Advertisement

ഉത്പാദനമാരംഭിച്ച് മൂന്ന് മാസത്തിനുള്ളില്‍ നേട്ടം,കേരള പേപ്പറില്‍ പ്രിന്റ് ചെയ്തത് 12 പത്രങ്ങള്‍; പി രാജീവ്

February 16, 2023
Google News 3 minutes Read

കേരള പേപ്പര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനത്തില്‍ വന്‍ പുരോഗതിയെന്ന് വ്യവസായമന്ത്രി പി രാജീവ്. ഉല്‍പാദനമാരംഭിച്ച് കേവലം 3 മാസത്തിനുള്ളില്‍ കേരളത്തിലെയും ദക്ഷിണേന്ത്യയിലേയും 12 പത്രങ്ങള്‍ പ്രിന്റ് ചെയ്യാനുള്ള പേപ്പര്‍ വിതരണം ചെയ്യാന്‍ കമ്പനിക്ക് സാധിച്ചുവെന്ന് വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.(p rajeev says 12 news papers printed on kppl paper)

ഉത്പാദനമാരംഭിച്ച് കേവലം മൂന്ന് മാസത്തിനുള്ളിലാണ് ഈ നേട്ടം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഏറ്റെടുത്ത് റെക്കോര്‍ഡ് വേഗതയിലാണ് കേരളത്തിന്റെ സ്വന്തം പേപ്പര്‍ കമ്പനിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയതെന്നും മന്ത്രി പറഞ്ഞു.ദി ഹിന്ദു, മംഗളം, ദേശാഭിമാനി, ചന്ദ്രിക, സിറാജ്, സുപ്രഭാതം, രാഷ്ട്രദീപിക, കേരളകൗമുദി, ജന്മഭൂമി എന്നീ മലയാളം പത്രങ്ങളും കന്നഡ പത്രമായ ജയകിരണ, തെലുഗു പത്രങ്ങളായ നവതെലങ്കാന, പ്രജാശക്തി എന്നീ പത്രങ്ങളാണ് കെപിപിഎല്ലില്‍ ഉല്‍പാദിപ്പിച്ച പേപ്പറില്‍ അച്ചടിച്ചത്.

Read Also: കൃത്രിമം നടന്നെന്ന് ആരോപണം; പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ഹൈക്കോടതി കസ്റ്റഡിയിലുള്ള വോട്ട് പെട്ടികൾ ഇന്ന് പരിശോധിക്കും

പ്രതിവര്‍ഷം അഞ്ച് ലക്ഷം മെട്രിക് ടണ്‍ ഉല്‍പാദന ശേഷിയുള്ള 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎല്ലിനെ വികസിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണവിവരം:

