ്ക്കായി കളിക്കും.

ഗുജറാത്ത് ജയൻ്റ്സും ലേലം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തി. ഓസ്ട്രേലിയയുടെ സൂപ്പർ സ്റ്റാർ ഓൾറൗണ്ടർ ആഷ് ഗാർഡ്നർ (3.2 കോടി രൂപ), വെടിക്കെട്ട് ഓസീസ് ഓപ്പണർ ബെത്ത് മൂണി (2 കോടി രൂപ) എന്നിവരാണ് ഗുജറാത്തിൻ്റെ പ്രധാന താരങ്ങൾ. ഒറ്റക്ക് കളി മാറ്റിമറിക്കാൻ കഴിവുള്ള ഇംഗ്ലീഷ് യുവ ഓപ്പണർ സോഫിയ ഡങ്ക്ലിയെ വെറും 60 ലക്ഷം രൂപ മുടക്കി ടീമിലെത്തിക്കാനായത് ഗുജറാത്തിനു നേട്ടമാണ്. ഓസീസ് യുവ ഓൾറൗണ്ടർ അന്നബെൽ സതർലൻഡ് (70 ലക്ഷം രൂപ), സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ വിൻഡീസ് താരം ദിയേന്ദ്ര ഡോട്ടിൻ (60 ലക്ഷം), ഓസീസ് ബൗളിംഗ് ഓൾറൗണ്ടർ ജോർജിയ വെയർഹാം (75 ലക്ഷം) എന്നിവരും ഗുജറാത്ത് ജഴ്സിയണിയും. ഇവർക്കൊപ്പം മികച്ച ഇന്ത്യൻ ഓൾറൗണ്ടർ സ്നേഹ് റാണ, ബാറ്റർ സബ്ബിനേനി മേഘന, വിക്കറ്റ് കീപ്പർ സുഷമ വർമ തുടങ്ങിയ താരങ്ങളും ടീമിലുണ്ട്.

റിച്ച ഘോഷിനായി 1.9 കോടി രൂപ ചെലവഴിക്കപ്പെട്ട ലേലത്തിൽ ഒരു തവണ പോലും പാഡിൽ ഉയർത്താതെ യസ്തിക ഭാട്ടിയക്കായി 1.5 കോടി രൂപ മുടക്കിയ മുംബൈ ഇന്ത്യൻസ് പ്ലാനുകളൊന്നുമില്ലാതെ എത്തിയതുപോലെ തോന്നി. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപീത് കൗർ (1.8 കോടി രൂപ), ഇംഗ്ലണ്ടിൻ്റെ സൂപ്പർ സ്റ്റാർ ഓൾറൗണ്ടർ നതാലി സിവർ (3.2 കോടി രൂപ), 22 വയസിൽ തന്നെ ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ന്യൂസീലൻഡ് താരം അമേലിയ കെർ (1 കോടി രൂപ), ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ഓൾറൗണ്ടർ ക്ലോയി ട്രയോൺ (30 ലക്ഷം രൂപ), വിൻഡീസ് സൂപ്പർ ഓൾറൗണ്ടർ ഹെയ്ലി മാത്യുസ് (40 ലക്ഷം) ഇംഗ്ലണ്ട് യുവ പേസർ ഇസ്സി വോങ്ങ് (30), ഇന്ത്യൻ ഓൾറൗണ്ടർ പൂജ വസ്ട്രാക്കർ (1.9 കോടി രൂപ) ലക്ഷം എന്നീ ശ്രദ്ധേയ താരങ്ങളെ മുംബൈ ടീമിലെത്തിച്ചു. എന്നാൽ, യസ്തികയ്ക്ക് മുടക്കിയ ഒന്നരക്കോടി രൂപയും പൂജയ്ക്ക് മുടക്കിയ 1.9 കോടി രൂപയും മുംബൈയുടെ ലേല പ്ലാനുകളെ സാരമായി ബാധിച്ചു. അവസാന റൗണ്ടുകളിൽ ആളെ തികയ്ക്കാൻ ബുദ്ധിമുട്ടിയ മുംബൈ അൺകാപ്പ്ഡ് താരങ്ങളിൽ വളരെ നിരാശപ്പെടുത്തി.

Story Highlights: wpl auction strategy womens premier league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here