Advertisement

പാവപ്പെട്ടവര്‍ക്ക് വീടുവെച്ച് നല്‍കാനുള്ള ലൈഫ് പദ്ധതി എങ്ങനെ ലൈഫ് മിഷന്‍ വിവാദത്തിലേക്കെത്തി?

February 16, 2023
Google News 2 minutes Read
how life mission scheme became controversy

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റാണ് ലൈഫ് മിഷന്‍ കേസിലെ ഒടുവിലത്തെ വാര്‍ത്ത. കേസില്‍ ഏഴാം പ്രതിയായി ശിവശങ്കറിനെ പ്രതിചേര്‍ക്കുമ്പോള്‍, എന്താണ് ലൈഫ് മിഷന്‍ കേസ്? പാവപ്പെട്ടവര്‍ക്ക് വീടുവെച്ച് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതി എങ്ങനെ ഇന്ന് കേള്‍ക്കുന്ന ലൈഫ് മിഷന്‍ വിവാദത്തിലേക്കും കേസിലേക്കുമെത്തി? (how life mission scheme became controversy )

മറന്നോ ലൈഫ് മിഷനെ?

2018ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട പാവപ്പെട്ടവര്‍ക്ക് വീട് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായിരുന്നു ലൈഫ് മിഷന്‍. മുഖ്യമന്ത്രിയാണ് പദ്ധതിയുടെ അധ്യക്ഷ സ്ഥാനത്തുള്ളത്. ഭൂമിയുള്ള ഭവന രഹിതര്‍, ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍, പുറമ്പോക്കിലോ, തീരദേശ മേഖലയിലോ തോട്ടം മേഖലയിലോ താത്കാലിക ഭവനം ഉള്ളവര്‍, എന്നിവരെ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. കേരളത്തിന്റെ സാമൂഹിക സ്ഥിതിയില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ കഴിയുമായിരുന്ന ലൈഫ് മിഷന്‍ പദ്ധതിയാണ് ഇന്ന് ലൈഫ് മിഷന്‍ കേസ് എന്ന ലേബലിലേക്കെത്തിയത്.

ലൈഫ് മിഷന്‍ എങ്ങനെ ലൈഫ് മിഷന്‍ കേസായി?

97 അപ്പാര്‍ട്ട്‌മെന്റുകളും ആരോഗ്യ കേന്ദ്രവും അടക്കമായിരുന്നു തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലെ ചരല്‍പ്പറമ്പിലെ ഫ്‌ളാറ്റ് നിര്‍മാണം.
യുഎഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രസന്റ് അനുവദിച്ച 18.50 കോടി രൂപയില്‍ 14.50 കോടി ചെലവാക്കിയാണ് വടക്കാഞ്ചേരിയില്‍ 140 ഫ്ളാറ്റുകള്‍ നിര്‍മിക്കാന്‍ 2019 ജൂലൈ 11ന് കരാര്‍ ഒപ്പുവച്ചത്. പദ്ധതിയുടെ പേരില്‍ 4.48 കോടി സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നയടക്കമുള്ളവര്‍ക്കു കൈക്കൂലി നല്‍കിയെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് വിവാദമായത്. പദ്ധതിയില്‍ വിദേശ സംഭാവന ചട്ടങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് പിന്നാലെ ലൈഫ് മിഷന്‍ കേസും വന്നു.

വടക്കാഞ്ചേരിയില്‍ ലൈഫിന്റെ ഫ്‌ളാറ്റ് നിര്‍മിക്കാനുള്ള പദ്ധതി കേസുകളും ആരോപണങ്ങളും വന്നതോടെ പ്രതിസന്ധിയിലായി. 2020 ജൂണില്‍ ശിവശങ്കറിനെ പ്രതിചേര്‍ത്ത തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നതിന് പിന്നാലെയാണ് ഈ കേസ് ഉയര്‍ന്നത്. യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സ്വപ്ന സുരേഷിനും പി എസ് സരിത്തിനും ലൈഫ് മിഷന്‍ ഫണ്ട് ദുര്‍വിനിയോഗത്തില്‍ പങ്കുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹര്‍ജികള്‍ തള്ളുകയായിരുന്നു. ലൈഫ് മിഷന്‍ ഇടപാടില്‍ എം ശിവശങ്കറിന് കോഴയായി രണ്ട് കോടിയോളം രൂപ നല്‍കിയിട്ടുണ്ടെന്ന് യുണിടാക് എംഡിയായ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കുകയായിരുന്നു. ഇ.ഡിയുടെ ചോദ്യം ചെയ്യലില്‍ ഇയാള്‍ നേരത്തേയും ഇതേ മൊഴി തന്നെ ആവര്‍ത്തിച്ചിരുന്നു. തന്റെ ലോക്കറില്‍ നിന്ന് മുന്‍പ് എന്‍ഐഎ കണ്ടെടുത്ത പണവും സ്വര്‍ണവും എം ശിവശങ്കറിന് കോഴ ലഭിച്ചതാണെന്ന് സ്വപ്നയും ഇഡിക്ക് മുന്‍പാകെ വെളിപ്പെടുത്തി.

കേസുകള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ 140ഓളം ഫ്‌ളാറ്റുകളാണ് ഇപ്പോള്‍ നിര്‍മാണം നിലച്ച് കിടക്കുന്നത്. പദ്ധതിക്ക് വേണ്ടി ഇതിനോടകം ചെലവഴിച്ച തുകയും പാഴായി. പ്രളയ ബാധിതരായവരുടെ പുനരധിവാസത്തിന്റെ ഭാഗമായി യുഎഇ റെഡ് ക്രസന്റ് സൊസൈറ്റി അനുവദിച്ച ഫണ്ട് ലൈഫ് മിഷനിലേക്ക് വകമാറ്റിയെന്നും ആരോപണമുയര്‍ന്നു. 2020ഓടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച പദ്ധതി 2023 ആയിട്ടും വിവാദങ്ങളല്ലാതെ എവിടെയുമെത്തിയില്ല.

Read Also: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസും എം. ശിവശങ്കറിന്റെ അറസ്റ്റും

നിലവില്‍ ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കര്‍ ഏഴാം പ്രതിയാണ്. യൂണിടാക് എംഡി സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. സന്തോഷ് ഈപ്പന്‍, സെയിന്‍ വെഞ്ചേഴ്സ് എന്ന സ്ഥാപനം, പി എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, യദൃ കൃഷ്ണന്‍, എം ശിവശങ്കര്‍, യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഖാലിദ് ഷൗക്രി എന്നിവരാണ് കേസിലെ എട്ടുവരെയുള്ള പ്രതികള്‍. ഒന്‍പതാം പ്രതിസ്ഥാനത്ത് മറ്റുള്ളവര്‍ എന്നും ഇഡി ചേര്‍ത്തിട്ടുണ്ട്.

Story Highlights: how life mission scheme became controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here