പൃഥ്വി ഷാ സഞ്ചരിച്ച കാറിന് നേരെ ആക്രമണം

ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ സഞ്ചരിച്ച കാറിന് നേരെ ആക്രമണം. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന് പുറത്ത് സുഹൃത്തിന്റെ കാറിൽ സഞ്ചരിക്കവെയാണ് സംഭവം. ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കാൻ വിസമ്മതിച്ചതാണ് പ്രകോപന കാരണം. സംഭവത്തിൽ എട്ട് പേർക്കെതിരെ ഒഷിവാര പൊലീസ് കേസെടുത്തു.
സാന്താക്രൂസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ അത്താഴം കഴിക്കാൻ പോയ പൃഥ്വി ഷായെ അജ്ഞാതർ സമീപിച്ച് സെൽഫി ആവശ്യപ്പെടുകയായിരുന്നു. ഷാ രണ്ട് പേർക്കൊപ്പം സെൽഫിയെടുത്തു, എന്നാൽ അതേ സംഘം മടങ്ങിയെത്തിയ മറ്റ് പ്രതികൾക്കൊപ്പം സെൽഫിയെടുക്കാൻ ആവശ്യപ്പെട്ടു. സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാൻ വന്നതാണെന്നും ശല്യപ്പെടുത്തരുതെന്നും പറഞ്ഞ് ഷാ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
കൂടുതൽ നിർബന്ധിച്ചപ്പോൾ പൃഥ്വിയുടെ സുഹൃത്ത് ഹോട്ടൽ മാനേജരെ വിളിച്ച് പരാതി അറയിച്ചു. പിന്നാലെ പ്രതിയോട് ഹോട്ടൽ വിടാൻ മാനേജർ ആവശ്യപ്പെട്ടു. അത്താഴം കഴിച്ച് ഷായും സുഹൃത്തും ഹോട്ടലിന് പുറത്ത് വരുമ്പോൾ ചിലർ ബേസ്ബോൾ ബാറ്റുകളുമായി ആക്രമണം നടത്തുകയായിരുന്നുവെന്ന് സുഹൃത്ത് ആശിഷ് സുരേന്ദ്ര യാദവ് നൽകിയ പരാതിയിൽ പറയുന്നു.
പൃഥ്വി കാറിലുണ്ടായിരുന്ന സമയത്ത് പ്രതി കാറിന്റെ ചില്ല് തകർത്തു. പ്രതികൾ കാറിനെ പിന്തുടരുകയും, ജോഗേശ്വരിയിലെ ലോട്ടസ് പെട്രോൾ പമ്പിന് സമീപം കാർ തടയുകയും ചെയ്തു. ഒരു സ്ത്രീ പ്രശ്നം പരിഹരിക്കണമെങ്കിൽ 50,000 രൂപ നൽകണമെന്നും അല്ലാത്തപക്ഷം താൻ കള്ളക്കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ ഉന്നയിക്കുന്നു.
Story Highlights: Prithvi Shaw Attacked For Denying Selfie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here