കേരള പേപ്പര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനമാരംഭിക്കുന്നത് 2022 നവംബര്‍ 1നാണ്. ഉല്‍പാദനമാരംഭിച്ച് കേവലം 3 മാസത്തിനുള്ളില്‍ കേരളത്തിലെയും ദക്ഷിണേന്ത്യയിലേയും 12 പത്രങ്ങള്‍ പ്രിന്റ് ചെയ്യാനുള്ള പേപ്പര്‍ വിതരണം ചെയ്യാന്‍ കമ്പനിക്ക് സാധിച്ചു. ദി ഹിന്ദുവിനും മംഗളം, ദേശാഭിമാനി, ചന്ദ്രിക, സിറാജ്, സുപ്രഭാതം, രാഷ്ട്രദീപിക, കേരളകൗമുദി, ജന്മഭൂമി എന്നീ മലയാളം പത്രങ്ങള്‍ക്കും കന്നഡ പത്രമായ ജയകിരണ, തെലുഗു പത്രങ്ങളായ നവതെലങ്കാന, പ്രജാശക്തി എന്നീ പത്രങ്ങളാണ് കെപിപിഎലില്‍ ഉല്‍പാദിപ്പിച്ച പേപ്പറില്‍ അച്ചടിച്ചത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഏറ്റെടുത്ത് റെക്കോഡ് വേഗതയിലാണ് കേരളത്തിന്റെ സ്വന്തം പേപ്പര്‍ കമ്പനിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയത്. 2022 ജനുവരി 1ന് പുനരുദ്ധാരണപ്രക്രിയ ആരംഭിച്ച് അഞ്ച് മാസം കൊണ്ട് ആദ്യഘട്ടം പൂര്‍ത്തിയാക്കാനും 2022 മെയ് 19ന് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാനും നമുക്ക് സാധിച്ചു. കേന്ദ്രസര്‍ക്കാരിന് കീഴില്‍ മൂന്ന് വര്‍ഷത്തിലധികം കാലം പൂട്ടിക്കിടന്നതിന് ശേഷമുള്ള ഈ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. 5 മാസം കൊണ്ട് രണ്ടാംഘട്ടവും പൂര്‍ത്തിയാക്കിയാണ് വാണിജ്യാണിസ്ഥാനത്തിലുള്ള ഉല്‍പാദനപ്രക്രിയയിലേക്ക് കെപിപിഎല്‍ കടന്നത്.സംസ്ഥാനം നല്‍കിയ വലിയ പിന്തുണയുടെ പിന്‍ബലത്തിലാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് വെള്ളൂരില്‍ പ്രവര്‍ത്തനം തുടങ്ങിയത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എച്ച്.പി.സിയുമായി സംസ്ഥാനം 1972 ല്‍ കരാര്‍ ഒപ്പിടുകയും 1979ല്‍ 700 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കമ്പനിക്ക് കൈമാറുകയും ചെയ്തു. തടി ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍ എല്ലാം ഒരുക്കി കേരളം നട്ടുനനച്ച് വളര്‍ത്തിയതാണ് എച്ച്.എന്‍.എല്‍. എന്നാല്‍ എച്ച്.എന്‍.എല്‍ വില്‍ക്കാന്‍ തീരുമാനിച്ച സന്ദര്‍ഭത്തിലും, കേരളത്തിന് സ്ഥാപനം കൈമാറണമെന്ന സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന പരിഗണിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ മുമ്പാകെ ലേല പ്രക്രിയയില്‍ പങ്കെടുത്താണ് സംസ്ഥാനം വെള്ളൂര്‍ പേപ്പര്‍ കമ്പനി ഏറ്റെടുത്തത്. ട്രിബ്യൂണല്‍ അവാര്‍ഡ് പ്രകാരമുള്ള എല്ലാ ബാധ്യതകളും പൂര്‍ണ്ണമായും അടച്ചു തീര്‍ത്തു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കിന്‍ഫ്ര സമര്‍പ്പിച്ച റെസല്യൂഷന്‍ പ്‌ളാന്‍ അംഗീകരിച്ച് സ്ഥാപനം കേരളത്തിന് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്റേയും കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റേയും ഇച്ഛാശക്തിയാണ് ലേലത്തില്‍ പങ്കെടുത്ത് പോലും പൊതുമേഖലയില്‍ നില നിര്‍ത്തി ഈ സ്ഥാപനം പ്രവര്‍ത്തിപ്പിക്കണമെന്ന തീരുമാനത്തില്‍ പ്രതിഫലിച്ചത്.പ്രതിവര്‍ഷം അഞ്ച് ലക്ഷം മെട്രിക് ടണ്‍ ഉല്‍പാദന ശേഷിയുള്ള 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെ പി പി എല്ലിനെ വികസിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നാലുഘട്ടങ്ങളിലായി വിഭാവനം ചെയ്തിട്ടുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍ എത്തുമ്പോള്‍ പേപ്പര്‍ വ്യവസായത്തിലെ മറ്റേതൊരു സ്ഥാപനത്തോടും കിടപിടിക്കുന്ന വിധത്തില്‍ ലാഭകരമായ സ്ഥാപനമാക്കി കെ.പി.പി.എല്ലിനെ മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അടച്ചു പൂട്ടലിന്റെ വക്കിലെത്തി, ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്ന് തോന്നിപ്പിച്ച സ്ഥാപനമാണ് വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി എന്ന് ആലോചിക്കുമ്പോഴാണ് മാറ്റത്തിന്റെ വ്യാപ്തിയും ആഴവും ബോധ്യപ്പെടുക. അസ്തമിച്ചെന്ന് കരുതിയ ഒരു വ്യവസായ സ്ഥാപനം വലിയ സ്വപ്നങ്ങളോടെ കുതിച്ചുയരുന്നത് ഇന്ത്യയുടെ തന്നെ വ്യവസായ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാകും.

Story Highlights: p rajeev says 12 news papers printed on kppl paper

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here